Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതിഹാർ ജയിലിലെ...

തിഹാർ ജയിലിലെ ഭക്ഷണത്തിൽ അസംതൃപ്തി; ചിക്കനും പാസ്തയും വേണം, പാചകത്തിന് അനുമതി തേടി യു.എസ് പൗരൻ കോടതിയിൽ

text_fields
bookmark_border
തിഹാർ ജയിലിലെ ഭക്ഷണത്തിൽ അസംതൃപ്തി; ചിക്കനും പാസ്തയും വേണം, പാചകത്തിന് അനുമതി തേടി യു.എസ് പൗരൻ കോടതിയിൽ
cancel

ന്യൂഡൽഹി: ഭീകരവാദക്കേസിൽ തിഹാർ ജയിലിൽ കഴിയുന്ന യു.എസ് പൗരൻ മാത്യു ആരോൺ വാൻഡൈക്ക് ജയിലിലെ ഭക്ഷണക്രമത്തിൽ മാറ്റം വേണമെന്ന ആവശ്യവുമായി ഡൽഹി കോടതിയെ സമീപിച്ചു. ജയിലിൽ ലഭിക്കുന്ന ഭക്ഷണം അമിതമായ എരിവും എണ്ണയും നിറഞ്ഞതാണെന്നും, ഇത് തന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുവെന്നും ഹരജിയിൽ പറയുന്നു. കഴിഞ്ഞ 50 ദിവസമായി ജയിലിലെ ഭക്ഷണം കഴിക്കാൻ സാധിക്കാത്തതിനെത്തുടർന്ന് താൻ നിരാഹാര സമരത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ കാലയളവിൽ തന്റെ ശാരീരിക ആരോഗ്യം വല്ലാതെ ക്ഷയിച്ചതായും, ഏകദേശം 14 കിലോഗ്രാം ഭാരം കുറഞ്ഞതായും കാഴ്ചശക്തിയിലും പ്രതിരോധശേഷിയിലും കുറവുണ്ടായതായും ഇദ്ദേഹം കോടതിയിൽ ചൂണ്ടിക്കാട്ടി.

തനിക്ക് അനുയോജ്യമായ ഭക്ഷണസാധനങ്ങളും പാചകം ചെയ്യാൻ ആവശ്യമായ ഉപകരണങ്ങളും സ്വന്തം ചെലവിൽ ഏർപ്പെടുത്താൻ അനുവദിക്കണമെന്നാണ് വാൻഡൈക്കിന്റെ ആവശ്യം. ചിക്കൻ, റെഡ് മീറ്റ്, ചെമ്മീൻ, പാസ്ത, നൂഡിൽസ്, അരി, ഉരുളക്കിഴങ്ങ്, ബീൻസ്, ഒലിവ് ഓയിൽ, സോയ പാൽ എന്നിവയുൾപ്പെടെയുള്ള ആരോഗ്യകരമായ ഭക്ഷണങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ ഇദ്ദേഹം സമർപ്പിച്ചിട്ടുണ്ട്.

പാചകം ചെയ്യാനായി ഒരു ചെറിയ ഇൻഡക്ഷൻ സ്റ്റൗ, പാത്രങ്ങൾ, ചോപ്പർ തുടങ്ങിയവ ജയിൽ മുറിയിൽ സൂക്ഷിക്കാൻ അനുവദിക്കണമെന്നാണ് അഭ്യർത്ഥന. കേവലം മാനുഷിക പരിഗണന വെച്ച് ഈ ആവശ്യം അനുവദിക്കണമെന്നാണ് അഭിഭാഷകൻ വഴി വാൻഡൈക്ക് കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കേസിൽ ജയിൽ അധികൃതരോട് കോടതി മറുപടി തേടിയിട്ടുണ്ട്. ഈ മാസം 21-ന് കേസ് കോടതി വീണ്ടും പരിഗണിക്കും. വിമത ഗ്രൂപ്പുകളെ പരിശീലിപ്പിക്കുകയും ആയുധം നൽകുകയും ചെയ്ത കേസിലാണ് എൻ.ഐ.എ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

Show Full Article
TAGS:tihar jail Food quality Prisoner legal petition cooking India 
News Summary - Tihar Jail Food Spicy, Oily, Need Shrimp, Pasta: US Mercenary To Court
Next Story