Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപതിവ് തെറ്റിച്ച്...

പതിവ് തെറ്റിച്ച് മുഖ്യമന്ത്രി വിജയ്; നിയമസഭയിൽ സ്വന്തം കസേര വിട്ട് മന്ത്രിമാർക്കൊപ്പം ഇരിക്കുന്നതിന്റെ വിഡിയോ വൈറൽ

text_fields
bookmark_border
പതിവ് തെറ്റിച്ച് മുഖ്യമന്ത്രി വിജയ്; നിയമസഭയിൽ സ്വന്തം കസേര വിട്ട് മന്ത്രിമാർക്കൊപ്പം ഇരിക്കുന്നതിന്റെ വിഡിയോ വൈറൽ
cancel

ചെന്നൈ: തമിഴ്‌നാട് നിയമസഭയിലെ കാലാകാലങ്ങളായുള്ള പതിവുകളും പ്രോട്ടോക്കോളും മാറ്റിവെച്ച് മുഖ്യമന്ത്രി വിജയ് തനിക്കായി അനുവദിച്ച പ്രത്യേക കസേരയിൽ നിന്ന് മാറി മന്ത്രിമാർക്കൊപ്പം ഇരുന്നു. തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ കൂടിയായ അദ്ദേഹം തന്റെ മന്ത്രിസഭാ അംഗങ്ങൾക്കൊപ്പം ഇരിക്കുന്നതിന്റെ വിഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിക്കഴിഞ്ഞു.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞുള്ള സെഷനിലാണ് ഈ കൗതുകകരമായ സംഭവം നടന്നത്. സഭയിലെത്തിയ വിജയ് ആദ്യം തനിക്കായി മാറ്റിവെച്ച മുഖ്യമന്ത്രിയുടെ കസേരയിലാണ് ഇരുന്നത്. എന്നാൽ അൽപ്പസമയത്തിന് ശേഷം ആ കസേര വിട്ട് അദ്ദേഹം മന്ത്രിമാർ ഇരിക്കുന്ന നിരയിലേക്ക് മാറുകയായിരുന്നു. സഭാ നേതാവും മന്ത്രിയുമായ കെ.എ ചെങ്കോട്ടയ്യൻ, മന്ത്രി ആദവ് അർജുന എന്നിവർക്കിടയിലാണ് അദ്ദേഹം ഇരുന്നത്. അവിടെയിരുന്ന് മറ്റ് മന്ത്രിമാരുമായി അദ്ദേഹം വളരെ സൗഹാർദ്ദപരമായി സംസാരിക്കുന്നതും വൈറലായ വിഡിയോകളിൽ കാണാം.

സാധാരണഗതിയിൽ നിയമസഭയിൽ സ്പീക്കറുടെ ഇരിപ്പിടത്തിന് അടുത്തായി മുഖ്യമന്ത്രിക്ക് ഇരിക്കാൻ പ്രത്യേകം തയാറാക്കിയ വലിയൊരു കസേരയാണുള്ളത്. മുഖ്യമന്ത്രിയുടെ സീറ്റിന് സമീപത്തായി സീനിയോറിറ്റി അനുസരിച്ചാണ് മറ്റ് മന്ത്രിമാർക്ക് ഇരിപ്പിടം നൽകുക. ഇതിന് എതിർവശത്തായാണ് പ്രതിപക്ഷ നേതാവിനും മറ്റ് പാർട്ടി നേതാക്കൾക്കുമുള്ള സീറ്റുകൾ. എന്നാൽ ഈ ഔദ്യോഗിക പതിവുകളെല്ലാം കാറ്റിൽപ്പറത്തിയാണ് വിജയ് മന്ത്രിമാർക്കൊപ്പം ചെന്നിരുന്നത്. തമിഴ്‌നാടിന്റെ ചരിത്രത്തിൽ ഇതിനുമുമ്പ് ഒരു മുഖ്യമന്ത്രിയും ഇത്തരത്തിൽ മന്ത്രിമാർക്കുള്ള സീറ്റിൽ വന്നിരുന്നിട്ടില്ലെന്നാണ് നിലവിലെ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.

രാവിലെ വിവിധ സർക്കാർ പരിപാടികളിൽ പങ്കെടുത്ത ശേഷമാണ് വിജയ് നിയമസഭയിൽ എത്തിയത്. നേപ്പാളിലുണ്ടായ വലിയ മിന്നൽ പ്രളയത്തിൽ കുടുങ്ങിയ തമിഴ്‌നാട്ടുകാരെ രക്ഷിക്കുന്നതിനായ് മുഖ്യമന്ത്രി ഉന്നതതല അവലോകന യോഗവും വിളിച്ചുചേർത്തിരുന്നു. രണ്ട് സംഘങ്ങളിലായി 103 പേരാണ് തമിഴ്‌നാട്ടിൽ നിന്നും നേപ്പാളിലേക്ക് പോയത്. ഇതിൽ ആദ്യ സംഘത്തിൽ തമിഴ്‌നാട്ടിൽ നിന്നുള്ള 54 പേരും പുതുച്ചേരിയിൽ നിന്നുള്ള 3 പേരും, രണ്ടാമത്തെ സംഘത്തിൽ തമിഴ്‌നാട്ടിൽ നിന്നുള്ള 49 പേരും ഉൾപ്പെടുന്നു. ഇവരെ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള നടപടികൾക്ക് വിജയ് രൂപം നൽകി.

മുഖ്യമന്ത്രി പദത്തിൽ 100 ദിവസം പിന്നിടുമ്പോൾ ജനപ്രിയമായ നിരവധി പ്രഖ്യാപനങ്ങളിലൂടെയും സുപ്രധാന ബില്ലുകളിലൂടെയും തമിഴ്‌നാട് ഭരണത്തിൽ ശക്തമായ ഇടപെടലുകളാണ് വിജയ് നടത്തുന്നത്. ക്ഷീരകർഷകർ, സർക്കാർ ജീവനക്കാരായ സ്ത്രീകൾ, ജനപ്രതിനിധികൾ, ആരോഗ്യമേഖല എന്നിവർക്കായി വലിയ ആനുകൂല്യങ്ങളാണ് അടുത്തിടെ അദ്ദേഹത്തിന്റെ സർക്കാർ പ്രഖ്യാപിച്ചത്. മൂന്നാമത്തെ കുട്ടിയെ പ്രസവിക്കുന്നതിനായി സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകൾക്ക് നൽകുന്ന പ്രസവാവധി 12 ആഴ്ചയിൽ നിന്ന് 365 ദിവസമായി ഉയർത്തിയിരുന്നു.

Show Full Article
TAGS:TVK Vijay Tamil Nadu CM Tamil Nadu Assembly Viral Video 
News Summary - Vijay leaves CM seat, sits with ministers in rare gesture in Tamil Nadu Assembly
Next Story