സുപ്രീംകോടതിക്കെതിരായ കടന്നാക്രമണം; ഉപരാഷ്ട്രപതിക്കെതിരെ നിയമജ്ഞർ
text_fieldsന്യൂഡൽഹി: സംസ്ഥാന നിയമസഭകളുടെ ബില്ലുകൾ വെച്ചുതാമസിപ്പിക്കുന്നത് തടയാൻ രാഷ്ട്രപതിക്ക് മൂന്നു മാസത്തെ സമയപരിധി നിശ്ചയിച്ച സുപ്രീംകോടതിയെ കടന്നാക്രമിച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിനെതിരെ നിയമജ്ഞർ രംഗത്ത്. സുപ്രീംകോടതിക്ക് പ്രത്യേകാധികാരം നൽകുന്ന ഭരണഘടനയുടെ 142ാം അനുച്ഛേദം ആണവ മിസൈൽ ആണെന്ന ഉപരാഷ്ട്രപതിയുടെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നെന്ന് സർക്കാറിനെ പിന്തുണക്കുന്ന നിയമജ്ഞരും അഭിപ്രായപ്പെട്ടു. അതേസമയം, വഖഫ് നിയമം മരവിപ്പിച്ചതിന്റെ അരിശം കൂടി സുപ്രീംകോടതിയോട് തീർത്ത ബി.ജെ.പി ഇങ്ങനെയെങ്കിൽ പാർലമെന്റ് പിരിച്ചുവിടുകയാണ് നല്ലതെന്ന് പറഞ്ഞ് ധൻഖറിനൊപ്പം നിന്നു.
സുപ്രീംകോടതിയുടെ വിശേഷാധികാരം
‘‘സുപ്രീം കോടതിക്ക് അതിന്റെ അധികാരപരിധി വിനിയോഗിച്ച്, അതിന് മുമ്പാകെയുള്ള ഏതൊരു കേസിലും വിഷയത്തിലും പൂർണ നീതി നടപ്പാക്കുന്നതിന് ആവശ്യമായ വിധിയോ ഉത്തരവോ പുറപ്പെടുവിക്കാം’’. (ഭരണഘടന നൽകിയ ഈ വിശേഷധികാരം ഉപയോഗിച്ചാണ് ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് മൂന്നു മാസത്തെ സമയപരിധി നിശ്ചയിച്ചത്).
വിശേഷാധികാരം നൽകിയത് ഭരണഘടന -കപിൽ സിബൽ
ഉപരാഷ്ട്രപതിയുടെ പ്രസ്താവന ഞെട്ടിക്കുന്നതും വേദനാജനകവുമെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ. ജനങ്ങൾക്ക് ഇപ്പോഴും വിശ്വാസയോഗ്യമായ ഒരു സ്ഥാപനം രാജ്യത്ത് അവശേഷിക്കുന്നുണ്ടെങ്കിൽ അത് കോടതി മാത്രമാണ്.
രാമജന്മഭൂമി, 370ാം അനുച്ഛേദം റദ്ദാക്കൽ തുടങ്ങി കോടതി തീരുമാനങ്ങൾ അനുകൂലമാകുന്ന കേസുകളിൽ സുപ്രീംകോടതിയുടെ വിവേകത്തെ പ്രശംസിക്കുകയും ജസ്റ്റിസ് പർദിവാലയുടെ വിധി പോലെ തങ്ങളുടെ കാഴ്ചപ്പാടിനോട് യോജിക്കാതിരിക്കുമ്പോൾ ആരോപണങ്ങളുന്നയിക്കുകയും ചെയ്യുന്ന സർക്കാർ നടപടി ആശങ്കജനകമാണെന്ന് സിബൽ ചൂണ്ടിക്കാട്ടി.
ഇത്തരം പ്രസ്താവനകൾ കോടതിയെ പാഠം പഠിപ്പിക്കുന്നതുപോലെയാണ്. നിഷ്പക്ഷരഹിതവും ഭരണഘടനാവിരുദ്ധവുമാണ്. 142ാം അനുച്ഛേദത്തിലൂടെ വിശേഷാധികാരം നൽകിയത് ഭരണഘടനയാണ്. സമ്പൂർണ നീതി നടപ്പാക്കുന്നത് സർക്കാറല്ല, ഭരണഘടനയാണെന്ന് സിബൽ ഓർമിപ്പിച്ചു.
രാഷ്ട്രപതിയും
ഗവർണറും ഭരണഘടനക്ക് കീഴിൽ -ദവെ
ഭരണഘടനാ പദവിയിലിരുന്ന് ധൻഖർ നടത്തിയ പ്രസ്താവന ഞെട്ടിക്കുന്നതും നിരാശപ്പെടുത്തുന്നതുമാണെന്ന് സുപ്രീംകോടതി ബാർ അസോസിയേഷൻ മുൻ പ്രസിഡന്റ് ദുഷ്യന്ത് ദവെ. അദ്ദേഹത്തിന്റെ പ്രസ്താവന ഭരണഘടനാപരമായി തെറ്റാണ്. എല്ലാറ്റിനും മുകളിൽ ഭരണഘടനയാണ്. അത് രാഷ്ട്രപതിക്കും ഗവർണർക്കും മുകളിലാണ്. ഈ ഭരണഘടനക്ക് കീഴിലാണ് രാഷ്ട്രപതിയും ഗവർണറും സത്യപ്രതിജഞ ചെയ്യുന്നത്. രാഷ്ട്രപതിയും ഗവർണറും അടങ്ങുന്ന ഭരണകൂടത്തിന്റെ പ്രവർത്തനം പരിശോധിക്കാനുള്ള അധികാരം കോടതിക്കുണ്ട്.
കോടതിയെ ഉപരാഷ്ട്രപതിക്ക് വിമർശിക്കാമെങ്കിലും ഉപയോഗിച്ച ഭാഷ ശരിയായില്ലെന്ന് പ്രമുഖ നിയമജ്ഞനും മുൻ നൽസാർ വൈസ്ചാൻസലറുമായ പ്രഫ. ഫൈസാൻ മുസ്തഫ പ്രതികരിച്ചു. പ്രമാദ വിഷയങ്ങളിൽ സർക്കാറിനൊപ്പം നിൽക്കുന്ന മുതിർന്ന അഭിഭാഷകൻ മഹേഷ് ജത് മലാനിയും ഇതേ നിലപാടാണ് കൈക്കൊണ്ടത്.
ഭരണഘടനാപരമായ തന്റെ പദവിക്ക് ചേരാത്ത പരാമർശങ്ങളാണ് ഉപരാഷ്ട്രപതി നടത്തിയതെന്ന് പ്രമുഖ ദേശീയ പത്രങ്ങളും വിമർശിച്ചു.
ബി.ജെ.പി ധൻഖറിനൊപ്പം
ഉപരാഷ്ട്രപതി സൃഷ്ടിച്ച എരിതീയിൽ എണ്ണയൊഴിച്ച ബി.ജെ.പി നേതാവും ലോക്സഭ എം.പിയുമായ നിഷികാന്ത് ദുബെ. നിയമം സുപ്രീംകോടതി തന്നെയുണ്ടാക്കുകയാണെങ്കിൽ പാർലമെന്റ് അടച്ചുപൂട്ടട്ടെ യെന്ന് അദ്ദേഹം തുറന്നടിച്ചു. രാജ്യത്ത് മതപരമായ യുദ്ധമുണ്ടാക്കിയതിന് സുപ്രീംകോടതിയാണ് ഉത്തരവാദി. സുപ്രീംകോടതി പരിധി കടക്കുകയാണ്.
എല്ലാ കാര്യത്തിനും സുപ്രീംകോടതിയിലേക്ക് പോയാൽ പിന്നെ പാർലമെന്റും നിയമസഭകളും അടച്ചുപൂട്ടണം. ചീഫ് ജസ്റ്റിസിനെ നിയോഗിക്കുന്നത് രാഷ്ട്രപതിയായിരിക്കേ അതേ അതോറിറ്റിക്ക് നിർദേശം നൽകുകയെങ്ങനെയാണ്? രാജ്യത്തിനായി നിയമമുണ്ടാക്കുന്ന പാർലമെന്റിനോട് സുപ്രീംകോടതി കൽപിച്ചാൽ നിയമനിർമാണം എങ്ങനെ നടത്തും? മൂന്നു മാസത്തിനകം രാഷ്ട്രപതി തീരുമാനമെടുക്കണമെന്ന് ഏതു നിയമത്തിലാണ് എഴുതിവെച്ചത്? ഇതിലൂടെ രാജ്യത്തെ അരാജകത്വത്തിലേക്ക് കൊണ്ടുപോകുകയാണെന്നും ഇക്കാര്യം പാർലമെന്റിൽ ചർച്ച ചെയ്യുമെന്നും ദുബെ പറഞ്ഞു.