‘യോഗിജീ, ബുൾഡോസറിന്റെ സ്റ്റിയറിങ് തെരഞ്ഞെടുപ്പ് കമീഷന് നേരെ തിരിക്കൂ’; ഹിന്ദു വോട്ടുകൾ വെട്ടിമാറ്റിയെന്ന യോഗിയുടെ പരാതിക്ക് അഖിലേഷിന്റെ മറുപടി
text_fieldsഅഖിലേഷ് യാദവ്, യോഗി ആദിത്യനാഥ്
ലഖ്നോ: ഉത്തർപ്രദേശിൽ വോട്ടർ പട്ടികയിൽ നിന്ന് ഒരു കോടിയിലേറെ ഹിന്ദു വോട്ടർമാരുടെ പേരുകൾ വെട്ടിമാറ്റിയെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണത്തിന് മറുപടിയുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്.
യോഗി ആദിത്യനാഥിന് ബുൾഡോസറുകളോട് ഇത്രയധികം താൽപര്യമുണ്ടെങ്കിൽ, അതിന്റെ സ്റ്റിയറിങ് തെരഞ്ഞെടുപ്പ് കമീഷന് നേരെ തിരിക്കട്ടെയെന്നാണ് അഖിലേഷ് പരിഹസിച്ചത്. യു.പിയിൽ ബുൾഡോസർ എന്നത് ഒരു ബ്രാൻഡ് പോലെയായി മാറിയിട്ടുണ്ടെന്ന യോഗിയുടെ പ്രസ്താവനയോട് ചേർത്താണ് എസ്.പി അധ്യക്ഷന്റെ പരിഹാസത്തോടെയുള്ള പ്രതികരണം.
സംസ്ഥാനത്ത് പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലിന് (എസ്.ഐ.ആർ) ശേഷം 1.27 കോടി ഹിന്ദു വോട്ടർമാരുടെ പേരുകൾ ഒഴിവാക്കപ്പെട്ടു എന്നായിരുന്നു യോഗി ആദിത്യനാഥിന്റെ ആരോപണം.
എന്നാൽ, മുഖ്യമന്ത്രി പറഞ്ഞത് സത്യമല്ലെന്നും, പിന്നോക്ക വിഭാഗങ്ങൾ, ദലിതർ, ന്യൂനപക്ഷങ്ങൾ എന്നിവരുടെ വോട്ടുകളാണ് വെട്ടിമാറ്റിയതെന്നും അഖിലേഷ് തിരിച്ചടിച്ചിരുന്നു. ആദ്യ പ്രസ്താവനക്കു ശേഷം യോഗി ഈ വിഷയം ആവർത്തിക്കാത്തത് തെരഞ്ഞെടുപ്പ് കമീഷൻ അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകിയത് കൊണ്ടാണെന്നും അഖിലേഷ് ആരോപിച്ചു.
തനിക്ക് ലഭിച്ച കണക്കുകൾ എവിടെ നിന്നാണെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു. ‘മുഖ്യമന്ത്രിക്ക് ഏതെങ്കിലും ദിവ്യശക്തിയോ പ്രത്യേക ഉപഗ്രഹമോ ലഭിച്ചിട്ടുണ്ടോ? 1.27 കോടി ഹിന്ദു വോട്ടുകൾ നീക്കം ചെയ്തതായി അദ്ദേഹത്തിന് എങ്ങനെ അറിയാം?’ -അഖിലേഷ് ചോദിച്ചു.
അതേസമയം, വോട്ടർമാരുടെ മതമോ ജാതിയോ സംബന്ധിച്ച വിവരങ്ങൾ തെരഞ്ഞെടുപ്പ് കമീഷന്റെ ഡാറ്റാ ബേസിൽ ഇല്ലെന്നും, ഏതെങ്കിലും ഒരു മതത്തെയോ സമൂഹത്തെയോ ലക്ഷ്യമിട്ട് വോട്ടുകൾ ഒഴിവാക്കുന്നതിൽ കമീഷന്റെ ഭാഗത്തുനിന്ന് യാതൊരു ഗൂഢാലോചനയും നടന്നിട്ടില്ലെന്നും ഉത്തർപ്രദേശ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ നവ്ദീപ് റിൻവ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.



