കരിമ്പ് കർഷകരുടെ കണ്ണീരുപ്പ് വീണ് ബിഹാറിന്റെ പാടങ്ങൾ
text_fieldsപ്രതീകാത്മക ചിത്രം
2014 ഏപ്രിലിൽ ഈസ്റ്റ് ചമ്പാരനിലെ മോട്ടിഹാരി മൈതാനത്ത് പ്രസംഗിക്കവെ നരേന്ദ്ര മോദി ഒരു കപ്പുയർത്തി ഇങ്ങനെ പറഞ്ഞു: ‘ഇവിടത്തെ പൂട്ടിയ പഞ്ചസാരക്കമ്പനികൾ ഞാൻ വീണ്ടും തുടങ്ങും. ഒരുദിവസം ചമ്പാരനിലെ മില്ലുകളിൽനിന്നുള്ള പഞ്ചസാര ചേർത്ത് ഞാൻ ചായകുടിക്കും’. ഈ പ്രസ്താവന നടത്തി കൊല്ലം 10 കഴിഞ്ഞു. പക്ഷേ, ആ കപ്പിലിപ്പോഴും ചമ്പാരനിലെ പഞ്ചസാര ചേർക്കാനാകുന്നില്ല. മില്ലുകൾ അടഞ്ഞുതന്നെ. ബിഹാറിലെ 30 ലക്ഷത്തിലധികം വരുന്ന പഞ്ചസാര മേഖലയിലെ തൊഴിലാളികളുടെ ജീവിതമിപ്പോഴും കണ്ണീരിലാണ്. ഇത്തവണ, പണ്ട് മോദി പറഞ്ഞ കാര്യം ആവർത്തിച്ചത് കേന്ദ്രമന്ത്രി അമിത് ഷാ ആണ്. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ അടഞ്ഞ എല്ലാ പഞ്ചസാര മില്ലുകളും പ്രവർത്തനക്ഷമമാകുമെന്ന് അദ്ദേഹം പറയുന്നു. ഇത് പുനരുദ്ധാരണ പദ്ധതിയല്ല, മറിച്ച് തെരഞ്ഞെടുപ്പ് കാലത്തെ പഞ്ചസാരക്കുഴമ്പാണെന്നാണ് വിമർശകർ പറയുന്നത്. മധുരിക്കുമെന്ന് തോന്നുമെങ്കിലും യഥാർഥത്തിൽ കയ്പായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ബിഹാറിലെ കണ്ണെത്താദൂരത്തുള്ള പാടങ്ങളിൽ കരിമ്പുകൾ വിസ്മൃത സ്വപ്നത്തിലെന്നപോലെ കാറ്റിലാടുകയാണ്. എൻ.ഡി.എ ‘ഡബിൾ എൻജിൻ’ സർക്കാറിന്റെ കപടവാഗ്ദാനങ്ങൾ ഇവിടെ തിരിച്ചറിയപ്പെടുന്നു. പ്രദേശത്തെ അടഞ്ഞുകിടക്കുന്ന 20 മില്ലുകൾ തുറക്കാനായി എന്തെങ്കിലും ചെയ്യാൻ ഇത്രകാലമായിട്ടും നിതീഷ് കുമാറിനായില്ലെന്ന് ‘ജൻ സുരാജ്’ തലവൻ പ്രശാന്ത് കിഷോർ ആരോപിച്ചു. നിതീഷിന്റെ ഭരണകാലം പാഴാക്കിയ സാധ്യതകളുടെ കാലമാണെന്നും കിഷോർ തുടർന്നു.
ബിഹാർ രാജ്യത്തുതന്നെ പ്രധാന പഞ്ചസാര ഉൽപാദന മേഖലകളിലൊന്നാണ്. എന്നാൽ ഇപ്പോഴത്തെ കണക്കനുസരിച്ച് ഈ വ്യവസായം സംസ്ഥാനത്ത് പിറകോട്ട് സഞ്ചരിക്കുകയാണ്. ഇപ്പോൾ കേവലം ഒമ്പതു മില്ലുകളാണ് പ്രവർത്തിക്കുന്നത്. മിക്കതും വെസ്റ്റ് ചമ്പാരൻ, ഈസ്റ്റ് ചമ്പാരൻ, ഗോപാൽഗഞ്ച്, സമസ്തിപൂർ ജില്ലകളിൽ. എല്ലായിടത്തും കൂടിയുള്ള ശേഷി പ്രതിദിനം 21,500 ടണ്ണായി കുറഞ്ഞു.


