Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിവാദത്തിന് തിരിയിട്ട്...

വിവാദത്തിന് തിരിയിട്ട് വന്ദേമാതരം ചർച്ച; മോദിയുടെ ആക്രമണത്തിന് പ്രിയങ്കയുടെ പ്രത്യാക്രമണം

text_fields
bookmark_border
വിവാദത്തിന് തിരിയിട്ട് വന്ദേമാതരം ചർച്ച; മോദിയുടെ ആക്രമണത്തിന് പ്രിയങ്കയുടെ പ്രത്യാക്രമണം
cancel

ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ദേശീയഗീതമായ വന്ദേമാതരം വിവാദമാക്കി 150-ാം വാർഷിക ചർച്ചക്ക് ലോക്‌സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടപ്പോൾ, നെഹ്റുവിനെയും കോൺഗ്രസിനെയും ആക്രമിക്കാൻ വസ്തുതകൾ മറച്ചുവെച്ച മോദിയെ ചരിത്രം പഠിപ്പിച്ച് പ്രിയങ്ക ഗാന്ധിയുടെ പ്രത്യാക്രമണം.

വിഭജനത്തിന് മുമ്പ് സർവേന്ത്യ മുസ്‍ലിം ലീഗിന് വേണ്ടി ജവഹർ ലാൽ നെഹ്റു വന്ദേമാതരത്തെ രണ്ട് ശ്ലോകത്തിലാക്കി വെട്ടിമുറിച്ചുവെന്ന് മോദി ആരോപിച്ചപ്പോൾ, ആറ് ശ്ലോകങ്ങളിലെ രണ്ട് മതിയെന്നത് മഹാകവി രബീന്ദ്ര നാഥ ടാഗോറിന്റെ നിർദേശമാണെന്നും അദ്ദേഹത്തെയും അതംഗീകരിച്ച മഹാത്മജി, നേതാജി, പണ്ഡിറ്റ് നെഹ്റു, ആചാര്യനരേന്ദ്ര ദേവ്, സർദാർ പട്ടേൽ, രബീന്ദ്ര നാഥ് ടാഗോർ എന്നിവരെയുമാണ് ഇത് വിവാദമാക്കി മോദി അപമാനിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി തിരിച്ചടിച്ചു.

നെഹ്റു ആവശ്യപ്പെട്ട് രണ്ട് ശ്ലോകമാക്കിയെന്ന് മോദി

1875 നവംബറിൽ ബങ്കിം ചന്ദ്ര ചാറ്റർജി എഴുതിയ വന്ദേമാതരം കവിത 1896ൽ ആദ്യമായി രബീന്ദ്രനാഥ് ടാഗോർ ഒരു ചടങ്ങിൽ ആലപിച്ചെന്നും സ്വാതന്ത്ര്യസമര സേനാനികൾക്ക് പ്രചോദനമായ ഗാനമായി മാറിയിരുന്നുവെന്നും മോദി പറഞ്ഞു. എന്നാൽ മുഹമ്മദലി ജിന്നയുടെയും സർവേന്ത്യ മുസ്‍ലിം ലീഗിന്റെയും സമ്മർദത്തിന് വഴങ്ങി 1937ൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു കോൺഗ്രസ് സമ്മേളനങ്ങളിൽ ആദ്യ രണ്ട് ശ്ലോകങ്ങൾ മാത്രം ദേശീയഗീതമായി ഉപയോഗിക്കാൻ ആവശ്യപ്പെട്ടെന്നും മോദി തന്റെ ആമുഖ പ്രസംഗത്തിൽ ആരോപിച്ചു. ദേശീയ ഗീതത്തെ വെട്ടിമുറിച്ച പോലെ പിന്നീട് രാജ്യത്തെയും വെട്ടിമുറിച്ചെന്നും മോദി ആരോപണം തുടർന്നു.

നെഹ്റുവിനും കോൺഗ്രസിനുമെതിരെ രൂക്ഷവിമർശനമഴിച്ചുവിട്ട മോദി, വന്ദേമാതരത്തിന് 100 വർഷമായപ്പോൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അതിനെ ആദരിക്കുന്നവരെ ജയിലിലിട്ടുവെന്നും ഭരണഘടന അടിച്ചമർത്തപ്പെട്ടുവെന്നും തുടർന്നു.

രണ്ട് ശ്ലോകമാക്കിയ ടാഗോറിനെയും നേതാക്കളെയും മോദി അവഹേളിച്ചെന്ന് പ്രിയങ്ക

നേതാജി സുഭാഷ് ചന്ദ്ര ബോസിന് ഒക്ടോബർ 20ന് നെഹ്റു എഴുതിയ കത്തിനെക്കുറിച്ച് സഭയിൽ പറഞ്ഞ നരേന്ദ്ര മോദി, ഒക്ടോബർ 17ന് നേതാജി നെഹ്റുവിന് അയച്ച കത്തിനുള്ള മറുപടിയാണ് അതെന്ന് പറഞ്ഞില്ല. നേതാജിയാണ് ശാന്തിനികേതനിൽ പോയി ടാഗോറിനെ കാണാൻ നെഹ്റുവിനോട് പറഞ്ഞത്. 20 ഒക്ടോബറിന് നൽകിയ മറുപടിയിലെ മോദി വായിക്കാതെ വിട്ട ഭാഗം പ്രിയങ്ക വായിച്ചു കേൾപ്പിച്ചു. വന്ദേമാതരത്തിനെതിരായ പ്രചാരണം വലിയൊളവിൽ വർഗീയമാണെന്നും വർഗീയ വികാരത്തിന് അടിയറവ് പറയാനാവില്ലെന്നുമാണ് നെഹ്റു എഴുതിയത്.

എന്നാൽ വന്ദേമാതരത്തിൽ ബങ്കിം ചന്ദ്ര ചാറ്റർജി ആദ്യമെഴുതിയ രണ്ട് ശ്ലോകങ്ങൾ ദേശീയ ഗീതമാക്കിയാൽ മതിയെന്നും പിന്നീട് കൂട്ടിച്ചേർത്ത നാല് ശ്ലോകങ്ങൾ മറ്റു മതസ്ഥർക്ക് ആലപിക്കാൻ പ്രയാസമുള്ളതിനാൽ രാജ്യത്തെ നിലവിലെ സാഹചര്യത്തിൽ അതിന്റെ ഉപയോഗം അനുചിതമാകുമെന്നും ടാഗോർ നെഹ്റുവിനെഴുതി. മഹാത്മജി, നേതാജി, പണ്ഡിറ്റ് നെഹ്റു, ആചാര്യനരേന്ദ്രദേവ്, സർദാർ പട്ടേൽ, രബീന്ദ്ര നാഥ് ടാഗോർ എന്നിവർ എല്ലാവരും ചേർന്നാണ് നെഹ്റുവിന് മുന്നിൽ വെച്ച നിർദേശ പ്രകാരം ആദ്യ രണ്ട് ഖണ്ഡികകൾ ദേശീയഗീതമാകുന്നത്. തുടർന്ന് 1937 ഒക്ടോബർ 28ന് കോൺഗ്രസ് ദേശീയഗീതമായി വന്ദേമാതരത്തെ പ്രഖ്യാപിച്ചു. 1950ൽ ഭരണഘടനാസഭയിൽ ഇവർക്കൊപ്പം ബി.ആർ. അംബേദ്കറും ബി.ജെ.പിക്കാരുടെ നേതാവായ ശ്യാമ പ്രസാദ് മുഖർജിയുമുണ്ടായിട്ടും വിയോജിപ്പ് പ്രകടിപ്പിച്ചില്ല. ഭരണഘടന സഭയിലെ മഹാപുരുഷന്മാർ വിവേകത്തോടെ എടുത്ത തീരുമാനത്തെയാണ് മോദി അവഹേളിക്കുന്നതെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

1875ൽ മഹാകവി ബങ്കിം ചന്ദ്ര ചാറ്റർജി ആദ്യ രണ്ട് ഖണ്ഡിക എഴുതി. 1862-ൽ രചിച്ച ‘ആനന്ദ് മഠ്’ പ്രബന്ധത്തിൽ നാല് ഖണ്ഡികകൾ കൂടി എഴുതി. 1896ലെ കോൺഗ്രസ് സമ്മേളനത്തിൽ രബീന്ദ്ര നാഥ് ടഗോർ വന്ദേ മാതരം ആലപിച്ചു. 1905ൽ ബംഗാൾ വിഭജന നീക്കമുണ്ടായപ്പോൾ ടാഗോൾ വന്ദേമാതരം ചൊല്ലി തെരുവിലിറങ്ങി. ഇത് ബ്രിട്ടീഷ് സാമ്രാജ്യത്തെ ഭയപ്പെടുത്തി. വസ്തുതകൾ മറച്ചുവെച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, 1896ൽ ആദ്യമായി രബീന്ദ്രനാഥ് ടാഗോർ വന്ദേമാതരം ഒരു ചടങ്ങിൽ പാടിയെന്ന് പറഞ്ഞെങ്കിലും ആ ചടങ്ങ് ഏതാണെന്ന് പറഞ്ഞില്ല. അതിനുകാരണം അത് ഹിന്ദു മഹാസഭയുടെയോ ആർ.എസ്.എസിന്റെയോ ചടങ്ങായിരുന്നില്ല. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റേതായിരുന്നു. അത് പറയാനാണോ മോദി പേടിക്കുന്നതെന്ന് പ്രിയങ്ക ചോദിച്ചു.

Show Full Article
TAGS:Rabindranath Tagore Nehru narandra modi Priyanka Gandhi India Latest News 
News Summary - Vande Mataram discussion turns to controversy in parlament
Next Story