Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎന്തുകൊണ്ടാണ് ആ പാക്...

എന്തുകൊണ്ടാണ് ആ പാക് കമിതാക്കൾ വിവാഹം കഴിക്കാനായി ഇന്ത്യയിലെത്തിയത്? മരുഭൂ താണ്ടിക്കടന്ന രണ്ടു പ്രണയകഥകൾ വൈറലാവുമ്പോൾ...

text_fields
bookmark_border
Toto and Meena Bhil from Lasri village in Pakistan (left). Popat and Gauri from Mungaria village of Pakistan
cancel
camera_alt

ടോട്ടോയും മീനയും, പോപ്പട്ടും ഗൗരിയും

1970ൽ പ്രശസ്ത എഴുത്തുകാരനും കവിയുമായ കേകി ദാരുവല്ല 'ലവ് എക്രോസ് ദ സാൾട്ട് ഡെസേർട്ട്' എന്ന പേരിൽ ഒരു ചെറുകഥ എഴുതിയിരുന്നു. ഫാത്തിമ എന്ന സുന്ദരിയായ പാകിസ്താനി പെൺകുട്ടിയുമായി ഇന്ത്യക്കാരനായ നജാബ് പ്രണയത്തിലാകുന്നതും എല്ലാ പ്രതിബന്ധങ്ങളും മറികടന്ന് അവർ ഒന്നിക്കുന്നതുമാണ് ചെറുകഥയിലുള്ളത്. ആ ചെറുകഥയെ ഓർമിപ്പിക്കുന്ന നാലു പ്രണയിനികളാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.

ഇന്ത്യ-പാക് അതിർത്തിക്കപ്പുറത്ത് എ​ങ്ങോട്ടു പോകണമെന്ന് അവർക്ക് ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല. ഒരു രാത്രി കഴിച്ചു കൂട്ടുക എന്നത് മാത്രമായിരുന്നു അവരെ സംബന്ധിച്ച് ഏറ്റവും പ്രധാനം. ഒക്ടോബർ നാലിനായിരുന്നു അത്. പുലർച്ചെ താര രൺമൽ ചുഡി എന്ന ടോട്ടോ കറുത്ത നിറത്തിലുള്ള പത്താൻ സ്യൂട്ടും പൂജ കർസൻ ചുഡി എന്ന മീന ചുരിദാറിനു മുകളിൽ ഇളം നീല നിറത്തിലുള്ള സ്വെറ്റ് ഷർട്ടും ധരിച്ച് പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ ഇസ്‍ലാംകോട്ട് തെഹ്സിലിലുള്ള തങ്ങളുടെ ലാസ്രി ഗ്രാമത്തിൽ നിന്ന് യാത്ര പുറപ്പെട്ടു. മൂന്നു ദിവസം കൊണ്ട് കിലോമീറ്ററുകൾ താണ്ടി അവർ രത്തൻപറിലെത്തി. കഠിനമായ മരുഭൂപ്രദേശങ്ങളും ചതുപ്പുനിലങ്ങളും താണ്ടിയ അവർ അധികം വൈകാതെ അറസ്റ്റിലാവുകയും ചെയ്തു.

ഒന്നരമാസത്തിനു ശേഷം നവംബർ 24ന് നാഥു ഭിൽ എന്ന പോപട്ട്, ഗൗരി ഗുലാബ് ഭിൽ എന്ന ഗൗരി ദമ്പതിമാരെയും അതിർത്തി രക്ഷാസേന പിടികൂടി. ടോട്ടുവിനെയും മീനയെയും പോലെ പാക് ഗ്രാമമായ മുൻഗരിയയിൽ നിന്ന് യാത്ര പുറപ്പെട്ടതായിരുന്നു അവർ. ജന്മനാട്ടിൽ നിന്ന് കേട്ടറിവ് മാത്രമുള്ള ഒരിടത്തേക്ക് പലായനം നടത്താൻ അവരെ പ്രേരിപ്പിച്ചത് ഹൃദയത്തിൽ വേരാഴ്ത്തിയ പ്രണയമായിരുന്നു. പൊലീസ് കസ്റ്റഡിയിലുള്ള ഇരു ദമ്പതികളെയും പൊലീസ് ചോദ്യം ചെയ്യുകയാണ്.

ഭിൽ ഗോത്രവർഗക്കാരാണ് നാലുപേരും. ഒരുമിച്ചു ജീവിക്കാനുള്ള വഴിയാണ് അവർ അന്വേഷിച്ചുകൊണ്ടിരുന്നത്. ഒരിക്കലും തങ്ങൾക്ക് നാട്ടിലേക്ക് മടങ്ങിച്ചെല്ലാനാകില്ലെന്നാണ് ഇവർ പറയുന്നത്. അന്ന് നജാബും ഫാത്തിമയും വേർപിരിഞ്ഞ അതേ ഥാർ മരുഭൂമിയിൽ വെച്ചാണ് ടോട്ടോയും മീനയും പോപ്പട്ടും ഗൗരിയും പുതുജീവിതത്തിലേക്കുള്ള വഴി തേടിയത്.

അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് വെറും രണ്ടു കിലോമീറ്റർ അകലെയാണ് പാകിസ്താനിലെ ലാസ്രി ഗ്രാമം. ഇടയന്മാരാണ് ഇവിടെ താമസിക്കുന്നവരിലേറെയും. കന്നുകാലികളെ മേയ്ക്കാനായി അവർ അതിർത്തിയി​ലേക്ക് വരുന്നു. ഇഷ്ടികച്ചുവരുകളുള്ള ഓല മേഞ്ഞ ​വീടുകളിലാണ് അവർ കഴിയുന്നത്. ബന്ധുക്കളാണ് അവിടെ താമസിക്കുന്നവരിൽ അധികവും. അതിനാൽ അവർക്കിടയിൽ വിവാഹബന്ധം നിഷിദ്ധമാണ്. ടോട്ടോയും മീനയും ബന്ധുക്കളായതിനാൽ ഒരിക്കലും വിവാഹം നടക്കില്ല. വിവാഹം നടന്നാൽ തന്നെ മരണമായിരിക്കും കാത്തിരിക്കുന്നത്. മീനയാണ് എവിടേക്കെങ്കിലും ഓടിപ്പോകാൻ ടോട്ടോയെ പ്രേരിപ്പിച്ചത്.

അങ്ങനെ ഇക്കഴിഞ്ഞ ഒക്ടോബർ നാലിന് കുറച്ച് റൊട്ടിയും ശർക്കരയും വലിയ ഒരു കുപ്പിയിൽ വെള്ളവുമായി ഇരുവരും പുറപ്പെട്ടു. സിന്ധി, കച്ചി മിശ്രിത ഭാഷയിലാണ് അവരുടെ സംസാരം. ഗുജറാത്തിയും അവർക്ക് മനസിലാകും.

1027-ാം നമ്പർ പില്ലറിൽ നിന്ന് അവർ ഇന്ത്യയിലേക്ക് കട​ന്നുവെന്നാണ് പൊലീസ് കരുതുന്നത്. അടുത്തിടെ പെയ്ത മഴ കാരണം റാൻ ഓഫ് കച്ചിലെ ചതുപ്പുനില തടാകങ്ങളിൽ ഇപ്പോൾ വെള്ളമുണ്ട്. മെരുഡോ ഡങ്കറിൽ എത്താൻ അവർക്ക് തടാകം താണ്ടേണ്ടിവന്നു. ചിലയിടങ്ങളിൽ അവരുടെ കഴുത്തോളം വെള്ളമുണ്ടായിരുന്നു. വെള്ളത്തിൽ വീണപ്പോൾ ഇരുവരുടെയും ചെരിപ്പും നഷ്ടമായി. അവിടെ നിന്ന് ചെരിപ്പില്ലാതെയാണ് അവർ ഇക്കണ്ട ദൂരമത്രയും താണ്ടിയത്.

ഏകദേശം 24 മണിക്കൂറിനുശേഷം, ഒക്ടോബർ അഞ്ചിന് വൈകീട്ട് അവർ മെരുഡോ ഡങ്കറിൽ എത്തി. പഴങ്ങളും വെള്ളവും കഴിച്ച് രാത്രി മുഴുവൻ ആ കുന്നിൻ മുകളിൽ ചെലവഴിച്ചു. അടുത്ത ദിവസം അവർ തെക്കുദിശയിലേക്ക് യാത്ര തിരിച്ചു.

ഒരു ചതുപ്പുനില തടാകത്തിന്റെ മധ്യത്തിലുള്ള ദ്വീപായ ഖാദിർ ബെറ്റിൽ സ്ഥിതി ചെയ്യുന്ന ഖാദിർ നി രഖൽ എന്ന കാട്ടുപ്രദേശമായിരുന്നു അടുത്ത വെല്ലുവിളി. രാത്രിയായപ്പോഴേക്കും അവർ അതിന്റെ വടക്കേ അറ്റത്ത് എത്തി. അവിടെയും അവർ കാട്ടുപഴങ്ങളും സസ്യജാലങ്ങളും കണ്ടെത്തി. അതിൽ ചിലത് കഴിച്ചതിനുശേഷം രാത്രി താഴ്‌വരയിൽ ചെലവഴിച്ചു.

ഒക്ടോബർ ഏഴിന് രാവിലെ ടോട്ടോയും മീനയും ഖാദിർ നി രഖൽ കടന്ന് രത്തൻപർ ഗ്രാമത്തിന് സമീപം ഇറങ്ങി. രത്തപാർ 260 വീടുകളുള്ള ഒരു ഗ്രാമമാണ്. അവിടത്തെ ജനസംഖ്യയിൽ പകുതിയും ഭിൽ സമുദായത്തിൽ പെട്ടവരാണ്. അഹിറുകൾ, ദലിതർ അല്ലെങ്കിൽ റബാരികൾ ആണ് മറ്റുള്ളവർ. വിവരമറിഞ്ഞെത്തിയ പൊലീസ് ടോട്ടോയെയും മീനയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് വിവിധ ഏജൻസികളുടെ ചോദ്യം ചെയ്യലിനായി അവരെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി.

വിവാഹം കഴിക്കാനായി മാത്രമാണ് ഇവിടേക്ക് എത്തിയതെന്ന് ഇരുവരും അന്വേഷണ ഏജൻസികളോട് പറഞ്ഞു. പാകിസ്താനിൽ വെച്ച് മരിക്കുന്നതിനേക്കാൾ ഭേദം അതാണെന്നും അവർ പറയുന്നു. ടോ​ട്ടോയും മീനയും പ്രായപൂർത്തിയായവരാണെന്ന് പരിശോധനകൾക്കുശേഷം പൊലീസ് കണ്ടെത്തി.അറസ്റ്റിലായി 41 ദിവസത്തിനു ശേഷം ഇരുവർക്കും എതിരെ പാസ്​പോർട്ട് ആക്ട്, ദി ഫോറിനേഴ്സ് ആക്ട് എന്നിവ പ്രകാരം കേസെടുക്കുകയും ചെയ്തു. ഇവരെ പ്രാദേശിക കോടതിയുടെ അനുമതിയോടെ ​ബ്രെയിൽ മാപ്പിങ്, പോളിഗ്രാഫ് ടെസ്റ്റുകൾ തുടങ്ങിയ ഫോറൻസിക് പരിശോധനകൾ നടത്തുമെന്നും പൊലീസ് അറിയിച്ചു.

ഗുൻഗാരിയ ഗ്രാമവാസികളായ പോപ്പട്ടിന്റെയും ഗൗരിയുടെയും കഥയും സമാനമാണ്. ഗ്രാമത്തിൽ നിന്ന് അതിർത്തിയിലേക്ക് എത്തുന്നതിനിടെയാണ് അവർ ബി.എസ്.എഫിന്റെ പിടിയിലായത്. ഒരേ ഗ്രാമത്തിൽ നിന്നുള്ളവരായതിനാൽ കുടുംബാംഗങ്ങൾ ഒന്നിച്ചു ജീവിക്കാൻ അനുവദിക്കില്ലെന്നും വിവാഹം കഴിക്കാനായാണ് ഇന്ത്യയിലേക്ക് വന്നതെന്നുമാണ് അവർ പറഞ്ഞത്. ധരിച്ചിരുന്ന വസ്ത്രങ്ങളും ചെരിപ്പുകളും 32 രൂപയുമായിരുന്നു അവരുടെ കൈവശം ഉണ്ടായിരുന്നത്. നവംബർ 26ന് ഇരുവരെയും ചോദ്യം ചെയ്യാൻ പ്രത്യേക കേന്ദ്രത്തിലേക്ക് അയച്ചു. വിദേശി നിയമം, പാസ്​പോർട്ട് നിയമം എന്നിവ പ്രകാരം ഇവർ​ക്കെതിരെ കേസെടുക്കാൻ സാധ്യതയുണ്ട്.

Show Full Article
TAGS:Gujarat great rann of kutch India Pakistan border 
News Summary - Two Pak couples in custody in Gujarat, pledging ‘love’ across the salt desert
Next Story