യു.എസ് സമാജികരുടെ കത്തിലേക്ക് നയിച്ചത് എസ്.ക്യൂ.ആർ ഇല്യാസിന്റെ കൂടിക്കാഴ്ച
text_fieldsഉമർ ഖാലിദിന്റെ പിതാവ് എസ്.ക്യൂ.ആർ ഇല്യാസ് വാഷിങ്ടൺ ഡി.സിയിൽ യു.എസ് കോൺഗ്രസിലെ മുതിർന്ന അംഗമായ ജിം മക്ഗവേണിനെ കണ്ടപ്പോൾ
ന്യൂഡൽഹി: മുതിർന്ന യു.എസ് കോൺഗ്രസ് അംഗമായ ജിം മക്ഗവേണുമായി വാഷിങ്ടൺ ഡി.സിയിൽ താൻ നടത്തിയ കൂടിക്കാഴ്ചയാണ് ഉമർ ഖാലിദിനായുള്ള യു.എസ് സാമാജികരുടെ കത്തിന് വഴിവെച്ചതെന്ന് പിതാവ് എസ്.ക്യൂ.ആർ. ഇല്യാസ്.
കത്തെഴുതിയ യു.എസ് സാമാജികർക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി ബന്ധമുണ്ടെന്ന ബി.ജെ.പിയുടെ ആരോപണങ്ങൾക്കിടയിലാണ് കത്തിലേക്ക് നയിച്ച സാഹചര്യം ഇല്യാസ് വെളിപ്പെടുത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ തന്റെ കൂടിക്കാഴ്ചയുടെ ചിത്രവും എസ്.ക്യൂ.ആർ. ഇല്യാസ് പങ്കുവെച്ചു.
വാഷിങ്ടൺ ഡി.സി സന്ദർശനവേളയിലാണ് താനും ഭാര്യയും ജിം മക്ഗവേണിനെ കണ്ടതെന്ന് എസ് ക്യൂ.ആർ അറിയിച്ചു. തന്റെ മകൻ ഉമർ ഖാലിദിന്റെ ജയിൽവാസം നീണ്ടുപോകുന്ന വിഷയം വളരെ ശ്രദ്ധാപൂർവം അദ്ദേഹം കേട്ടുവെന്നും അങ്ങേയറ്റം ആശങ്കയും സഹതാപവും പ്രകടിപ്പിച്ചെന്നും എസ്.ക്യൂ.ആർ തുടർന്നു.
അതേ തുടർന്നാണ് ഉമർ ഖാലിദിന്റെ കേസുമായി ബന്ധപ്പെട്ട ആശങ്കകൾ ചൂണ്ടിക്കാട്ടി വാഷിങ്ടണിലെ ഇന്ത്യൻ സ്ഥാനപതിക്ക് കത്തയക്കാനുള്ള നിർണായക നീക്കം ജിം നടത്തിയത്.
യു.എസിലെ നിയമനിർമാണ തലത്തിൽ പോലും ഉമറിന്റെ കേസിലെ ആശങ്ക പ്രതിഫലിപ്പിക്കുന്ന വിഷയത്തിന്റെ ഗൗരവത്തിന് അടിവരയിടുന്ന കത്തിൽ യു.എസ് കോൺഗ്രസിലെ ആറ് അംഗങ്ങളും യു.എസ് സെനറ്റിലെ രണ്ട് അംഗങ്ങളും ഒപ്പുവെക്കുകയും ചെയ്തുവെന്നും എസ്.ക്യൂ.ആർ ഇല്യാസ് കൂട്ടിച്ചേർത്തു.


