വിമാനത്താവള വിരുദ്ധ സമരത്തെ പിന്തുണച്ച് നടൻ വിജയ്
text_fieldsപരന്തൂരിൽ ഗ്രീൻഫീൽഡ് വിമാനത്താവളം സ്ഥാപിക്കാനുള്ള നിർദേശത്തെ എതിർക്കുന്ന ഏകനാപുരം ഗ്രാമവാസികളെ കണ്ട തമിഴക വെട്രി കഴകം തലവനും നടനുമായ വിജയ് കൈ വീശുന്നു
ചെന്നൈ: കാഞ്ചിപുരം ജില്ലയിലെ പരന്തൂരിൽ രണ്ടാം വിമാനത്താവളം നിർമിക്കാനുള്ള നീക്കത്തിനെതിരെ നടക്കുന്ന പ്രതിഷേധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടനും തമിഴക വെട്രി കഴകം പ്രസിഡന്റുമായ വിജയ്. തിങ്കളാഴ്ച മേഖലയിലെ ഗ്രാമവാസികളുമായി വിജയ് കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയകക്ഷി രൂപവത്കരിച്ചതിനുശേഷം ഇതാദ്യമായാണ് വിജയ് പരസ്യമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രശ്നങ്ങൾ ചോദിച്ചറിയുന്നത്.
പരന്തൂർ ഹരിത വിമാനത്താവള നിർമാണ നീക്കത്തിനെതിരെ 910 ദിവസമായി ഗ്രാമവാസികളും കർക്ഷകരും പ്രക്ഷോഭത്തിലാണ്. ഇവരുമായി കൂടിക്കാഴ്ച നടത്തുന്നതിന് സുരക്ഷാകാരണങ്ങളാൽ കടുത്ത നിബന്ധനകളോടെയാണ് പൊലീസ് അനുമതി നൽകിയത്. തുടർന്നാണ് ബൊഡവൂർ വീനസ് കല്യാണ മണ്ഡപത്തിൽ പരന്തൂർ, ഏകനാപുരം ഉൾപ്പെടെ 13 ഗ്രാമങ്ങളിലെ ജനങ്ങളെ കാണാൻ വിജയ് എത്തിയത്. മണ്ഡപത്തിനുപുറത്ത് കാരവനിൽനിന്നാണ് വിജയ് പ്രസംഗിച്ചത്. വിജയിയെ കാണാൻ വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്.
പരന്തൂരിൽനിന്നാണ് തന്റെ രാഷ്ട്രീയയാത്ര തുടങ്ങുന്നതെന്നും കുറഞ്ഞ അളവിൽ കൃഷിഭൂമി ബാധിക്കുന്ന മറ്റേതെങ്കിലും സ്ഥലത്ത് വിമാനത്താവളം നിർമിക്കണമെന്നും വിജയ് ആവശ്യപ്പെട്ടു.