പി.എം ശ്രീ; എങ്ങുമെത്താതെ ഡൽഹിയിൽ സി.പി.ഐ-സി.പി.എം ചർച്ച
text_fieldsന്യൂഡൽഹി: അജോയ് ഭവനിൽ സി.പി.ഐ ദേശീയ നിർവാഹക സമിതി ‘പി.എം ശ്രീ’ ചർച്ച ചെയ്യുന്നതിനിടയിലാണ് ഉച്ചക്കുള്ള ഇടവേള നോക്കി പാർട്ടിയുടെ വികാരം അറിയിക്കാൻ സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം രാമകൃഷ്ണ പാണ്ഡെക്കൊപ്പം ഡി. രാജ സി.പി.എം കേന്ദ്ര ആസ്ഥാനത്ത് എത്തിയത്. ഉച്ചക്ക് 12.45ന് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്ന എം.എ. ബേബി രണ്ട് മണിയായിട്ടും ഉച്ചഭക്ഷണം കഴിക്കാൻ പോലും പുറത്തുവരാതെ അകത്തിരിക്കുന്ന നേരത്തായിരുന്നു രാജയുടെ വരവ്.
എ.കെ.ജി ഭവനിൽ ബേബിയെ കാണും മുമ്പ്, കൂടിക്കാഴ്ചയോടെ ‘പി.എം ശ്രീ’ തർക്കം തീരുമെന്ന ആത്മ വിശ്വാസമുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, വർഗീയതയെ പരാജയപ്പെടുത്തുമെന്ന കാര്യത്തിൽ ആത്മ വിശ്വാസമുണ്ടെന്നായിരുന്നു രാജയുടെ മറുപടി. കൂടിക്കാഴ്ചക്കുശേഷം മാധ്യമങ്ങളെ അഭിമുഖീകരിച്ചപ്പോഴും ഡി.രാജ സി.പി.ഐയുടെ നിലപാടിലുറച്ചുനിന്നു.
പ്രതികരണത്തിലും ഭിന്നത
വിദ്യാഭ്യാസ മേഖലയിൽ വർഗീയവത്കരണവും സ്വകാര്യ-കോർപറേറ്റ് വത്കരണവും ലക്ഷ്യമിടുന്ന ‘പി.എം ശ്രീ’യെ സി.പി.ഐ പൂർണമായും എതിർക്കുകയാണെന്ന് വ്യക്തമാക്കിയ രാജ പദ്ധതിയിൽനിന്ന് കേരളം പിന്മാറുകയോ നടപ്പാക്കാതിരിക്കാൻ മറ്റു വഴികൾ കണ്ടെത്തുകയോ ചെയ്യണമെന്ന് സി.പി.എം ജനറൽ സെക്രട്ടറിയോട് ആവശ്യപ്പെട്ടതായി പറഞ്ഞു. എന്നാൽ, ഒപ്പിട്ടുവെന്ന് കരുതി ‘പി.എം ശ്രീ’ നടപ്പാക്കണമെന്ന് നിർബന്ധമില്ലെന്നും ‘പി.എം ഉഷ’ പദ്ധതിയിലും എല്ലാ കേന്ദ്ര പദ്ധതികളും നടപ്പാക്കിയില്ലെന്നും ആദ്യം പറഞ്ഞ എം.എ. ബേബി സർക്കാർ നിർദേശിച്ച പല പദ്ധതികളും ഇതിനകം കേരളം നടപ്പാക്കിയതാണെന്ന് ഇതിന് വിരുദ്ധമായി കൂട്ടിച്ചേർക്കുകയും ചെയ്തു.
വിഷയം ചർച്ച ചെയ്ത് പരിഹരിക്കണമെന്ന് സംസ്ഥാനഘടകങ്ങളോട് ആവശ്യപ്പെട്ടതായി വ്യക്തമാക്കിയ ഇരു നേതാക്കളുംപരിഹാരത്തിൽ ഭിന്നാഭിപ്രായം രേഖപ്പെടുത്തി. ‘പി.എം ശ്രീ’യെ പൂർണമായും എതിർക്കുന്ന ഇടത് നിലപാടിന്റെ അടിസ്ഥാനത്തിലാകണം ചർച്ചയെന്ന് രാജ പറയുമ്പോൾ കേരളത്തിന് ഫണ്ട് കിട്ടാത്ത കാര്യം മാധ്യമങ്ങൾ ചർച്ചയാക്കുന്നില്ലെന്നും അക്കാര്യം കൂടി ചർച്ച ചെയ്യണമെന്നും ബേബി അഭിപ്രായപ്പെട്ടു.


