ഒരുമിച്ചു പിറന്നവർ, മരണത്തിലും വേർപിരിയാതെ; ആടുകളെ കുളിപ്പിക്കാൻ പോയ ഇരട്ട സഹോദരങ്ങൾ തടാകത്തിൽ മുങ്ങി മരിച്ചു
text_fieldsദാവൺഗരെ: കർണാടകയിലെ ദാവൺഗരെ ജില്ലയിൽ ഇരട്ട സഹോദരങ്ങളായ യുവാക്കൾക്ക് ദാരുണാന്ത്യം. ആടുകളെ കുളിപ്പിക്കുന്നതിനിടെ തടാകത്തിൽ വീണ് ഇരുവരും മുങ്ങി മരിച്ചു.
ദാവണഗരെ ജില്ലയിലെ ഹടഡി ഗ്രാമത്തിന് സമീപമുള്ള തടാകത്തിലാണ് വ്യാഴാഴ്ച ദാരുണമായ സംഭവം നടന്നത്. ബട്ട്ലക്കട്ടെ ഗ്രാമത്തിലെ ആനന്ദപ്പയുടെ മക്കളായ ശിവരാജ് (22), ദേവരാജ് (22) എന്നിവരാണ് മരിച്ചത്.
ആടുകളെ മേയ്ക്കാനായി തടാകത്തിന് സമീപം എത്തിയതായിരുന്നു ഇരുവരും. പിന്നീട് ആടുകളെ കുളിപ്പിക്കുന്നതിനായി തടാകത്തിലേക്ക് ഇറക്കി.
എന്നാൽ, തടാകത്തിലെ ആഴമേറിയ കുഴികളെക്കുറിച്ച് അറിയാതെ ഇരുവരും അകപ്പെടുകയായിരുന്നുവെന്നാണ് വിവരം.
ഒരാൾ അബദ്ധത്തിൽ ആഴമുള്ള ഭാഗത്തേക്ക് ഇറങ്ങി മുങ്ങി താണപ്പോൾ, സഹോദരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടാമത്തെയാളും വെള്ളത്തിൽ മുങ്ങിയെന്നാണ് നാട്ടുകാർ പറയുന്നത്.
വിവരമറിഞ്ഞ് നിരവധി നാട്ടുകാർ തടാകക്കരയിൽ ഒത്തുകൂടി. ഹടഡി സ്റ്റേഷനിൽ നിന്ന് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.
നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ ദേവരാജിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം ചിഗട്ടേരി ജില്ല ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ശിവരാജിനായുള്ള തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ ഹടഡി പൊലീസ് കേസെടുത്ത് തുടർനടപടികൾ ആരംഭിച്ചു.
ഇരട്ട സഹോദരങ്ങളുടെ ദാരുണാന്ത്യം ബട്ട്ലക്കട്ടെ ഗ്രാമത്തെയും പരിസരപ്രദേശങ്ങളെയും കണ്ണീരിലാഴ്ത്തി.



