400 രൂപയെ ചൊല്ലി തർക്കം, 26കാരനെ കുത്തികൊന്ന് റീൽ ചിത്രീകരണം; പ്രായപൂർത്തിയാകാത്ത മൂന്നുപേർ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ ദയാൽപൂർ പ്രദേശത്ത് 400 രൂപയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് 26കാരനെ കുത്തികൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത മൂന്നുപേർ അറസ്റ്റിൽ. കൊലപാതകത്തിന്റെ വിഡിയോ റെക്കോഡ് ചെയ്ത് സമൂഹമാധ്യമത്തിൽ റീലായി പോസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു.
ന്യൂ മുസ്തഫാബാദിലെ താമസക്കാരനായ എം.ഡി. കൈഫാണ് കൊല്ലപ്പെട്ടത്. മാതാപിതാക്കളും രണ്ടു സഹോദരൻമാരും അടങ്ങുന്നതാണ് കൈഫിന്റെ കുടുംബം. 25ഫ്യൂട്ട റോഡിലെ ഒരു കടക്ക് സമീപത്തുവെച്ചായിരുന്നു കൊലപാതകം. പ്രായപൂർത്തിയാകാത്തവർ 25കാരനെ നിരവധി തവണ കുത്തിവീഴ്ത്തുകയായിരുന്നു. ശേഷം കുത്തുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. അടുത്തിടെ പുറത്തിറങ്ങിയ ഒരു സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വിഡിയോക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നതെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ ആശിഷ് മിശ്ര പറഞ്ഞു.
വീഡിയോയുടെ ആധികാരികത പൊലീസ് പരിശോധിച്ചിട്ടില്ല. സംഭവത്തിൽകേസ് രജിസ്റ്റർ ചെയ്ത് 16 വയസ്സ് പ്രായമുള്ള മൂന്നുപേരെയും അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിൽ പങ്കാളികളാണെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു.
കൊല്ലപ്പെട്ട യുവാവ് തങ്ങളിൽ നിന്ന് 400 രൂപ കടം വാങ്ങിയെന്നും പണം തിരികെ നൽകാത്തതിന്റെ പേരിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പ്രതികൾ പൊലീസിന് മൊഴി നൽകി. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൂന്ന് കത്തികൾ കണ്ടെടുത്തുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.


