ക്രിസ്ത്യൻ മിഷനറി സ്കൂളുകൾ പൂട്ടുമെന്ന് ഭീഷണി; വിവാദ പരാമർശവുമായി ബംഗാൾ ബി.ജെ.പി അധ്യക്ഷൻ
text_fieldsസമിക് ഭട്ടാചാര്യ
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ക്രിസ്ത്യൻ മിഷനറി സ്കൂളുകൾ അടച്ചുപൂട്ടുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ. ചില മിഷനറി സ്ഥാപനങ്ങൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായും നിർബന്ധിത മതപരിവർത്തനം നടത്തുന്നതായും ആരോപിച്ചാണ് ഭീഷണി.
ആദിവാസി നേതാവ് ബിർസ മുണ്ടയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലായിരുന്നു ഭട്ടാചാര്യയുടെ പരാമർശം. അസൻസോളിൽ മതപരിവർത്തനം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സ്വമേധയാ മതവിശ്വാസം പ്രചരിപ്പിക്കുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ പ്രലോഭനങ്ങൾ നൽകി നിർബന്ധിതമായി മതം മാറ്റാൻ ശ്രമിച്ചാൽ സ്കൂൾ നടത്തിപ്പുകാർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കൊൽക്കത്തയിലെ ഒരു പ്രമുഖ സ്കൂളിൽ കാവി സാരി ധരിച്ചെത്തിയ ബി.ജെ.പി പ്രവർത്തകയെ പ്രവേശിപ്പിച്ചില്ലെന്നും വിദ്യാർഥികൾക്കു മുന്നിൽ കൃഷ്ണന്റെ പേര് പറയരുതെന്ന് നിർദേശിച്ചെന്നും ഭട്ടാചാര്യ ആരോപിച്ചു. മറ്റൊരു സ്കൂളിലെ ഉദ്യോഗസ്ഥൻ തന്റെ മുറിയിൽ പാകിസ്താൻ പതാക വെച്ചതായും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ആരോപണങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പേരുകൾ വെളിപ്പെടുത്തിയില്ല.
നിർബന്ധിത മതപരിവർത്തനം ആരോപിക്കുന്നത് ഇന്ത്യയിൽ മുസ്‍ലിംകൾക്കും ക്രിസ്ത്യാനികൾക്കുമെതിരെ വ്യാപകമായ അതിക്രമങ്ങൾക്ക് ചിലർ മറയാക്കുന്നുണ്ടെന്ന് വിവിധ മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.



