ആകാശം കോട്ട കെട്ടി കാത്തു
text_fieldsഇന്ത്യയുടെ സംയോജിത പ്രതിരോധ സംവിധാനത്തിലൂടെ രാജ്യത്തിന്റെ വ്യോമമേഖല നാം കാത്തുവെന്ന് സൈനിക മേധാവികൾ സംയുക്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇന്ത്യൻ വ്യോമസേന അവരുടെയും കരസേനയുടെയും നാവിക സേനയുടെയും പ്രതിരോധ സന്നാഹങ്ങൾ കൂടിയാണ് ആകാശത്തിന് കാവൽനിന്ന് കാത്തത്. രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം മതിലുപോലെ നിന്നപ്പോൾ ആകാശം ഭേദിക്കാൻ ശത്രുവിനാകുമായിരുന്നില്ല.
ഹ്രസ്വദൂര മിസൈലുകളും ദീർഘദൂര മിസൈലുകളും തൊട്ട് വിവിധ പാളികളുള്ള വ്യോമ പ്രതിരോധ സംവിധാനം കൊണ്ടും ആയുധം കൊണ്ടുമാണ് അത് സാധ്യമാക്കിയത്. രാജ്യത്തിന്റെ സൈനിക സന്നാഹങ്ങൾക്കും സിവിലിയന്മാർക്കും പാക് ആക്രമണത്തിൽ നാശനഷ്ടം കുറക്കാൻ കഴിഞ്ഞത് അതുകൊണ്ടാണ്.
വിവിധതരത്തിലുള്ള ഡ്രോണുകളും അൺമാൻഡ് ഏരിയൽ വെഹിക്കിളുകളും വ്യോമസേന തകർത്തത് തദ്ദേശീയമായി വികസിപ്പിച്ച കൗണ്ടർ അൺമാൻഡ് ഏരിയൽ സംവിധാനം കൊണ്ടാണ്. മികച്ച പരിശീലനം ലഭിച്ച വ്യോമ സേനാംഗങ്ങളും കൂടിയുള്ളതുകൊണ്ടാണിത് സാധ്യമായത്.
പുതിയ ആയുധങ്ങൾ; ഒപ്പം പഴയ ആയുധങ്ങളും
ഇതെല്ലാം ഫലപ്രദമായി ചെയ്യാനായത് വ്യോമസേനയുടെ ഇന്റഗ്രേറ്റഡ് എയർ കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റം (ഐ.എ.സി.സി.എസ്) വഴിയാണ്. നെറ്റ് സെൻട്രിക് ഓപറേഷനുള്ള ശേഷി ആധുനിക കാലത്തെ യുദ്ധത്തിന് അനിവാര്യമാണ്. രാജ്യത്തിന്റെ പുതിയ ആയുധങ്ങൾക്കൊപ്പം പഴയ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും ഈ പോരാട്ടത്തിൽ അതിന്റെ കാര്യപ്രാപ്തി തെളിയിച്ചു. പിചോറ, ദോസ, എൽ.എൽ.എ.ഡി ഗൺ എന്നിവയൊക്കെ ഉപയോഗികകാനാകുമോ എന്ന് പരീക്ഷിക്കാനായി. തദ്ദേശീയമായി വികസിപ്പിച്ച ‘ആകാശ്’ സംവിധാനവും നമ്മുടെ ആകാശം കാത്തു.