Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്ത്രീകൾക്ക് മാസം...

സ്ത്രീകൾക്ക് മാസം 2,500 രൂപ, വിവാഹത്തിന് എട്ട് ഗ്രാം സ്വർണ്ണം; വമ്പൻ വാഗ്ദാനങ്ങളുമായി വിജയ്

text_fields
bookmark_border
സ്ത്രീകൾക്ക് മാസം 2,500 രൂപ, വിവാഹത്തിന് എട്ട് ഗ്രാം സ്വർണ്ണം; വമ്പൻ വാഗ്ദാനങ്ങളുമായി വിജയ്
cancel
camera_alt

വിജയ്

ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ട് വൻ വാഗ്ദാനങ്ങളുമായി തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ വിജയ്. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച 12 'സാമ്പിൾ' വാഗ്ദാനങ്ങൾ തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഭരണകക്ഷിയായ ഡി.എം.കെയുടെ നിലവിലെ പദ്ധതികളെ മറികടക്കുന്ന പ്രഖ്യാപനങ്ങളാണ് വിജയ് നടത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ പദ്ധതികൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാർ ജീവനക്കാരുടെ കുടുംബങ്ങളൊഴികെ കുടുംബനാഥകളായ സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ വീതം ധനസഹായം നൽകുമെന്ന് വിജയ് പ്രഖ്യാപിച്ചു. കൂടാതെ, 'അന്നപൂർണി സൂപ്പർ 6' പദ്ധതി വഴി വർഷത്തിൽ ആറ് എൽ.പി.ജി സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി. 'അണ്ണൻ സീർ പദ്ധതി' പ്രകാരം വിവാഹവേളയിൽ 8 ഗ്രാം സ്വർണവും ഗുണനിലവാരമുള്ള പട്ടുസാരിയും നൽകുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നു. വിദ്യാഭ്യാസ രംഗത്ത് കുട്ടികളുടെ ​ഒഴിഞ്ഞുപോക്ക് തടയാൻ മാതാപിതാക്കൾക്ക് വർഷം 15,000 രൂപ ധനസഹായം നൽകുന്ന 'കാമരാജർ വിദ്യാഭ്യാസ പദ്ധതി'യും അദ്ദേഹം പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ മുഴുവൻ സർക്കാർ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്രയും വിജയ് വാഗ്ദാനം ചെയ്തു.സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ ചരിത്രപ്രസിദ്ധമായ 'റാണി വേലുനാച്ചിയാർ ഫോഴ്സ്' എന്ന പ്രത്യേക സേന രൂപവത്കരിക്കുമെന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. ബോഡി കാമറകൾ ഘടിപ്പിച്ച 500 ടീമുകളെ സംസ്ഥാനത്തുടനീളം വിന്യസിക്കും. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യാൻ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കും. പൊതുഗതാഗതത്തിൽ സ്മാർട്ട് പാനിക് ബട്ടണുകൾ, അഞ്ചു മിനിറ്റിനുള്ളിൽ അടിയന്തര സഹായം, സി.സി.ടി.വി നിരീക്ഷണം എന്നിവയും വാഗ്ദാനങ്ങളിലുണ്ട്. കൂടാതെ, നവജാത ശിശുക്കൾക്ക് സ്വർണ്ണ മോതിരവും ബേബി കെയർ കിറ്റും നൽകുന്ന പദ്ധതിയും അദ്ദേഹം അവതരിപ്പിച്ചു.

അതേസമയം, ഡി.എം.കെ സർക്കാരിനെ വിജയ് രൂക്ഷമായി വിമർശിച്ചു. സർക്കാർ പദ്ധതികളിൽ വ്യാപകമായ അഴിമതി നടക്കുന്നുണ്ടെന്നും ബജറ്റ് വിഹിതത്തിൽ കമീഷൻ കൈപ്പറ്റുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. തന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള വിവാദങ്ങൾ ആരാധകരെ ബാധിക്കരുതെന്നും, ജനങ്ങളുടെ പ്രശ്നങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം അഭ്യർഥിച്ചു. താൻ പ്രഖ്യാപിച്ചത് വെറും തുടക്കം മാത്രമാണെന്നും, വോട്ടർമാരുടെ ഹൃദയം കീഴടക്കാൻ പാകത്തിലുള്ള കൂടുതൽ പദ്ധതികളുമായി താൻ വരുമെന്നും വിജയ് സൂചന നൽകി.

Show Full Article
TAGS:TVK Vijay legislative election Latest News 
News Summary - Vijay promises Rs 2,500 per month for women
Next Story