Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമദ്യപാനത്തിനുള്ള ക്ഷണം...

മദ്യപാനത്തിനുള്ള ക്ഷണം നിരസിച്ചു; യു.പിയിൽ ട്രെയിനിൽവെച്ച് മുസ്‍ലിം വിദ്യാർഥിക്ക് ക്രൂര മർദനം

text_fields
bookmark_border
മദ്യപാനത്തിനുള്ള ക്ഷണം നിരസിച്ചു; യു.പിയിൽ ട്രെയിനിൽവെച്ച് മുസ്‍ലിം വിദ്യാർഥിക്ക് ക്രൂര മർദനം
cancel

ലഖ്നോ: ട്രെയിൻ യാത്രയ്ക്കിടെ മദ്യം കഴിക്കാനുള്ള ക്ഷണം നിരസിച്ച മുസ്‍ലിം വിദ്യാർഥിയെ സംഘം ചേർന്ന് മർദിച്ച് അവശനാക്കി. ഉത്തർപ്രദേശിലെ മീററ്റിൽനിന്ന് ദേവ്ബന്ദിലേക്ക് യാത്ര ചെയ്യുകയായിരുന്ന മുൻതസിർ എന്ന വിദ്യാർഥിക്കാണ് ട്രെയിനിൽവെച്ച് ക്രൂരമായ ആക്രമണമേറ്റത്. ശേഷം വിദ്യാർഥിയെ ഖതൗലി സ്റ്റേഷനിൽ ഇറക്കിവിട്ട അക്രമികൾ ഇയാളുടെ പണവും മൊബൈൽ ഫോണും കവരുകയും ചെയ്തു.

പ്രശസ്ത ഇസ്‍ലാമിക പഠന കേന്ദ്രമായ ദാറുൽ ഉലൂം ദേവ്ബന്ദിലേക്ക് പോകാനായി മീററ്റിൽനിന്നാണ് മുൻതസിർ ട്രെയിനിൽ കയറിയത്. സീറ്റിൽ ശാന്തനായി ഇരിക്കുകയായിരുന്ന ഇയാളോട് ട്രെയിനിലിരുന്ന് മദ്യപിക്കുകയായിരുന്ന സംഘം മദ്യം കഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ഇത് നിരസിച്ച് ഇയാൾ അടുത്ത സീറ്റിലേക്ക് മാറി ഇരുന്നു.തുടർന്നും സംഘം നിർബന്ധം തുടർന്നതോടെ മുൻതസിർ അടുത്ത കോച്ചിലേക്ക് മാറി. എന്നാൽ, ഏതാനും സ്റ്റേഷനുകൾ പിന്നിട്ട ശേഷം ഇയാളെ തിരഞ്ഞുപിടിച്ചെത്തിയ മദ്യപസംഘം അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാർഥിയെ ക്രൂരമായി മർദിച്ച സംഘം ഖതൗലി സ്റ്റേഷനിൽ നിർബന്ധിച്ച് ഇറക്കിവിടുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

ഉത്തർപ്രദേശിൽ ട്രെയിൻ യാത്രക്കാർക്ക് നേരെ, പ്രത്യേകിച്ച് മുസ്‍ലിം സമുദായത്തിൽപ്പെട്ടവർക്ക് നേരെ നടക്കുന്ന ആക്രമണ പരമ്പരകളിൽ ഒടുവിലത്തെ സംഭവമാണിത്. കഴിഞ്ഞ ഏപ്രിലിൽ ബറേലി റെയിൽവേ സ്റ്റേഷന് സമീപം ബിഹാർ സ്വദേശിയായ മൗലാന തൗസീഫ് റസാ മജ്ഹരി (30) എന്ന മദ്രസ അധ്യാപകനെ ഓടുന്ന ട്രെയിനിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയിരുന്നു. കള്ളനെന്ന് ആരോപിച്ച് ഒരു സംഘം ആളുകൾ തന്നോട് ക്രൂരമായി പെരുമാറുകയാണെന്നും താൻ കള്ളനല്ലെന്നും മദ്രസ അധ്യാപകനാണെന്നും തൗസീഫ് റസാ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് ഭാര്യയ്ക്ക് ചെയ്ത വിഡിയോ കാളിൽ പറഞ്ഞിരുന്നു.

ബാഗിലെ പുസ്തകങ്ങൾ കാണിച്ചുകൊടുത്തിട്ടും യാത്രക്കാരിലാരും സഹായത്തിനെത്തിയില്ലെന്നും അദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് ട്രെയിൻ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ റെയിൽവേ പൊലീസും ഭരണകൂടവും പരാജയപ്പെടുന്നുവെന്ന വിമർശനം ഇതോടെ ശക്തമായിട്ടുണ്ട്.

Show Full Article
TAGS:Uttar Pradesh train attack hate crime Muslim Student 
News Summary - UP Train Horror: Student Brutally Assaulted and Robbed After Refusing Alcohol
Next Story