Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെരഞ്ഞെടുപ്പ്...

തെരഞ്ഞെടുപ്പ് ഫലത്തിന്റെ സവിശേഷത ഹിന്ദുത്വ വർഗീയതയുടെ ഏകീകരണം

text_fields
bookmark_border
തെരഞ്ഞെടുപ്പ് ഫലത്തിന്റെ സവിശേഷത ഹിന്ദുത്വ വർഗീയതയുടെ ഏകീകരണം
cancel

ന്യൂഡൽഹി: സമൂഹത്തിൽ ഹിന്ദുത്വ വർഗീയശക്തികളുടെ ഏകീകരണമാണ് അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ സവിശേഷതയെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി. ബി.ജെ.പി ബംഗാൾ കൂടി പിടിച്ചതും അസമിൽ വീണ്ടും അധികാരത്തിലേറിയതും രാജ്യത്തെ എല്ലാ മതേതര പുരോഗമന ജനാധിപത്യ ശക്തികളെയും ആശങ്കപ്പെടുത്തുന്നതാണെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി വിലയിരുത്തി.

രാജ്യത്തെ 20 സംസ്ഥാനങ്ങളും ഏഴ് കേന്ദ്ര ഭരണ പ്രദേശങ്ങളും നേരിട്ടും സഖ്യകക്ഷികളുടെ സഹായത്താലും ബി.ജെ.പിയുടെ നിയന്ത്രണത്തിലായത് ഗൗരവമേറിയ വിഷയമാണ്. കേരളവും തമിഴ്നാടും വലിയൊരളവിൽ പ്രതിരോധിച്ച് ബി.ജെ.പിയുടെ സീറ്റുകൾ പരിമിതപ്പെടുത്തിയെങ്കിലും വോട്ടർമാർക്കിടയിൽ വൻസ്വാധീനമുണ്ടാക്കിയിട്ടുണ്ട്. കേരളത്തിൽ മൂന്ന് സീറ്റ് നേടിയ ബി.ജെ.പി തമിഴ്നാട്ടിൽ നാലിൽ നിന്ന് ഒന്നിലേക്ക് വന്നു.

കേരളത്തിലെ സി.പി.എം -ബി.ജെ.പി ഡീൽ: ആരോപണത്തെ അപലപിച്ച് കേന്ദ്രകമ്മിറ്റി

കേരളത്തിൽ സി.പി.എമ്മിന് ബി.ജെ.പിയുമായി ഡീൽ ഉണ്ടായിരുന്നുവെന്ന മുതിർന്ന കോൺഗ്രസ് നേതാക്കളുടെ ആരോപണങ്ങളെ സി.പി.എം കേന്ദ്ര കമ്മിറ്റി അപലപിച്ചു. വർഗീയതക്കെതിരായ പോരാട്ടത്തിനായി സമർപ്പിച്ച ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായ സി.പി.എമ്മിന് നേരെയായിരുന്നു ദുരുദ്ദേശ്യത്തോടെയുള്ള ഈ പ്രസ്താവനകളെന്ന് കേന്ദ്ര കമ്മിറ്റി ചൂണ്ടിക്കാട്ടി.

അതേസമയം, കേരളത്തിൽ സി.പി.എമ്മിനെ തോൽപിക്കാനും സി.പി.എമ്മിന്റെ ഭൂരിപക്ഷം കുറക്കാനും ബി.ജെ.പി തന്ത്രപരമായ വോട്ടുമാറ്റം നടത്തിയിട്ടുണെന്നും ബേബി ആരോപിച്ചു. മറ്റു പ്രതിപക്ഷ പാർട്ടികളോടുള്ള കോൺഗ്രസ് സമീപനം ആർ.എസ്.എസിനും ബി.ജെ.പിക്കുമെതിരെ യോജിച്ചുള്ള പോരാട്ടത്തിൽ മതേതര ശക്തികളുടെ ഐക്യമുണ്ടാക്കുന്നതിന് സഹായകരമല്ലെന്ന് കേന്ദ്ര കമ്മിറ്റി കുറ്റപ്പെടുത്തി.

ബി.ജെ.പിയെ ജയിപ്പിക്കാൻ എസ്.ഐ.ആറും മണ്ഡല പുനർനിർണയവും

തെരഞ്ഞെടുപ്പ് നടന്ന എല്ലാ സംസ്ഥാനങ്ങളിലും എസ്.ഐ.ആറിലൂടെ ലക്ഷക്കണക്കിന് വോട്ടുകൾ വെട്ടിമാറ്റി. ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ വിജയത്തിനായി വോട്ടർപട്ടികയിൽ കൃത്രിമം കാണിച്ച സംഭവം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇതിനു മുമ്പുണ്ടായിട്ടില്ല. എസ്.ഐ.ആറിലൂടെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളാവില്ലെന്ന് ബംഗാളിലെയും ബിഹാറിലെയും ബി.ജെ.പി സർക്കാറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. മണ്ഡല പുനർനിർണയം വഴി അസമിൽ സി.പി.എം ജയിച്ചുവന്നിരുന്ന ഒരു മണ്ഡലം തന്നെ ഇല്ലാതാക്കി.

ബംഗാൾ നിയമസഭയിൽ സി.പി.എമ്മിന്റെ പുനഃപ്രവേശം

പശ്ചിമ ബംഗാൾ നിയമസഭയിലേക്കുള്ള സി.പി.എമ്മിന്റെ പുനഃപ്രവേശവും പുതുച്ചേരിയിലെ മാഹിയിൽ പാർട്ടി അംഗം സ്വതന്ത്രനായി ജയിച്ചതും പോസിറ്റിവായ സംഭവവികാസമാണ്. രണ്ടിടങ്ങളിലും സി.പി.എമ്മിനും സഖ്യകക്ഷികൾക്കും വോട്ടുചെയ്തവർക്ക് കേന്ദ്ര കമ്മിറ്റി നന്ദി പറഞ്ഞു. പശ്ചിമ ബംഗാളിൽ സി.പി.എം നടത്തിയ പരിശ്രമത്തിന്റെ ഭാഗിക വിജയം മാത്രമാണിത്.

സി.പി.എമ്മിന്റെ ശബ്ദം ബംഗാൾ നിയമസഭയിൽ ഉയർന്നുകേൾക്കും. എല്ലാതരം ഏകാധിപത്യ, ഹിന്ദുത്വ, കോർപറേറ്റ് കടന്നാക്രമണങ്ങളെയും പ്രതിരോധിക്കാൻ സി.പി.എം മുന്നിലുണ്ടാവുമെന്നും കേന്ദ്ര കമ്മിറ്റി വ്യക്തമാക്കി. കേരളത്തിൽ പാർട്ടിക്കേറ്റ തിരിച്ചടിയെക്കുറിച്ച് അഞ്ചുലക്ഷം അംഗങ്ങളുടെ സ്വതന്ത്രവും നീതിപൂർവകവുമായ ചർച്ച നടക്കുമെന്നും പോരായ്മകൾ എന്താണെന്ന് കണ്ടെത്തുമെന്നും പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു.

സി.ജെ.പിയുടെ നിരോധനത്തെ അപലപിച്ചു

കോക്രോച്ച് ജനതാ പാർട്ടി(സി.ജെ.പി)ക്ക് സമൂഹ മാധ്യമങ്ങളിലേർപ്പെടുത്തിയ നിരോധനത്തെയും അതിന്റെ സ്ഥാപകൻ അഭിജിത് ദിപ്കെക്കെതിരെയുള്ള ആക്രമണങ്ങളെയും സി.പി.എം കേന്ദ്ര കമ്മിറ്റി അപലപിച്ചു. തൊഴിലില്ലാത്ത യുവാക്കളുടെ അസ്വസ്ഥതയുടെ പ്രതിഫലനമാണ് സി.ജെ.പിയെന്നും കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു. ഫിഫ ലോകകപ്പ് ഇന്ത്യക്കാർക്ക് കാണാൻ അവസരം ഒരുക്കണമെന്നും കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.

Show Full Article
TAGS:Kerala Assembly Election 2026 Hindutva communalism CPM Latest News 
News Summary - The election result is characterized by the consolidation of Hindutva communalism
Next Story