യു.പി രണ്ടാം ഘട്ട വോട്ടെടുപ്പ് ബി.ജെ.പിക്ക് വെല്ലുവിളി
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ തിങ്കളാഴ്ച നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പ് ആദ്യഘട്ടത്തെ അപേക്ഷിച്ച് ഭരണകക്ഷിയായ ബി.ജെ.പിക്ക് വെല്ലുവിളി ഉയർത്താൻ സാധ്യതയുള്ളതായി രാഷ്ട്രീയ നിരീക്ഷകർ. 2017ലെ തെരഞ്ഞെടുപ്പിൽ 55 നിയമസഭ മണ്ഡലങ്ങളിൽ 40 എണ്ണം ബി.ജെ.പി സ്വന്തമാക്കിയപ്പോൾ 13 ഇടത്താണ് സമാജ്വാദി പാർട്ടി ജയിച്ചത്.
എന്നാൽ, ഈ പട്ടിക തിരിയാനുള്ള സാധ്യത ഇന്റലിജൻസ് വൃത്തങ്ങൾ തള്ളിക്കളയുന്നില്ല. ഒമ്പത് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഈ ഘട്ടത്തിൽ പ്രബലമായ മുസ്ലിം വിഭാഗവും കർഷകരും ചേർന്ന് ബി.ജെ.പിയുടെ അപ്രമാദിത്വം തകിടം മറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2017ൽ ബിഎസ്.പിയും എസ്.പിയും തമ്മിലുള്ള പോരാട്ടത്തിൽ മുസ്ലിം വോട്ടുകൾ ഭിന്നിച്ചത് ബി.ജെ.പിക്ക് ഗുണം ചെയ്തിരുന്നുവെങ്കിൽ ഇക്കുറി അത്തരം ഭീഷണി നിലനിൽക്കുന്നില്ല.
ബി.ജെ.പിയും എസ്.പിയും തമ്മിലാണ് നേർക്കുനേർ പോരാട്ടം എന്നത് വോട്ടർമാർക്കിടയിൽ വ്യക്തമായി പ്രകടമായതിനാൽ വോട്ടു ഭിന്നിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. മാത്രമല്ല, തെരഞ്ഞെടുപ്പിൽ കാര്യമായി ചലനമുണ്ടാക്കാത്ത ബി.എസ്.പിയും അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മും ബി.ജെ.പിയുടെ 'ബി' ടീമാണെന്ന പ്രചാരണവും എസ്.പിയുടെ മുന്നേറ്റത്തിന് വഴിവെക്കുമെന്നാണ് കരുതുന്നത്.
ബി.ജെ.പിക്ക് ആശങ്ക ഉയർത്തുന്ന മറ്റൊരു ഘടകം കർഷകരോഷമാണ്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ടെനിയുടെ മകൻ ആശിഷ് മിശ്രയുടെ വാഹനമിടിച്ചതിനെ തുടർന്ന് നാല് കർഷകർ കൊല്ലപ്പെട്ട ലഖിംപൂർ-ഖേരിക്ക് സമീപമാണ് കാർഷിക സമ്പന്നമായ ഈ ബെൽറ്റ് എന്നത് ബി.ജെ.പി വോട്ടിൽ ഇടിവു വരുത്തുമെന്ന പ്രതീക്ഷയിലാണ് സമാജ്വാദി പാർട്ടി.