Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രതിസന്ധിക്കിടയിലും...

പ്രതിസന്ധിക്കിടയിലും ഇന്ത്യക്ക് ആശ്വാസം; ഹുർമുസ് കടലിടുക്ക് കടന്ന് രണ്ട് എൽ.പി.ജി കപ്പലുകൾ ഗുജറാത്തിലെത്തി

text_fields
bookmark_border
പ്രതിസന്ധിക്കിടയിലും ഇന്ത്യക്ക് ആശ്വാസം; ഹുർമുസ് കടലിടുക്ക് കടന്ന് രണ്ട് എൽ.പി.ജി കപ്പലുകൾ ഗുജറാത്തിലെത്തി
cancel

ഗാന്ധിനഗർ: ഇറാനെതിരെ ഇസ്രായേലും യു.എസും സംയുക്തമായി നടത്തുന്ന ആക്രമണ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര തലത്തിൽ നിലനിൽക്കുന്ന ആശങ്കകൾക്കിടയിലും ഹുർമുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്ക് രണ്ട് പാചകവാതക കപ്പലുകൾ എത്തി. 47,000 മെട്രിക് ടൺ എൽ.പി.ജിയുമായാണ് ഇന്ത്യൻ കപ്പലുകൾ ശനിയാഴ്ച ഗുജറാത്തിലെ ജാംനഗറിലുള്ള വടിനാർ ടെർമിനലിൽ സുരക്ഷിതമായി എത്തിച്ചേർന്നത്.

ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളുടെ നിരീക്ഷണത്തിലാണ് പാചകവാതക ചരക്ക് കപ്പലുകൾ ലക്ഷ്യസ്ഥാനത്തെത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ കപ്പലുകൾ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗുജറാത്ത് തീരത്ത് എത്തിയ കപ്പലുകളിൽ ഒന്നായ 'എം.ടി ജഗ് വസന്ത്' (MT Jag Vasant), നങ്കൂരമിട്ടിരിക്കുന്ന മറ്റൊരു കപ്പലിലേക്ക് പാചകവാതകം നേരിട്ട് മാറ്റുന്ന നടപടികൾ ആരംഭിച്ചു.

പേർഷ്യൻ ഗൾഫിൽ ഇന്ത്യൻ പതാക വഹിച്ചുള്ള 20 കപ്പലുകളും 540-ഓളം ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണെന്ന് തുറമുഖ-ഷിപ്പിങ് മന്ത്രാലയം അറിയിച്ചു. ഇന്ത്യയുൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾക്ക് ഹുർമുസ് കടലിടുക്കിലൂടെ സുരക്ഷിത പാത ഒരുക്കുമെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

രാജ്യത്തെ എൽ.പി.ജി ഉപഭോഗത്തിന്റെ 70 ശതമാനവും വീടുകളിലെ ആവശ്യത്തിനായുള്ളതാണ്. ഗൾഫ് മേഖലയിൽ നിന്നുള്ള വിതരണം പുനരാരംഭിക്കുന്നത് രാജ്യത്തെ നിലവിലെ പാചകവാതക ക്ഷാമത്തിന് വലിയ ആശ്വാസമാകും. ഷിപ്പിങ് ഡയറക്ടറേറ്റ് ജനറലിന് കീഴിലുള്ള കമ്മ്യൂണിക്കേഷൻ സെന്റർ സ്ഥിതിഗതികൾ 24 മണിക്കൂറും നിരീക്ഷിച്ചുവരികയാണ്. ഗൾഫ് മേഖലയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യൻ കപ്പലുകൾക്കോ നാവികർക്കോ എതിരെ യാതൊരുവിധ അനിഷ്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രാലയ സ്പെഷ്യൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ അറിയിച്ചു.

Show Full Article
TAGS:LPG Gas cargo ships Strait of Hormuz Israel Iran War 
News Summary - Relief for India amid crisis; Two LPG ships reach Gujarat after crossing the Strait of Hormuz
Next Story