നടി ദിഷ പഠാണിയുടെ വീടിനു നേരെ വെടിയുതിർത്ത രണ്ടുപേർ കൊല്ലപ്പെട്ടു
text_fieldsനടി ദിഷ പഠാണി, പ്രതികൾ
ന്യൂഡൽഹി: ബോളിവുഡ് നടി ദിഷ പഠാണിയുടെ വീടിനു നേരെ വെടിയുതിർത്ത രണ്ടു പേർ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. ഹരിയാന സ്വദേശികളായ രവീന്ദ്രർ, അർജുൻ എന്നിവരെയാണ് ഡൽഹി പൊലീസ് സ്പെഷൽ സെല്ലും യു.പിയിലെയും ഹരിയാനയിലെയും പൊലീസും ചേർന്ന് വെടിവെച്ച് വീഴ്ത്തിയത്.
ലോറൻസ് ബിഷ്‍ണോയ് സംഘവുമായി ബന്ധമുള്ള രോഹിത് ഗൊദാര-ഗോൾഡി ബ്രാർ ഗ്യാങ്ങിലെ അംഗങ്ങളാണ് മരിച്ചവർ. ഗാസിയാബാദിലെ ടോർണിക സിറ്റിയിൽ നടന്ന സംഭവത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റതായി ഹരിയാന പൊലീസ് അറിയിച്ചു.
സെപ്റ്റംബർ 12ന് പുലർച്ചെയായിരുന്നു ദിഷ പഠാണിയുടെ ബറേലിയിലെ സിവില്‍ ലൈനിലുള്ള വീടിന് പുറത്ത് വെടിവെപ്പുണ്ടായത്. ദിഷയും സഹോദരി ഖുഷ്ബു പഠാണിയും ഹിന്ദു സന്യാസിമാരായ പ്രേമാനന്ദ് മഹാരാജിനെയും അനിരുദ്ധാചാര്യ മഹാരാജിനെയും അപമാനിച്ചെന്ന് ആരോപിച്ചായിരുന്നു വെടിവെപ്പ്. ലോറൻസ് ബിഷ്‍ണോയ് സംഘം സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.