ലോകത്ത് അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയിൽ ഒന്നാമത് ഈ ഇന്ത്യൻ നഗരം
text_fieldsന്യൂഡൽഹി: ലോകത്ത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന നഗരങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയുടെ ആധിപത്യം. ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബംഗളൂരുവാണ് പട്ടികയിൽ ഒന്നാമതുള്ളത്. തൊട്ടുപിന്നിൽ വിയറ്റ്നാം നഗരമായ ഹൊ ചി മിൻഹ് ആണ്. മൂന്നാംസ്ഥാനത്ത് ഡൽഹിയും.
ആഗോള സമ്പദ്‍വ്യവസ്ഥയിൽ ഏഷ്യൻ നഗരങ്ങളുടെ ആധിപത്യമാണ് ഇത് കാണിക്കുന്നത്. സമ്പദ്‌വ്യവസ്ഥ, ജനസംഖ്യ, വ്യക്തിഗത സമ്പത്ത് എന്നിവ ഉൾപ്പെടുന്ന പ്രധാന സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് സാവിൽസ് വേൾഡ് റിസർച്ച് വികസിത നഗരങ്ങളുടെ പട്ടിക തയാറാക്കിയത്. 2033 ആകുമ്പോഴേക്കും ഏറ്റവും വളർച്ച കൈവരിക്കാൻ സാധ്യതയുള്ള നഗരങ്ങളെ ആസ്പദമാക്കിയാണ് പഠനം. ആഗോളതലത്തിലുള്ള 230 നഗരങ്ങളെ ആസ്പദമാക്കിയായിരുന്നു പഠനം.
റിപ്പോർട്ട് പ്രകാരം ലോകത്തിൽ ഏറ്റവും വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന 15 നഗരങ്ങളിൽ 14ഉം ഏഷ്യയിലാണ്. ആഗോള തലത്തിലുള്ള നാഗരിക വളർച്ച ഏറ്റവും കൂടുതൽ നടക്കുന്ന ഏഷ്യയിലും ആഫ്രിക്കയിലുമാണ്.
2050 ആകുമ്പോഴേക്കും ലോകജനസംഖ്യയുടെ 68 ശതമാനം പേരും നഗരങ്ങളിൽ താമസിക്കുന്നവരായി മാറുമെന്ന് യു.എൻ പ്രവചിക്കുന്നത്.
പട്ടികയിൽ നാലാമതുള്ളത് ഇന്ത്യയുടെ ടെക് പവർഹൗസായ ഹൈദരാബാദാണ്. 230 നഗരങ്ങളിൽ ഏറ്റവും ഉയർന്ന പ്രതിശീർഷ ജി.ഡി.പി വളർച്ചാനിരക്കും ഹൈദരാബാദിലാണ്. സേവന മേഖല, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, നഗര വികസനത്തിനുള്ള ശക്തമായ സർക്കാർ പിന്തുണ എന്നിവയാണ് ഹൈദരാബാദിന്റെ വികസനക്കുതിപ്പിന് കാരണം.
ഏഷ്യയിലെ ഏറ്റവും ചലനാത്മകമായ നഗര സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഹൈദരാബാദ് മാറുന്നതോടെ സാങ്കേതികവിദ്യ, ലൈഫ് സയൻസസ്, റിയൽ എസ്റ്റേറ്റ് എന്നിവയിൽ കൂടുതൽ നിക്ഷേപവും ആകർഷിക്കും. ഇന്ത്യയിലെ പ്രധാന ഐ.ടി കേന്ദ്രങ്ങളായ ഹൈദരാബാദ്, ബംഗളൂരു എന്നിവയിലെ തൊഴിൽ ശക്തിയുടെ പിന്തുണയോടെ വികസിക്കുന്ന സേവന മേഖലയിലൂടെ രാജ്യത്തിന്റെ ജി.ഡി.പി വളർച്ചയെ മുന്നോട്ട് കുതിക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ആഗോള ടെക് കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്ന ആവാസവ്യവസ്ഥയാണ് ബംഗളൂരുവിന് പട്ടികയിൽ ഒന്നാം സ്ഥാനം നേടിക്കൊടുത്തത്. നിലവിൽ ജനസംഖ്യയുടെ 35 ശതമാനം മാത്രമേ നഗരപ്രദേശങ്ങളിൽ താമസിക്കുന്നുള്ളൂ. ഇതിൽ 2030 ആകുമ്പോഴേക്കും വലിയ മുന്നേറ്റമുണ്ടാകും. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായി ന്യൂഡൽഹി മാറുകയും ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു.
പട്ടികയിൽ മുംബൈ ആണ് അഞ്ചാമതുള്ളത്. ബെംഗളൂരുവിനും ഹൈദരാബാദിനുമൊപ്പം ഈ നഗരങ്ങൾ ഇന്ത്യയുടെ നഗര സമ്പദ്‌വ്യവസ്ഥയുടെ ഭാവി രൂപപ്പെടുത്തുന്നു.
സാവിൽസ് റിസർച്ച് പ്രകാരം ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന നഗരങ്ങൾ ഇവയാണ്...
ബംഗളൂരു(ഇന്ത്യ)
ഹോ ചി മിൻ സിറ്റി (വിയറ്റ്നാം)
ഡൽഹി (ഇന്ത്യ)
ഹൈദരാബാദ് (ഇന്ത്യ)
മുംബൈ (ഇന്ത്യ)
ഷെൻഷെൻ (ചൈന)
ഗ്വാങ്‌ഷൗ (ചൈന)
സുഷൗ (ചൈന)
റിയാദ് (സൗദി അറേബ്യ)
മനില (ഫിലിപ്പീൻസ്)


