ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കഴിഞ്ഞത് 43 വർഷം; ഇന്ത്യക്കാരന്‍റെ നാടുകടത്തൽ തടഞ്ഞ് യു.എസ് കോടതി
text_fieldsവാഷിങ്ടൺ: ചെയ്യാത്ത കുറ്റത്തിന് 43 വർഷം ജയിലിൽ കഴിഞ്ഞ ഇന്ത്യക്കാരന്‍റെ നാടു കടത്തൽ തടഞ്ഞ് യു.എസ് കോടതി. 64 കാരനായ സുബ്രഹ്മണ്യ വേദത്തെ കൊലപാതക കുറ്റം ചുമത്തിയാണ് ജയിലിലടച്ചത്. ജയിൽ മോചിതനായ സുബ്രഹ്മണ്യം നാടുകടത്തലിന്‍റെ ഭാഗമായി ഇമിഗ്രേഷൻ കസ്റ്റഡിയിലായിരുന്നു.
ഇമിഗ്രേഷൻ അപ്പീൽ ബോർഡ് കേസിൽ അന്തിമ തീരുമാനത്തിലെത്തുന്നതു വരേക്കാണ് നാടു കടത്തൽ നടപടി നിർത്തി വെക്കാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്. 1982ലാണ് യു.എസിൽ സ്ഥിരം താമസക്കാരനായ സുബ്രഹ്മണ്യത്തെ തന്‍റെ സുഹൃത്ത് കെൻസറിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റ് ചെയ്തത്. കൊല്ലപ്പെടുന്നതിന് മുമ്പ് കെൻസറിനെ അവസാനമായി കണ്ടത് സുബ്രഹ്മണ്യമായിരുന്നു എന്നതാണ് തെളിവായി എടുത്തത്.
മറ്റ് തെളിവുകളോ സാക്ഷി മൊഴികളോ ഇല്ലാതിരുന്നിട്ടും കോടതി അദ്ദേഹത്തെ കൊലപാതകത്തിന് ശിക്ഷിച്ചു. ആഗസ്റ്റിൽ അദ്ദേഹത്തിന്‍റെ അഭിഭാഷകൻ കുറ്റക്കാരനല്ലെന്ന് വാദിക്കുന്ന പുതിയ തെളിവ് അവതരിപ്പിച്ചതോടെ ശിക്ഷ റദ്ദാക്കുകയായിരുന്നു. തുടർന്ന് ഒക്ടോബർ 3ന് റിലീസ് ചെയ്തു. എന്നാൽ ഉടൻ തന്നെ ഇമിഗ്രേഷൻ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.


