തണൽ ബാക്കിവെച്ച് മരം യാത്രയായി...
text_fieldsബംഗളൂരു: ബംഗളൂരു- നെലമംഗല ഹൈവേയിലെ പച്ചമരത്തണലിലൂടെ യാത്ര ചെയ്യുന്ന ആരും ഓർക്കണമെന്നില്ല ഒരു ജന്മം മുഴുവൻ മരങ്ങളെ പ്രണയിച്ച, ഇന്ന് അന്തരിച്ച തിമ്മക്കയെ. ഹുളിക്കലിനും കുഡൂരിനും ഇടയിലുള്ള നാലര കിലോമീറ്റർ ദൂരത്തിൽ തണൽ വിരിച്ചുനിൽക്കുന്ന 385 ആൽമരങ്ങൾ നട്ടുപിടിപ്പിച്ചത് തിമ്മക്കയാണ്. കുട്ടികളില്ലാത്ത സങ്കടത്തില്‍ നാല്‍പ്പതാം വയസ്സില്‍ ജീവനൊടുക്കാനിരുന്ന തിമ്മക്കയുടെ ജീവിതത്തിലേക്ക് പ്രതീക്ഷയുടെ പൊൻ കിരണം പോലെയാണ് പച്ചപ്പിന്റെ ലോകം കടന്നു വന്നത്.
ഭര്‍ത്താവ് ബിക്കല ചിക്കയ്യക്കൊപ്പം നടന്ന് സാധിക്കുന്നിടത്തെല്ലാം അവര്‍ മരങ്ങള്‍ നട്ടുതുടങ്ങി. 10 ആൽമരങ്ങൾ നട്ടുതുടങ്ങിയ വൃക്ഷ സ്നേഹം തൊട്ടടുത്ത വർഷം 15 ലേക്കും മൂന്നാം വർഷം 20 ലേക്കും മാറി. മരങ്ങൾ നടുക മാത്രമല്ല സ്വന്തം കുഞ്ഞുങ്ങളെ പോലെ അവയെ രാപ്പകൽ പരിപാലിക്കാനും തിമ്മക്ക തയാറായി. രാമനഗര ജില്ലയിലെ ഹുളിക്കലിനും കുഡൂരിനും ഇടയിലുള്ള നാലര കിലോമീറ്റർ ദൂരത്തിൽ 385 ആൽമരങ്ങൾ നട്ടുപിടിപ്പിച്ചതോടെയാണ് ‘മരങ്ങളുടെ നിര’ എന്നർഥം വരുന്ന ‘സാലുമറാഡ’എന്ന പേര് നൽകി സമൂഹം ആദരിച്ചത്.
മരങ്ങളുടെ വളർച്ചക്കൊപ്പം തിമ്മക്കയുടെ മനസ്സിലെ ഭാരങ്ങളും പെയ്തൊഴിയുകയായിരുന്നു. ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത ഇവർ ആയിരക്കണക്കിന് ആല്‍മരങ്ങളാണ് നട്ടുപിടിപ്പിച്ചത്. എണ്ണായിരത്തോളം മറ്റ് മരങ്ങളും നട്ടുവളര്‍ത്തി. സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ഗ്രാമത്തിലെ വാര്‍ഷികാഘോഷങ്ങള്‍ക്കായി മഴവെള്ളക്കൊയ്‌ത്ത് സംഭരണി നിർമിക്കുകയും കഡൂരിലെ സ്വന്തം ഗ്രാമത്തില്‍ ആശുപത്രി സ്ഥാപിക്കുകയും ചെയ്തു.
പ്രായാധിക്യം പോലും വകവെക്കാതെ പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങളിലൂടെ സമൂഹത്തെ ഉണർത്താൻ ശ്രമിച്ചു. പച്ചപ്പിനും ശുദ്ധ വായൂവിനും വേണ്ടി അഹോരാത്രം പ്രയത്നിച്ചു. 2016 ൽ ലോകത്തെ സ്വാധീനിച്ച 100 വനിതകളിൽ ഒരാളായി ബി.ബി.സി തിമ്മക്കയെ തെരഞ്ഞെടുത്തിരുന്നു. ലോസ്ഏഞ്ചല്‍സിലും ഒക്‌ലാന്‍ഡിലും തിമ്മക്കയുടെ പേരിൽ പരിസ്ഥിതി വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കപ്പെട്ടു. വളർത്തുമകൻ ബി.എൻ. ഉമേഷും പൃഥ്വി ബച്ചാവോ എന്ന പ്രസ്ഥാനവുമായി അമ്മയുടെ പാതയിലാണ്.


