രാജ്യത്ത് ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്നത് ക്രൈസ്തവ സമൂഹം; ഈസ്റ്ററിനും ക്രിസ്മസിനും ഇതേ ആളുകൾ കേക്കുമായി വരുന്നു -വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ അവരെ മോചിപ്പിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാജ്യത്ത് ഇന്ന് ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്നത് ക്രൈസ്തവ സമൂഹമാണെന്നും സഭാ വസ്ത്രം ധരിച്ച യാത്ര പോലും ചെയ്യാൻ പറ്റാത്ത സ്ഥിതിയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുകയാണ്. ഇതിന് മുമ്പും ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശിൽനിന്നുമെല്ലാം ഒരുപാട് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സഭാ വസ്ത്രം ധരിച്ച യാത്ര പോലും ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്. ഒരുമിച്ച് യാത്ര ചെയ്താൽ പോലും സംശയിക്കുന്ന രീതിയാണ്. രാജ്യത്തുടനീളം ഇത് നടക്കുമ്പോൾ ഇവിടെ ഈസ്റ്ററിനും ക്രിസ്മസിനും ഇതേ ആളുകൾ കേക്കുമായി വരികയാണ്.
രാജ്യത്ത് ഇന്ന് ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്നത് ക്രൈസ്തവ സമൂഹമാണ്. ക്രിസ്മസിന് ആരാധന പോലും തടസ്സപ്പെടുത്തുകയാണ്. പ്രാർത്ഥനാ കൂട്ടായ്മകളെല്ലാം തടസ്സപ്പെടുത്തുന്നു. വൈദികരെയും കന്യാസ്ത്രീമാരെയും കേസിൽപെടുത്തുകയാണ്. അവരെ ആക്രമിക്കുകയാണ്. പൊലീസും അതിന് കൂട്ടുനിൽക്കുകയാണ്.
എല്ലാ രേഖകളോടുംകൂടി യാത്ര ചെയ്തവരാണ് ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾ. ടി.ടി.ഇ ബജ്റങ് ദൾ പ്രവർത്തകരെ വിളിച്ചുവരുത്തുകയാണ്, പൊലീസിനെയല്ല. അവരെ ജയിലിൽനിന്ന് മോചിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണ് -വി.ഡി. സതീശൻ പറഞ്ഞു.