സി.പി.എമ്മിന്റെ അംഗബലം മലയാളികൾ
text_fieldsസി.പി.എം പാർട്ടി കോൺഗ്രസ് നടക്കുന്ന തമുക്കം മൈതാനത്തെ സീതാറാം യെച്ചൂരി സമ്മേളന നഗരിയിലെത്തിയ നടൻ പ്രകാശ് രാജ്, സംവിധായകരായ മാരി സെൽവരാജ്, ടി.ജെ. ജ്ഞാനവേൽ എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം
മധുര: രാജ്യത്തെ സി.പി.എം പാർട്ടി അംഗങ്ങളിൽ പകുതിയിലേറെ പേരും മലയാളികൾ. 24ാം പാർട്ടി കോൺഗ്രസിൽ പി.ബി അംഗം ബി.വി. രാഗവലു അവതരിപ്പിച്ച കരട് സംഘടന റിപ്പോർട്ടിലാണ് പാർട്ടി അംഗങ്ങളിൽ പകുതിയിലധികം പേരും കേരളത്തിൽ നിന്നുള്ളവരാണെന്ന് വ്യക്തമാക്കുന്നത്.
രാജ്യത്താകെ പാർട്ടിക്ക് 10,19,009 അംഗങ്ങളാണുള്ളത്. ഇതിൽ 5,64,895 പേരാണ് കേരളത്തിൽ നിന്നുള്ളവർ.കണ്ണൂർ പാർട്ടി കോൺഗ്രസ് വേളയിൽ കേരളത്തിൽ 5, 27,174 അംഗങ്ങളാണ് ഉണ്ടായിരുന്നത്. 2022 ഇത് 5,74,261 ആയി ഉയർന്നെങ്കിലും 2023ൽ 5,67,123 ആയി കുറഞ്ഞു. മധുര പാർട്ടി കോൺഗ്രസിൽ ഇത് 5,64,895 ആയും കുറഞ്ഞു.
കേരളം കഴിഞ്ഞാൽ പശ്ചിമ ബംഗാളിലാണ് പാർട്ടിക്ക് ഏറ്റവും കൂടുതൽ അംഗങ്ങളുള്ളത്. ഇവിടെ 1,58,143 പേരാണ് പാർട്ടി അംഗങ്ങൾ. കഴിഞ്ഞ പാർട്ടി കോൺഗ്രസ് വേളയിൽ ബംഗാളിൽ 1,60,827 അംഗങ്ങൾ ഉണ്ടായിരുന്നു. തമിഴ്നാടാണ് മൂന്നാം സ്ഥാനത്ത്. ബംഗാളിന് സമാനമായ കുറവ് തമിഴ്നാട്ടിലുമുണ്ട്.
ഇവിടെ നിലവിൽ 93,823 പേരാണ് പാർട്ടി അംഗങ്ങൾ. ത്രിപുരയാണ് നാലാം സ്ഥാനത്ത്. മൂന്നുവർഷം മുമ്പ് 50,612 അംഗങ്ങളുണ്ടായിരുന്ന ത്രിപുരയിൽ ഇപ്പോൾ 39,626 പേരാണ് പാർട്ടി അംഗങ്ങൾ. തെലങ്കാന (38,143), ആന്ധ്ര (23,026), ബിഹാർ (20,221), മഹാരാഷ്ട്ര (14,406), അസം (10,973) എന്നിവയാണ് പിന്നിലുള്ള മറ്റ് സംസ്ഥാനങ്ങൾ. മൂന്നുവർഷം മുമ്പത്തെ കണക്ക് നോക്കിയാൽ കേരളത്തിൽ 37,721 പേർ അംഗത്വ പട്ടികയിൽ വർധിച്ചു. തെലങ്കാന, ബിഹാർ, ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളിലും നേരിയ വർധനയുണ്ട്. അതേസമയം പാർട്ടി പതിറ്റാണ്ടുകളോളം ഭരിച്ച ബംഗാളിലും ത്രിപുരയിലും മെംബർഷിപ് വലിയ തോതിൽ കുറഞ്ഞു.
കഴിഞ്ഞ കണ്ണൂർ പാർട്ടി കോൺഗ്രസുമായി താരതമ്യപ്പെടുത്തുമ്പോൾ രാജ്യത്തെ ആകെ അംഗങ്ങളുടെ എണ്ണത്തിൽ 33,000 പേരുടെ വർധനയുണ്ടെങ്കിലും 2022ലെയും 2023ലെയും മെംബർഷിപ് സ്ക്രൂട്ടിനി നോക്കുമ്പോൾ അംഗങ്ങളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ട്. 2022ൽ 10,30,282 പേരുണ്ടായിരുന്നത് 2023ൽ 10,21,057 പേരായി കുറഞ്ഞു. മധുര പാർട്ടി കോൺഗ്രസിൽ എത്തുമ്പോൾ ഇത് വീണ്ടും കുറഞ്ഞാണ് 10,19,009 പേരായത്.
കണ്ണൂർ പാർട്ടി കോൺഗ്രസ് വേളയിൽ സി.പി.എമ്മിന്റെ ആകെ അംഗബലം 9,85,757 പേരായിരുന്നു. കഴിഞ്ഞ സമ്മേളനവുമായി താരതമ്യം ചെയ്യുമ്പോൾ പാർട്ടിയിലെ വനിത അംഗങ്ങൾ 18.2ൽ നിന്ന് 20.2 ശതമാനമായും, യുവാക്കൾ 19.5ൽ നിന്ന് 22.6 ശതമാനമായും ഉയർന്നു.
പാർട്ടിയിലെ ആകെ അംഗങ്ങളിൽ 48.25 ശതമാനം പേർ തൊഴിലാളി വർഗവും 17.79 ശതമാനം പേർ കർഷക തൊഴിലാളികളും 9.93 ശതമാനം പേർ ചെറുകിട കർഷകരുമാണ്. 75.97 ശതമാനം പേരാണ് അടിസ്ഥാന വർഗം. പാർട്ടി മെംബർഷിപ്പിൽ വർധനയുണ്ടായെന്നും കഴിഞ്ഞ വർഷത്തെ കണക്കു നോക്കുമ്പോൾ കുറവുണ്ടായത് അംഗത്വത്തിൽ ശക്തമായ ശുദ്ധീകരണ പ്രക്രിയ നടപ്പാക്കിയതിനാലാണെന്നും പി.ബി അംഗം ബി.വി. രാഘവലു പറഞ്ഞു.