Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിജയ് സർക്കാറിൽ...

വിജയ് സർക്കാറിൽ വി.സി.കെ, മുസ്ലിം ലീഗ് മന്ത്രിമാരും, സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

text_fields
bookmark_border
വിജയ് സർക്കാറിൽ വി.സി.കെ, മുസ്ലിം ലീഗ് മന്ത്രിമാരും, സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
cancel

ചെന്നൈ: തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ വീണ്ടും വികസിപ്പിച്ചു. സഖ്യകക്ഷികളായ വിടുതലൈ ശിറുതൈകൾ കക്ഷി (VCK), ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ് (IUML) എന്നിവയുടെ പ്രതിനിധികളാണ് ഇന്ന് പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ചെന്നൈ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഇരുവർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. തിണ്ടിവനം മണ്ഡലത്തിൽ നിന്നുള്ള വിസികെ എം.എൽ.എ വണ്ണി അരസുവിന് സാമൂഹ്യ ക്ഷേമ വകുപ്പും , പാപനാശം മണ്ഡലത്തിൽ നിന്നുള്ള ഐ.യു.എം.എൽ എം.എൽ.എ എ.എം. ഷാജഹാന് ന്യൂന പക്ഷ ക്ഷേമ വകുപ്പുമാണ് ലഭിച്ചത്.

വ്യാഴാഴ്ച ഭരണകക്ഷിയിലെ പ്രമുഖരെ ഉൾപ്പെടുത്തി മുഖ്യമന്ത്രി വിജയ് വൻ മന്ത്രിസഭാ പുനഃസംഘടന നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സഖ്യകക്ഷികളെയും ഉൾപ്പെടുത്തിയുള്ള രണ്ടാമത്തെ വികസനം. കോൺഗ്രസ് എം.എൽ.എമാരായ എസ്. രാജേഷ് കുമാർ, പി. വിശ്വനാഥൻ എന്നിവരും നിലവിൽ മന്ത്രിസഭയിലുണ്ട്. ഇതോടെ, തമിഴ്‌നാടിന്റെ ചരിത്രത്തിൽ ആദ്യമായി രൂപീകൃതമായ സഖ്യകക്ഷി മന്ത്രിസഭ എന്ന സവിശേഷതയും വിജയ് സർക്കാർ സ്വന്തമാക്കി. പുതിയ അംഗങ്ങൾ കൂടി എത്തിയതോടെ തമിഴ്‌നാട് മന്ത്രിസഭയിലെ ആകെ അംഗങ്ങളുടെ എണ്ണം 33 ആയി ഉയർന്നു.

മന്ത്രിസഭയിൽ പ്രമുഖ വകുപ്പുകളിലാണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ഡോ. രാധാകൃഷ്ണൻ നഗർ എം.എൽ.എയായ എൻ. മേരി വിൽസൺ ആണ് പുതിയ ധനമന്ത്രി. മുതിർന്ന നേതാവ് കെ.എ. സെങ്കോട്ടയ്യനെ ധനവകുപ്പിൽ നിന്ന് മാറ്റി റവന്യൂ വകുപ്പിന്റെ ചുമതല നൽകി. പുതിയ ക്യാബിനറ്റിൽ ദളിത്, വനിതാ പ്രതിനിധ്യത്തിൽ വലിയ വർധനവാണ് വന്നിരിക്കുന്നത്. ഏഴ് ദളിത് മന്ത്രിമാരും നാല് വനിതാ മന്ത്രിമാരും നിലവിൽ തമിഴ്‌നാട് സർക്കാരിന്റെ ഭാഗമാണ്. വ്യവസായ മന്ത്രിയായി എസ്. കീർത്തനയും മൃഗസംരക്ഷണ വകുപ്പ് മന്ത്രിയായി എസ്. കാമലിയും ക്ഷീരവികസന മന്ത്രിയായി സി. വിജയലക്ഷ്മിയും സോഷ്യൽ വെൽഫെയർ മന്ത്രിയായി കെ. ജഗദീശ്വരിയും ചുമതലയേറ്റു.

മുഖ്യമന്ത്രി വിജയ് തന്നെയാണ് ആഭ്യന്തരം, പൊലീസ്, തദ്ദേശഭരണം, ജലവിതരണം, പ്രത്യേക പദ്ധതികൾ, ദാരിദ്ര്യനിർമാർജനം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്നത്. കേരളത്തിന് പിന്നാലെ രാജ്യത്ത് ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് (AI) പ്രത്യേക മന്ത്രാലയം രൂപീകരിച്ച രണ്ടാമത്തെ സംസ്ഥാനമായി തമിഴ്‌നാട് മാറി എന്ന പ്രത്യേകതയുമുണ്ട്.

കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത ടി.വി.കെ എം.എൽ.എമാരായ ബി. രാജ്കുമാറിന് ഭവന-നഗരവികസന വകുപ്പും, വിജയ് തമിഴൻ പാർത്ഥിപന് ഗതാഗത വകുപ്പും, ആർ.വി. രഞ്ജിത് കുമാറിന് വനം വകുപ്പും, വി. സമ്പത്ത് കുമാറിന് പിന്നാക്ക ക്ഷേമ വകുപ്പും, വി. ഗാന്ധിരാജിന് സഹകരണ വകുപ്പും നൽകിയിട്ടുണ്ട്.

Show Full Article
TAGS:Tamilnau Joseph Vijay Tamilnadu CM vck iuml cabinet 
News Summary - VCK and Muslim League Ministers sworn into office in Vijay's Government
Next Story