എസ്.ഐ.ആർ: ബംഗാളിൽ ബി.ജെ.പി നേതാക്കൾ സേനയുടെ സംരക്ഷണമില്ലാതെ വന്നാൽ തിരിച്ചുപോവില്ലെന്ന് കല്യാൺ ബാനർജി
text_fieldsകല്യാൺ ബാനർജി
കൊൽക്കത്ത: പശ്ചിമബംഗാളിൽ എസ്.ഐ.ആറിനെ ചൊല്ലി പ്രതിഷേധം ശക്തമാവുന്നതിനിടെ ബി.ജെ.പി നേതൃത്വത്തെ വെല്ലുവിളിച്ച് തൃണമൂൽ കോൺഗ്രസ് എം.പി കല്യാൺ ബാനർജി. സുവേന്ദു അധികാരിയും സുകാന്ത മജുംദാറുമടക്കമുള്ള ബി.ജെ.പി നേതാക്കൾ സി.ഐ.എസ്.എഫ് സംരക്ഷണമില്ലാതെ വന്നാൽ തിരിച്ചുപോവില്ലെന്ന് കല്യാൺ ബാനർജി പറഞ്ഞു.
പശ്ചിമ ബംഗാളിലെ ഡങ്കുനിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കല്യാൺ ബാനർജി. ‘നിങ്ങൾ (സുവേന്ദുവും സുകാന്തയും) സി.ഐ.എസ്.എഫ് ഇല്ലാതെ ഡങ്കുനിയിലേക്ക് വരൂ. നിങ്ങൾ നിങ്ങളുടെ ആളുകളുമായി വരൂ, ഞങ്ങൾ ഞങ്ങളുടെ ആളുകളുമായി വരും. നിങ്ങൾ എത്ര വലിയ ‘ബാപ്പർ ബേട്ട’ (അച്ഛന്റെ മകൻ) ആണെന്ന് നമുക്ക് കാണാം. നിങ്ങൾ ഇവിടെ നിന്ന് തിരിച്ചുപോവില്ല,’ ബാനർജി പറഞ്ഞു.
നേരത്തെ, ഒക്ടോബറിൽ സുകാന്ത മജുംദാറും കല്യാൺ ബാനർജിയും തമ്മിൽ എസ്.ഐ.ആറിനെ ചൊല്ലി കടുത്ത വാക്പോര് നടന്നിരുന്നു.
എസ്.ഐ.ആർ നടപടികളിൽ പ്രതിഷേധിച്ചാൽ കേന്ദ്രസേന ഇറങ്ങുമെന്നും വെടിവെയ്പടക്കം ഉണ്ടാവുമെന്നും മജുംദാർ ഭീഷണി ഉന്നയിച്ചിരുന്നു. മജുംദാർ ബംഗാളിലെ വോട്ടർമാരെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയാണെന്നായിരുന്നു കല്യാൺ ബാനർജിയുടെ മറുപടി. ധൈര്യമുണ്ടെങ്കിൽ സ്വന്തം മണ്ഡലത്തിൽ സേനയുടെ സംരക്ഷണമില്ലാതെ ഇറങ്ങാനും മജുംദാറിനെ ബാനർജി വെല്ലുവിളിച്ചിരുന്നു.
‘ഒരുവോട്ടറെയെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കട്ടെ, അപ്പോഴറിയാം എന്താണ് സംഭവിക്കുകയെന്ന്. എല്ലാ നടപടിയും നിറുത്താൻ ഞങ്ങൾക്കറിയാം. മന്ത്രിയായ ആ പയ്യനോട് ധൈര്യമുണ്ടെങ്കിൽ സ്വന്തം മണ്ഡലമായ ശ്രീറാംപൂരിൽ കനത്ത സുരക്ഷയില്ലാതെ ഒന്നിറങ്ങാൻ പറയൂ, എങ്ങനെയാണ് നിങ്ങൾ തിരിച്ചുപോവുന്നതെന്ന് നമുക്ക് കാണാം,’ ബാനർജി പറഞ്ഞു.
രാഷ്ട്രീയ മര്യാദ മാത്രമല്ല ബാനർജിക്ക് ബുദ്ധി സ്ഥിരതയും നഷ്ടപ്പെട്ടുവെന്നായിരുന്നു പിന്നാലെ മജുംദാറിന്റെ മറുപടി. താൻ വെല്ലുവിളിയേറ്റെടുത്ത് മണ്ഡലം സന്ദർശിക്കാനൊരുങ്ങുകയാണെന്നും മജുംദാർ കൂട്ടിച്ചേർത്തു.


