Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്‌നാട്ടിലെ ഗോവധ...

തമിഴ്‌നാട്ടിലെ ഗോവധ നിരോധന ഉത്തരവിൽ അവ്യക്തതകളേറെ; സർക്കാർ കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു

text_fields
bookmark_border
cow slaughter ban
cancel

ചെന്നൈ: മദ്രാസ് ഹൈകോടതിയുടെ കശാപ്പ് നിരോധന ഉത്തരവിൽ അവ്യക്തതകളേറെ. ഈ സാഹചര്യത്തിൽ വ്യക്തത വരുത്തുന്നതിനായി തമിഴ്‌നാട് സർക്കാർ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട്. ബലിപെരുന്നാളിന് പൊതുവിടങ്ങളിൽ കന്നുകാലി കശാപ്പ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണ് മദ്രാസ് ഹൈകോടതി അസാധാരണ ഉത്തരവ് പുറപ്പെടുവിച്ചത്.

തമിഴ്നാട്ടിൽ ഗോവധം പൂർണമായി നിരോധിച്ച് കൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ബലിപെരുന്നാളിന് മാത്രമല്ല ഒരു ദിവസവും ഗോവധം പാടില്ലെന്നും ഉത്തരവ് ലംഘിക്കപ്പെടില്ലെന്ന് ചീഫ് സെക്രട്ടറിയും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയും ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചതായാണ് റിപ്പോർട്ട്. എന്നാൽ, പൊതുസ്ഥലങ്ങളിലും അനധികൃത സ്ഥലങ്ങളിലും കശാപ്പ് നിയന്ത്രിക്കുന്നത് മാത്രമാണോ അതോ പൂർണ നിരോധനമാണോ എന്ന കാര്യത്തിൽ ഉദ്യോഗസ്ഥർ അവ്യക്തത പ്രകടിപ്പിച്ച സാഹചര്യത്തിലാണ് സർക്കാർ കോടതിയെ സമീപിക്കാനൊരുന്നത്. 1958 ലെ തമിഴ്‌നാട് മൃഗസംരക്ഷണ നിയമത്തിലെ നിലവിലുള്ള വ്യവസ്ഥകൾക്ക് അപ്പുറത്തേക്ക് ഈ ഉത്തരവ് പോകുന്നതിനാൽ, ഈ വിഷയത്തിൽ സർക്കാർ നിയമപരമായ അഭിപ്രായം തേടുകയാണെന്ന് മൃഗസംരക്ഷണം ഉൾപ്പെടെ ഒന്നിലധികം വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പാൽ ഉൽപാദനത്തിനും ഗ്രാമീണ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും വേണ്ടി 1976 ആഗസ്റ്റ് 30-ന് ഗോവധം നിരോധിച്ചുകൊണ്ട് പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് നടപ്പിലാക്കിക്കൊണ്ട് ബലിപെരുന്നാൾ ദിനത്തിലോ മറ്റേതെങ്കിലും ദിവസത്തിലോ സംസ്ഥാനത്ത് പശുവിനെയോ കിടാവിനെയോ കശാപ്പ് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനാണ് മദ്രാസ് ഹൈകോടതി നിർദ്ദേശിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകളുണ്ടായത്. 2020 ജൂലൈ 30-ന് ഹൈകോടതി പുറപ്പെടുവിച്ച മുൻ ഡിവിഷൻ ബെഞ്ച് ഉത്തരവും, ഗോവധം സംബന്ധിച്ച് തമിഴ്‌നാട് സംസ്ഥാനം പുറപ്പെടുവിച്ച 1976-ലെ സർക്കാർ ഉത്തരവും കോടതി പരാമർശിച്ചതായും പറയുന്നു. മൃഗത്തിന് 10 വയസ്സിനു മുകളിൽ പ്രായമുണ്ടെങ്കിൽ ജോലിക്കോ പ്രജനനത്തിനോ അനുയോജ്യമല്ലെങ്കിൽ, അല്ലെങ്കിൽ പരിക്ക്, വൈകല്യം അല്ലെങ്കിൽ ഭേദമാക്കാനാവാത്ത രോഗം എന്നിവ കാരണം സ്ഥിരമായി അംഗവൈകല്യം സംഭവിച്ചാൽ, നിയമത്തിലെ സെക്ഷൻ 4 പ്രത്യേക വ്യവസ്ഥകളിൽ കശാപ്പ് ചെയ്യാൻ അനുവദിക്കുന്നുണ്ട്.

പൊതുസ്ഥലങ്ങളിൽ പശുക്കളെ കൊല്ലുന്നത് തടയാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കോയമ്പത്തൂർ സ്വദേശിയും ഹിന്ദു മക്കൾ കക്ഷി യുവജന വിഭാ​ഗം സെക്രട്ടറിയുമായ കെ. സൂര്യ പ്രശാന്ത് സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് കോടതി ഉത്തരവ്. ബലിപെരുന്നാൾ ദിനത്തിൽ അധികൃതർ അം​ഗീകരിച്ച സ്ഥലത്തല്ലാതെ പൊതു ഇടങ്ങളിൽ കശാപ്പു ചെയ്യാൻ അനുവദിക്കരുതെന്നായിരുന്നു ഹരജിയിലെ ആവശ്യം. ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം നിരവധി സംസ്ഥാനങ്ങൾ ​ഗോവധം നിരേ‍ാധിച്ചിട്ടുണ്ട്. അത് കോടതികളും ശരിവച്ചിട്ടുണ്ട്. ഇത്തരം വാദങ്ങൾ ഉയർത്തിയാണ് ഹരജിക്കാ​രനെപ്പോലു​ം അമ്പരപ്പിക്കുന്ന തരത്തിൽ ഗോവധം പൂർണമായി നിരോധിച്ച് മദ്രാസ് ഹൈകോടതി ഉത്തരവിറക്കുന്നത്. ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നപ്പോഴാണ് ഗോവധം പൂർണമായി നിരോധിക്കുന്നതായി കോടതി വ്യക്തമാക്കിയത്. മദ്രാസ് ഹൈകോടതിയുടേത് അസാധാരണ നടപടി​യാണെന്നാണ് പൊതുവിലയിരുത്തൽ.

Show Full Article
TAGS:Cow slaughter ban Tamil Nadu CM madras highcourt madras high court 
News Summary - TN to move court for clarity on slaughter ban
Next Story