Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅവസാന ചർച്ച കഴിഞ്ഞു...

അവസാന ചർച്ച കഴിഞ്ഞു ഇനി പ്രഖ്യാപനം; രാഹുലിന്റെ അവസാന കൂടിയാലോചനയും കഴിഞ്ഞു

text_fields
bookmark_border
അവസാന ചർച്ച കഴിഞ്ഞു ഇനി പ്രഖ്യാപനം; രാഹുലിന്റെ അവസാന കൂടിയാലോചനയും കഴിഞ്ഞു
cancel

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഒറ്റക്കുള്ള അവസാന കൂടിയാലോചനയും തീർത്ത് കോൺഗ്രസ് ഹൈകമാൻഡ് കേരളത്തിന്റെ മുഖ്യമന്ത്രി പ്രഖ്യാപനത്തിലേക്ക്. കേരളത്തിൽനിന്നുള്ള മുൻ കെ.പി.സി.സി പ്രസിഡന്റുമാരെയും നിലവിലുള്ള വർക്കിങ് പ്രസിഡന്റുമാരെയും ന്യൂഡൽഹി 10 ജൻപഥിലേക്ക് വെവ്വേറെ വിളിച്ചാണ് രാഹുൽ ഗാന്ധി കൂടിയാലോചന നടത്തിയത്. അതിനുശേഷം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കണ്ട് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധിയുടെ അംഗീകാരത്തോടെയായിരിക്കും പ്രഖ്യാപനം. കെ.സി. വേണുഗോപാൽതന്നെയാകും മുഖ്യമന്ത്രിയെന്ന് അദ്ദേഹത്തിന്റെ പക്ഷമുറപ്പിക്കുമ്പോൾ കേരളത്തിന്റെ വികാരം കണക്കിലെടുക്കുമെന്നാണ് വി.ഡി. സതീശൻ പക്ഷം പ്രതീക്ഷിക്കുന്നത്. എന്ത് തീരുമാനത്തിനും താൻ തയാറാണെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല.

പൊതുവികാരമറിയിച്ച് മുസ്‍ലിം ലീഗും പ്രിയങ്കയും

ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗും കേരള കോൺഗ്രസും വി.ഡി. സതീശന് അനുകൂല നിലപാടിൽ ഉറച്ചുനിൽക്കുകയും കേരളത്തിന്റെ പൊതുവികാരം വയനാട് എം.പി കൂടിയായ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തതാണ് ജൻപഥിലെ അവസാന വട്ട കൂടിക്കാഴ്ചക്ക് രാഹുലിനെ പ്രേരിപ്പിച്ചത്. ഹൈകമാൻഡിന്റെ ഭാഗത്തുനിന്നുള്ള എല്ലാ കൂടിയാലോചനകളും തീർത്താണ് പ്രഖ്യാപനമെന്ന് കേരളത്തെ ബോധ്യപ്പെടുത്താനുള്ള നീക്കംകൂടിയായിരുന്നു ഇത്.

ആദ്യം കണ്ടത് കെ.സി പക്ഷം;തുടർന്ന് മുരളിയും സുധീരനും

ചൊവ്വാഴ്ച രാവിലെ 11.30ന് കെ.പി.സി.സി അച്ചടക്ക സമിതി പ്രസിഡന്റ് തിരുവഞ്ചൂർ രാധാകൃഷ്ണനുമായിട്ടായിരുന്നു രാഹുൽ ഗാന്ധിയുടെ ആദ്യ കൂടിക്കാഴ്ച. തിരുവഞ്ചൂരിന് പിന്നാലെ കെ. സുധാകരനും എം.എം. ഹസനും രാഹുലിനെ കണ്ടു. തുടർന്ന് വർക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, പി.സി. വിഷ്ണുനാഥ്, അനിൽ കുമാർ എന്നിവരെയും ഒറ്റക്ക് കണ്ടു. ഇവരെല്ലാവരും കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കുന്നവരാണ്. അതിനു ശേഷമാണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന നിലപാടെടുത്ത കെ. മുരളീധരനും വി.എം. സുധീരനും രാഹുൽ ഗാന്ധിയെ കണ്ടത്. എല്ലാവരുമായും ചുരുങ്ങിയത് 15-20 മിനിറ്റ് നേരം രാഹുൽ ആശയവിനിമയം നടത്തി.

മുഖ്യമന്ത്രി തർക്കവുമായി ബന്ധപ്പെട്ടുള്ള കേരളത്തിലെ പ്രശ്നങ്ങളെക്കുറിച്ച് ധാരണയുണ്ടെന്നും അഭിപ്രായങ്ങൾ എല്ലാം കേട്ടുവെന്നും കെ.സിക്കും വി.ഡിക്കും അനുകൂല നിലപാടെടുത്തവർ ഒരുപോലെ പറഞ്ഞു. പറയാനുള്ളതെല്ലാം പറഞ്ഞോളൂ എന്ന ഭാവത്തിലായിരുന്നു രാഹുലെന്നും അവർ പറഞ്ഞു. മുഖ്യമന്ത്രി പദവിക്കായി സമൂഹ മാധ്യമങ്ങളിലും തെരുവുകളിലും പ്രചാരണ രംഗത്തിറങ്ങിയതിലുള്ള അസ്വസ്ഥത രാഹുൽ പങ്കുവെച്ചു.

വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്നത് കേരളത്തിന്റെ പൊതുവികാരമല്ലെന്നും ‘പെയ്ഡ് പി.ആർ’ പ്രവൃത്തിയാണെന്നും അതുവഴി കൃത്രിമമായി സൃഷ്ടിച്ചതാണെന്നുമുള്ള ആരോപണം രാഹുലിന് മുമ്പാകെ ഉന്നയിക്കപ്പെട്ടു. എന്നാൽ, വി.ഡി. സതീശന് അനുകൂലമായി കേരളത്തിലുടനീളമുള്ള വികാരം സ്വാഭാവികമാണെന്നും അത് പരിഗണിച്ചില്ലെങ്കിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കണമെന്ന നിലപാടെടുത്ത രണ്ടുപേരും രാഹുലിനോട് പറഞ്ഞു. തീരുമാനം ഇനിയും നീട്ടിക്കൊണ്ടുപോകരുതെന്നും ഉടൻ പ്രഖ്യാപനം നടത്തണമെന്നുമുള്ള കാര്യത്തിൽ ഇരുകൂട്ടരും ഏകാഭിപ്രായത്തിലായിരുന്നു.

Show Full Article
TAGS:kerala chief minister Congress High Command Rahul Gandhi Muslim League kerala politics 
News Summary - The final discussion is over, now the announcement is made; Rahul's final consultation is also over
Next Story