Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'മോഹൻ ഭഗവതിനെ കണ്ടു,...

'മോഹൻ ഭഗവതിനെ കണ്ടു, പറയാനുള്ളത് പറഞ്ഞു'; തരൂരിന്റെ വിവാദ അഭിമുഖത്തിന്റെ പൂർണരൂപം പുറത്ത്

text_fields
bookmark_border
Sashi Tharoor
cancel
camera_alt

ശശി തരൂർ

ന്യൂഡൽഹി: ആർ.എസ്.എസ് തലവൻ മോഹൻ ഭഗവതിനെ കണ്ട് തനിക്ക് പറയാനുള്ളതെല്ലാം നേരിട്ട് പറഞ്ഞുവെന്ന് ശശി തരൂർ എം.പി. രാജ്യത്ത് ഹിന്ദുമതത്തിന്റെ പേരിൽ നടക്കുന്ന ചില കാര്യങ്ങൾ ശരിയല്ലെന്നും മോഹൻ ഭഗവത് ആ വിഷയത്തിൽ നേരിട്ട് സംസാരിക്കണമെന്നും താൻ ആവശ്യപ്പെട്ടതായും ‘ഇന്ത്യൻ എക്സ്പ്രസ്’ മലയാളം പോഡ് കാസ്റ്റിനുള്ള അഭിമുഖത്തിൽ തരൂർ വ്യക്തമാക്കി.

ഒരിക്കൽ ഒരു കോൺഫറൻസിൽ തനിക്കും മോഹൻ ഭഗവതിനും രണ്ട് വ്യത്യസ്ത സെഷനുകളുണ്ടായിരുന്നുവെന്നും ഇതിനിടയിലെ ‘ടീ ബ്രേക്കി’ലാണ് മോഹൻ ഭഗവതിനെ കണ്ടു സംസാരിച്ചതെന്നും ശശി തരൂർ വിശദീകരിച്ചു. അതിന് ഒന്ന് രണ്ടാഴ്ച മുമ്പ് ബിഹാറിൽ ഒരു മുസ്‍ലിമിനെ അവന്റെ വിവാഹ നാളിൽ മരത്തിൽ കെട്ടിയിട്ട് ‘ജയ് ശ്രീറാം’ വിളിപ്പിച്ച് അടിച്ചടിച്ച് കൊന്നിട്ടുണ്ടായിരുന്നു. ഇത് തന്റെ ഹിന്ദുമതമല്ലെന്ന് താൻ ഭഗവതിനോട് പറഞ്ഞപ്പോൾ തന്റെയുമല്ല എന്നായിരുന്നു മോഹൻ ഭഗവതിന്റെ മറുപടി. എങ്കിൽ ഇതെന്ത് കൊണ്ട് പരസ്യമായി പറഞ്ഞു കൂടാ എന്ന് ചോദിച്ചപ്പോൾ ഈ രാജ്യം വലിയ രാജ്യമല്ലേ എന്നും ഈ രാജ്യത്ത് സംഭവിക്കുന്ന എല്ലാ കാര്യങ്ങളിലും പ്രതികരിക്കാൻ കഴിയ​ുമോ എന്നും ഭഗവത് തിരിച്ചുചോദിച്ചു.

'താങ്കളത് പറഞ്ഞാൽ താങ്കളുടെ വലിയൊരു വിഭാഗം അനുയായികൾ അത് അനുസരിക്കുമെന്ന് മറുപടി നൽകി. ഞാൻ പറഞ്ഞത് കൊണ്ടാണോ എന്നറിയില്ല, രണ്ട് മാസം കഴിഞ്ഞപ്പോൾ ഡൽഹിയിൽ വന്ന് ‘ഹിന്ദുമത വിശ്വാസികൾക്ക് വേറെ മതത്തെ ആക്ഷേപിക്കാൻ കഴിയില്ലെന്ന്’ ഭഗവത് പ്രസംഗിച്ചു. അതിന് ശേഷം കഴിഞ്ഞ വർഷം എല്ലാ മസ്ജിദിനും കീഴിൽ ശിവലിംഗം തിരയേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു'.

'മസ്ജിദ് പൊളിച്ചിട്ട് ചിലർ വലിയ ഹിന്ദു നേതാക്കളാകാൻ ശ്രമിക്കുന്നുവെന്ന് ഈ വർഷം ഭഗവത് പറഞ്ഞില്ലേ? മോഹൻ ഭഗവത് സ്പഷ്ടമായി ഈ സന്ദേശം കൊടുക്കാൻ തുടങ്ങി. ഞാനത് സ്വീകരിക്കുകയും ചെയ്തു. എന്റെ അഭിപ്രായത്തിൽ അദ്ദേഹമിങ്ങനെ പറഞ്ഞാൽ മറ്റുള്ളവർക്ക് കുറച്ചു മാറിനിൽക്കേണ്ടി വരും. ചിലർ മാറി നിൽക്കാതെ തുടരുന്നുണ്ട്. എന്നാൽ മോഹൻ ഭഗവതിന്റെ സന്ദേശം നമ്മൾ ആഗ്രഹിക്കുന്ന സന്ദേശമാണ്'.

ഭരണഘടനയെ മാറ്റണം, ഹിന്ദു രാഷ്​ട്രമുണ്ടാക്കണം എന്നായിരുന്നു ആർ.എസ്.എസിന്റെ മുമ്പുണ്ടായിരുന്ന നേതാക്കളെല്ലാം പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോഴ​ത്തെ നേതാവ് മോഹൻ ഭഗവത് അങ്ങിനെ പറഞ്ഞിട്ടില്ല. ഹിന്ദു രാഷ്ട്രമെന്ന് പറഞ്ഞാൽ മുസ്‍ലിംകൾക്കും കൃ​സ്ത്യാനികൾക്കും സ്ഥലമില്ല എന്നല്ല അർഥമെന്നും എല്ലാവർക്കും ജീവിക്കാൻ കഴിയുന്ന ഒന്നാണെന്നുമാണ് അദ്ദേഹം പറഞ്ഞതെന്നും അതിൽ തനിക്ക് പ്രശ്നമില്ലെന്നും തരൂർ പറഞ്ഞു.

ഹിന്ദുമതത്തിൽ ശശി തരൂരിനുള്ള വിശ്വാസത്തിൽ ആദരവുള്ള പല ആർ.എസ്.എസ് നേതാക്കളും താങ്കളെ ബി.ജെ.പിയിൽ കൊണ്ടുവരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ എക്സ്പ്രസ് ലേഖിക ലിസ് മാത്യു പറഞ്ഞപ്പോൾ വിവേകാനന്ദന്റെ ഹിന്ദുമത സങ്കൽപമാണ് തന്റെ വിശ്വാസമെന്നായിരുന്നു തരൂരിന്റെ മറുപടി. ഹിന്ദുമതത്തെ വേറെ മത വിശ്വാസത്തിനെതിരായ ആയുധമാക്കി ഉപയോഗിക്കുമ്പോൾ അതിനെ അംഗീകരിക്കാൻ സാധിക്കില്ല. ഭരണഘടനയെ മാറ്റി ഹിന്ദു രാഷ്ട്രം സ്ഥാപിക്കണമെന്ന ആവശ്യം അഗീകരിക്കാനാവില്ല. നമ്മുടെ ഭരണഘടനക്ക് ഒരു അടിസ്ഥാന ഘടനയുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞതാണ്. അത് പ്രകാരം എല്ലാ മതത്തിന്റെ ആർക്കാർക്കും ഭാരതത്തിൽ ഒരേ അവകാശമാണ്. ഈ ഘടന ഒരു മതത്തിന്റെ ആളുകൾക്ക് മാറ്റാൻ സാധിക്കുന്നതല്ലെന്നും തരൂർ പറഞ്ഞു.

‘ബി.ജെ.പി തനിക്ക് മുമ്പിലുള്ള വഴിയല്ല’

ബി.ജെ.പി തനിക്ക് മുമ്പിലുള്ള വഴിയ​ല്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ അഭിമുഖത്തിൽ വ്യക്തമാക്കി. ബി.ജെ.പി തരൂരിന് മുമ്പിലുള്ള ഒരു വഴിയാണോ എന്ന ചോദ്യത്തിന് അല്ലെന്ന് ഉത്തരം പറഞ്ഞ തിരുവനന്തപുരം എം.പി അതിനുള്ള കാരണവും ചുണ്ടിക്കാട്ടി. ഓരോ പാർട്ടിക്കും സ്വന്തം ചരിത്രവും വിശ്വാസങ്ങളുമുണ്ട്. ചില കാര്യങ്ങളിൽ ആ വിശ്വാസത്തിൽ പങ്കു ചേരാൻ കഴിയാത്ത സാഹചര്യത്തിൽ പാർട്ടിയിൽ ചേരുന്നത് ശരിയല്ല. ബി.ജെ.പിയിൽ ചേരുന്നത് ശരിയാകുമെന്ന് തനിക്ക് തോന്നുന്നുമില്ല. ഒരു പാർട്ടിക്ക് ആദർശവും മൂല്യങ്ങളുമൊക്കെ ഉണ്ടാകണം.

കേരളത്തിൽ നിന്നുള്ള ചില നേതാക്കന്മാരും എം.പിമാരും തന്നെ കണ്ടുവെന്നും അവർ ബി.ജെ.പിയിൽ ചേരാൻ ആഗ്രഹിക്കുന്നുവെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞത് ത​ന്നെക്കുറിച്ചാണെന്ന വാദം തരൂർ തള്ളി. ബി.​ജെ.പിയിൽ ചേരാനുള്ള സംസാരം ആരോടും നടത്തിയിട്ടില്ല. അത് തന്റെ മനസിലേയില്ല. അതേ സമയം തന്നോട് വന്ന് സംസാരിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. നാളെ ഒരു ബി.ജെ.പി നേതാവോ കമ്യൂണിസ്റ്റ് നേതാവോ കാണണമെന്ന് ആവശ്യപ്പെട്ടാലും കാണും. അവർ എതിരാളിയാണ്.ശത്രുവല്ല

Show Full Article
TAGS:Controversial interview shashi tharoor 
News Summary - The full version of Shashi Tharoor's controversial interview is out
Next Story