വിജയ്ക്ക് ബി.ജെ.പി നേതാവ് അണ്ണാമലൈയുടെ ഗുഡ് സർട്ടിഫിക്കറ്റ്; ‘ഏറെ ആരാധകരുള്ള നടൻ, നന്നായി വോട്ട് പിടിക്കും’
text_fieldsചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിനായുള്ള പരസ്യപ്രചാരണം അവസാനിക്കാനിരിക്കെ ടി.വി.കെ നേതാവ് വിജയ് ക്ക് ബി.ജെ.പി നേതാവ് അണ്ണാമലൈയുടെ ഗുഡ് സർട്ടിഫിക്കറ്റ്. ഏറെ ആരാധകരുള്ള നടൻ, നന്നായി വോട്ട് പിടിക്കുമെന്നാണ് അണ്ണാമലൈ പറയുന്നത്.
ഏറെ ആരാധകർ ഉള്ള നടനും വിശ്വസിക്കാനാകുന്ന നായകനുമാണ് വിജയ് എന്ന് അണ്ണാമലൈ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കാണാം. തമിഴ്നാട്ടിൽ മാറ്റത്തിനായുള്ള ആഗ്രഹം പ്രകടമാണ്.ഡി.എം.കെയെ എതിർക്കുന്നവരുടെ വോട്ട് എൻ.ഡി.എക്കാണ് എന്നാണ് തന്റെ വിശ്വാസമെന്നും അണ്ണാമലൈ പറഞ്ഞു
ഞാൻ മത്സരിക്കാത്തതിൽ പ്രവർത്തകർ നിരാശരാണെന്നത് സത്യമാണെന്ന് അണ്ണാമലൈ കൂട്ടിച്ചേർത്തു. പ്രചാരകനാകാനാണ് പാർട്ടി പറഞ്ഞത്. തന്‍റെ തെരഞ്ഞെടുപ്പ് വരും നാളുകളിൽ വന്നേക്കാം. തമിഴ്നാടിന്റെ പൊതുമാനസികാവസ്ഥ പാടെ മാറിയിരിക്കുകയാണെന്നും അണ്ണാമലൈ അവകാശപ്പെട്ടു. പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ എല്ലാം മാറി മറഞ്ഞിരിക്കുകയാണ്. ഭരണവിരുദ്ധ വികാരം ശക്തമായി. ഡിഎംകെ എങ്ങനെയെങ്കിലും മാറിയാൽ മതിയെന്നാണ് ജനം ചിന്തിക്കുന്നത്. പല പാർട്ടികളുടെയും വോട്ട് വിഹിതം കുറയും. വിജയികൾക്ക് 45 ശതമാനം വോട്ട് കിട്ടുന്ന പതിവ് മാറും. എൻ.ഡി.എ വിയർപ്പൊഴുക്കിയതിന്റെ ഫലം കിട്ടും. തമിഴ്നാടിനോടുളള മോദിയുടെ സ്നേഹം ജനത്തിന് അറിയാമെന്നും അണ്ണാമലൈ പറഞ്ഞു.
രാഹുൽ ഗാന്ധി കോൺഗ്രസിന്റെ കാര്യം നോക്കിയാൽ മതി സ്റ്റാലിനൊപ്പം വേദി പങ്കിടാതെ എന്ത് സന്ദേശമാണ് നൽകിയതെന്ന് അണ്ണാമലൈ ചോദിച്ചു. കോയമ്പത്തൂരിൽ ഉണ്ടായിട്ട് കോൺഗ്രസ്സ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം നടത്തിയില്ല അത്രയും ഗൗരവമേ രാഹുൽ തെരഞ്ഞെടുപ്പിന് നൽകുന്നുള്ളൂ. സ്വന്തം കാര്യം നോക്കിയിട്ട് ബി.ജെ.പിയെ ഉപദേശിക്കാൻ വന്നാൽ മതിയെന്നും അണ്ണാമലൈ പറഞ്ഞു.


