ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്ത് സർക്കാർ അധ്യാപിക, പിടികൂടിയപ്പോൾ കള്ളം മറയ്ക്കാൻ ടി.ടി.ഇ ഉപദ്രവിച്ചുവെന്ന് വ്യാജ പരാതി
text_fieldsപറ്റ്ന: ടിക്കറ്റില്ലാതെ ട്രെയിനിലെ എ.സി കോച്ചിൽ യാത്ര ചെയ്യുന്നതിനിടെ പിടിക്കപ്പെട്ട് സർക്കാർ അധ്യാപിക. പിടികൂടിയതോടെ ടി.ടി.ഇ തന്നെ ഉപദ്രവിച്ചുവെന്ന വ്യാജ ആരോപണവുമായി പ്രതിരോധം തീർക്കാനായി പിന്നീടുള്ള ശ്രമം. ‘നിങ്ങൾ എന്നെ ശല്യപ്പെടുത്തുകയാണ്. എന്നെ മനഃപൂർവം ബുദ്ധിമുട്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് നിങ്ങൾ ഇത് ചെയ്യുന്നത്’ -എന്നാണ് സ്ത്രീ വീഡിയോയിൽ പറയുന്നത്. ‘ഇത് ബുദ്ധിമുട്ടിക്കുന്ന കാര്യമല്ല. നിങ്ങളുടെ കൈവശം ടിക്കറ്റില്ല. മുമ്പും നിങ്ങൾ ടിക്കറ്റില്ലാതെ യാത്ര ചെയ്തിട്ടുണ്ട്. നിങ്ങൾ ബീഹാർ സർക്കാരിൽ ഒരു അധ്യാപികയാണ്’ എന്ന് ടി.ടി.ഇയുടെ മറുപടി. അധ്യാപികയും ടിക്കറ്റ് പരിശോധകനും തമ്മിലുള്ള സംഘർഷത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
എന്നാൽ, താൻ അല്ല ടി.ടി.ഇയാണ് കള്ളം പറയുന്നതെന്നായിരുന്നു യുവതിയുടെ വാദം. ‘നിങ്ങൾ ബീഹാർ ഗവൺമെന്റിലെ ഒരു അധ്യാപികയാണെന്ന് എനിക്ക് വ്യക്തമായി അറിയാം. നിങ്ങൾ ടിക്കറ്റില്ലാതെയാണ് യാത്ര ചെയ്യുന്നതെന്നും. നിങ്ങളുടെ കൈവശം ടിക്കറ്റുകൾ ഉണ്ടെങ്കിൽ അത് ഞങ്ങളെ കാണിക്കൂ’ എന്നായിരുന്നു ടി.ടി.ഇ പറഞ്ഞത്. അദ്ദേഹം തന്‍റെ ഫോണിൽ സംഭവങ്ങൾ പകർത്തുന്നുണ്ടായിരുന്നു. എന്നാൽ, അയാളോട് വീഡിയോ എടുക്കരുതെന്നും ഫോൺ കാണിക്കാനും യുവതി ആവശ്യപ്പെട്ടു. ‘എന്നെ തൊടരുത്, മാറി നിൽക്കൂ’ എന്ന് പറഞ്ഞ ടി.ടി.ഇ യോട്, ‘ഞാൻ പോവുന്നു, നിങ്ങൾ എന്നെ ശല്യപ്പെടുത്തുകയാണ്’ എന്നാണ് സ്ത്രീ പറഞ്ഞത്. ‘ഞാനാണോ നിന്നെ ശല്യപ്പെടുത്തുന്നത്? നിന്റെ കൈയിൽ ടിക്കറ്റ് ഇല്ല. ഞാൻ നിന്നോട് സ്ലീപ്പർ കോച്ചിലേക്ക് പോകാൻ ആവശ്യപ്പെട്ടു, നീയാണ് പോകാൻ തയാറാകാത്തത്. എന്നിട്ട് നീ തന്നെ പറയുന്നു, ഞാൻ നിന്നെ ശല്യപ്പെടുത്തുകയാണെന്ന്’ - ടി.ടി.ഇ പറഞ്ഞു.
‘ഞാൻ പോയില്ലെങ്കിൽ നീ എന്തു ചെയ്യും? ഇത്രയും നാളായി നീ എന്നെ ശല്യപ്പെടുത്തുകയായിരുന്നു. നീ എന്നെ റെക്കോർഡ് ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം’- എന്ന് സ്ത്രീ ആക്രോശിക്കുന്നത് വീഡിയോയിൽ കേൾക്കാം. ‘തീർച്ചയായും ഞാൻ വീഡിയോ എടുക്കുന്നുണ്ട്. നീയാണ് ടിക്കറ്റ് എടുക്കാത്തത്, എന്നിട്ടും നീ പറയുന്നു, നീ കുഴപ്പത്തിലാണെന്ന്’ -ടി.ടി.ഇ പ്രതികരിച്ചു.
‘നിങ്ങൾ ഒരു യൂസ് ലെസ്‘ ആണെന്ന് പറഞ്ഞ് സ്ത്രീ പോകാനൊരുങ്ങിയപ്പോൾ ‘യൂസ് ലെസ് ഞാനല്ല, നീയാണ്’ എന്ന് ടി.ടി.ഇ തിരിച്ചടിച്ചു. ഈ വിഡിയോ ഓൺലൈനിൽ വ്യാപകമായ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. ടിക്കറ്റെടുക്കാതെ തട്ടിപ്പുകാട്ടിയശേഷം ഇരവാദവുമായെത്തിയ യുവതിയെ സോഷ്യൽ മീഡിയയിൽ നിരവധി പേർ വിമർശിച്ചു. ഒരു സർക്കാർ അധ്യാപിക ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് അനുചിതമായ നടപടിയായിപ്പോയെന്ന് പലരും ചൂണ്ടിക്കാട്ടി.