Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാത്രി പോസ്റ്റ്മോർട്ടം...

രാത്രി പോസ്റ്റ്മോർട്ടം വിഷയമാക്കി ടി.വി.കെ; വിജയിയെ വരുതിയിലാക്കാൻ ബി.ജെ.പി നീക്കം

text_fields
bookmark_border
രാത്രി പോസ്റ്റ്മോർട്ടം വിഷയമാക്കി ടി.വി.കെ; വിജയിയെ വരുതിയിലാക്കാൻ ബി.ജെ.പി നീക്കം
cancel

കാരൂർ: നടനും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവുമായ വിജയ് യുടെ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 41 ആയി. കരൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കരൂർ വേലുച്ചാമിപുരം സ്വദേശി സുഗുണ(65)യാണ് തിങ്കളാഴ്ച പുലർ​ച്ച മരിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ 11 പേരും 60ഓളം പേർ വാർഡുകളിലും ചികിത്സയിലുണ്ട്. 50ഓളം പേർ ആശുപത്രിവിട്ടു. മരിച്ചവരിൽ 18 സ്ത്രീകളും 14 പുരുഷന്മാരും ഒമ്പത് കുട്ടികളുമാണ്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ തമിഴ്നാട് സർക്കാർ നിയോഗിച്ച റിട്ട. ജസ്റ്റിസ് അരുണ ജഗദീശന്റെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ കമീഷൻ രണ്ടാം ദിവസമായ തിങ്കളാഴ്ചയും കരൂരിൽ തെളിവെടുപ്പ് നടത്തി. മരിച്ചവരുടെ വീടുകൾ സന്ദർശിച്ച് കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു. പലരും വിജയ്ക്ക് അനുകൂലമായും പ്രതികൂലമായും മൊഴി നൽകി. മറ്റു ചിലർ സംസ്ഥാന സർക്കാറിന്റെയും പൊലീസിന്റെയും നടപടികളെ വിമർശിച്ചു.

കരൂർ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ തലവനായി എ.ഡി.എസ്.പി പ്രേമാനന്ദനെ നിയമിച്ചു. നിലവിൽ കരൂർ ഡി.എസ്.പി സെൽവകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നിരുന്നത്. അതിനിടെ കരൂരിലെ തിക്കിലും തിരക്കിലും മരിച്ചവരുടെ മൃതദേഹങ്ങൾ രാത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്തത് നിയമവിരുദ്ധമാണെന്ന ടി.വി.കെ നേതാക്കളുടെ ആരോപണത്തിന് തമിഴ്‌നാട് ആരോഗ്യവകുപ്പ് വിശദീകരണം നൽകി. 2021 നവംബർ 15ന് കേന്ദ്ര ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ രാത്രിയിലും സർക്കാർ ആശുപത്രികളിൽ പോസ്റ്റ്‌മോർട്ടം നടത്താമെന്ന് പറയുന്നുണ്ട്. ഇതനുസരിച്ചാണ് പോസ്റ്റ്മോർട്ടം ത്വരിതഗതിയിലാക്കിയതെന്നും സർക്കാർ വ്യക്തമാക്കി.

കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് ദുരൂഹതകളുണ്ടെന്നും ഡി.എം.കെ സർക്കാറാണ് സംഭവത്തിന് ഉത്തരവാദിയെന്നും അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് ടി.വി.കെയുടെ ആഭിമുഖ്യത്തിൽ മധുര ഹൈകോടതിയിൽ ഹരജി സമർപ്പിച്ചതായി അഡ്വ: അറിവഴകൻ അറിയിച്ചു. വിജയ്‌യുടെ പ്രചാരണ വാഹനം മനഃപൂർവം വൈകിയെത്തിയതായ ആരോപണം ശരിയല്ല. വാഹനം വളരെ വേഗത്തിൽ ഓടിച്ചാൽ അപകടത്തിന് കാരണമാകുമായിരുന്നു. ജനക്കൂട്ടത്തിനിടയിൽ ആംബുലൻസുകൾ എത്തിയതും ദുരൂഹമാണ്. സുരക്ഷക്കായി 500 പൊലീസുകാരെ വിന്യസിച്ചുവെന്ന് പറയുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ദുരന്തവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം നടത്തിയതിന് 25 ആൾക്കെതിരെ പൊലീസ് കേസെടുത്തു.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

കരൂരിലെ തിക്കിലും തിരക്കിലുംപെട്ട് ശ്വാസംമുട്ടി 25 പേർ മരിച്ചതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വാരിയെല്ലുകൾ ഒടിഞ്ഞും ആന്തരികാവയവങ്ങൾ തകർന്നും നിരവധിപേർ മരിച്ചു. തിക്കിലും തിരക്കിലും കുടുങ്ങിയവരിൽ ഭൂരിഭാഗംപേരും രണ്ടും മൂന്നും മിനിറ്റ് വരെ ശ്വസിക്കാൻ കഴിയാതെയാണ് മരിച്ചതെന്ന് റിപ്പോർട്ടിലുണ്ട്. നിലത്ത് വീണവരുടെ മേൽ ചവിട്ടിക്കയറി വാരിയെല്ലുകൾ ഒടിഞ്ഞും ആന്തരിക പരിക്കുകൾ സംഭവിച്ചും പത്തിലധികം പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 25 ഓളം പേർ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരിച്ചത്.

കിംവദന്തികൾ പ്രചരിപ്പിക്കരുത് -സ്റ്റാലിൻ

കരൂർ ദുരന്തത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ അപവാദങ്ങളും കിംവദന്തികളും പ്രചരിപ്പിക്കരുതെന്നും എല്ലാവരും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും മുഖ്യമന്ത്രി സ്റ്റാലിൻ. തിങ്കളാഴ്ച വിഡിയോ സന്ദേശത്തിലായിരുന്നു അഭ്യർഥന.

വിജയ്‌ക്കെതിരെ പോസ്റ്ററുകൾ

കരൂർ ദുരന്തത്തിന് ഉത്തരവാദിയായ നടനും ടി.വി.കെ നേതാവുമായ വിജയ് യെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകൾ. ചോര പുരണ്ട കൈയുമായി വിജയ്‌ യുടെ ചിത്രമുള്ളതാണ് പോസ്റ്ററുകൾ. നിരപരാധികളെ ബലികൊടുത്ത് ഓടിരക്ഷപ്പെട്ട കൊലക്കുറ്റവാളി വിജയ് യെ അറസ്റ്റ് ചെയ്യണമെന്ന് പോസ്റ്ററിൽ ആവശ്യപ്പെടുന്നു.

​അന്വേഷണത്തിന് എൻ.ഡി.എ സമിതിയും

സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് എൻ.ഡി.എ സമിതി രൂപവത്കരിച്ചു. ബി.ജെ.പി എം.പിയും നടിയുമായ ഹേമമാലിനിയുടെ നേതൃത്വത്തിൽ എട്ടംഗ സമിതിയാണ് കരൂർ സന്ദർശിച്ച് തെളിവെടുപ്പ് നടത്തുക. സമിതിയിൽ അനുരാഗ് ഠാകുർ, തേജസ്വി സൂര്യ, പ്രജ് ലാൽ, ശ്രീകാന്ത് ഷിൻഡെ (ശിവസേന), അപരാജിത സാരംഗി, രേഖ ശർമ, പുട്ട മഹേഷ് കുമാർ (തെലുങ്ക് ദേശം) എന്നിവരാണ് അംഗങ്ങൾ.

വിജയിയെ വരുതിയിലാക്കാൻ ബി.ജെ.പി നീക്കം

ചെന്നൈ: കരൂർ ആൾക്കൂട്ട ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒറ്റപ്പെട്ട നടൻ വിജയ് യെയും തമിഴക വെട്രി കഴകത്തെയും (ടി.വി.കെ) വരുതിയിലാക്കാൻ കേന്ദ്ര ബി.ജെ.പി നേതൃത്വം കരുക്കൾ നീക്കുന്നു. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കുന്നതിനും ഡി.എം.കെ ഉയർത്തുന്ന വെല്ലുവിളി നേരിടുന്നതിനും ടി.വി.കെ, ബി.ജെ.പി സഹായം തേടിയതായി റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേസ് സി.ബി.ഐക്ക് കൈമാറണമെന്ന ആവശ്യം ഉന്നയിച്ചത്.

നിലവിൽ ബി.ജെ.പിക്കും ടി.വി.കെക്കും ഇടയിൽ മധ്യസ്ഥനാകുന്നത് ആർ.എസ്.എസ് നേതാവും തുഗ്ലക് വാരികയുടെ എഡിറ്ററുമായ എസ്. ഗുരുമൂർത്തിയാണ്. ടി.വി.കെയുമായി അടുപ്പമുള്ള ചിലർ വിജയ്ക്കുവേണ്ടി ഞായറാഴ്ച ഗുരുമൂർത്തിയെ സന്ദർശിച്ചതായാണ് റിപ്പോർട്ട്. എന്നാൽ, ഇക്കാര്യം ഗുരുമൂർത്തി നിഷേധിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും തമിഴ്നാട് ഗവർണറും കരൂർ ദുരന്തവുമായി ബന്ധ​െപ്പട്ട് തമിഴ്നാട് സർക്കാറിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജുഡീഷ്യൽ കമീഷൻ റിപ്പോർട്ടും പൊലീസ് അന്വേഷണവും തങ്ങൾക്കെതിരാവുമെന്ന് തിരിച്ചറിഞ്ഞ ടി.വി.കെ നേതൃത്വം സംസ്ഥാന സർക്കാറിനെയും പൊലീസിനെയും മുൻ മന്ത്രി സെന്തിൽബാലാജി ഉൾപ്പെടെയുള്ളവർക്കെതിരെയും നിയമ നടപടിക്ക് ഒരുങ്ങുകയാണ്. കരൂർ സംഭവത്തിന് പിന്നിൽ ആസൂത്രിത ഗൂഢാലോചനയുണ്ടെന്നും അട്ടിമറി നടന്നതായുമാണ് പാർട്ടിയുടെ ആരോപണം. വിജയ്ക്ക് നേരെ ചെരിപ്പേറും കല്ലേറും നടന്നത് ദുരൂഹ സാഹചര്യത്തിലാണെന്ന് ഇവർ സംശയിക്കുന്നു.

Show Full Article
TAGS:Vijay Rally Stampede TVK Postmortem stampade 
News Summary - TVK says it was illegal to perform postmortems on the bodies of the deceased at night
Next Story