ആറ് ദിവസം മുൻപ് വിവാഹം, ഹണിമൂൺ ആഘോഷിക്കാൻ ഭാര്യക്കൊപ്പം കശ്മീരിലെത്തി; പെഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ കൊച്ചിയിലെ നാവിക സേന ഉദ്യോഗസ്ഥനും
text_fieldsശ്രീനഗർ: രാജ്യത്തെ നടുക്കിയ ജമ്മുകശ്മീരിലെ പെഹൽഗാം ഭീകരാക്രമണത്തിൽ കൊലപ്പെട്ടവരിൽ കൊച്ചിയിൽ നിന്നുള്ള നാവിക സേന ഉദ്യോഗസ്ഥനും. ഹരിയാന സ്വദേശി വിനയ് നർവാളാണ് (26) കൊല്ലപ്പെട്ടത്.
ഈ മാസം 16ന് വിവാഹിതനായ വിനയ് നർവാൾ ഭാര്യക്കൊപ്പം ഹണിമൂൺ ആഘോഷിക്കാനാണ് കശ്മീരിലെത്തിയത്. ഇതിനിടെയാണ് വിനയ് ഭീകരാക്രമണത്തിൽ കൊല്ലപ്പെടുന്നത്. ഭാര്യ സുരക്ഷിതയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 27ആയി. 20 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ ഒരു മലയാളിയുമുണ്ട്. റണാകുളം ഇടപ്പള്ളി മങ്ങാട് നിരഞ്ജനയിൽ എൻ. രാമചന്ദ്രൻ (65) ആണ് മരിച്ചത്. മരണം സ്ഥിരീകരിച്ച് കൊച്ചി പൊലീസിനാണ് ഔദ്യോഗിക വിവരം ലഭിച്ചത്.
മുൻ പ്രവാസിയായ രാമചന്ദ്രൻ ഇന്നലെയാണ് കുടുംബത്തോടൊപ്പം ഹൈദരാബാദ് വഴി കശ്മീരിലേക്ക് പോയത്. രാമചന്ദ്രന്‍റെ ഭാര്യ ഷീലയും മകളും മകളുടെ രണ്ട് കുട്ടികളും സുരക്ഷിതരാണെന്ന് ബന്ധുക്കൾ അറിയിച്ചു. മകൻ ബംഗളൂരുവിൽ നിന്ന് കശ്മീരിലേക്ക് തിരിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് ജമ്മു കശ്മീരിലെ പഹൽഗാമിലാണ് വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ ആക്രമണം നടത്തിയത്. പഹൽഗാം ഹിൽ സ്റ്റേഷനിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെ ബൈസാരൻ പുൽമേടിലാണ് ഭീകരർ വെടിവെപ്പ് നടന്നത്. സൈനിക വേഷത്തിലെത്തിയ ആയുധധാരികളായ ഭീകരർ കുതിരസവാരി നടത്തുകയായിരുന്ന സഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
നോർക്ക ഹെൽപ്പ് ഡെസ്ക്
ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കശ്മീരിലുള്ള കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി നോർക്ക ഹെൽപ്പ് ഡെസ്ക് തുടങ്ങി. സേവനം ലഭിക്കാൻ നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്‍ററിന്‍റെ 18004253939 (ടോൾ ഫ്രീ നമ്പർ), 00918802012345 (മിസ്ഡ് കോൾ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
കശ്മീരിൽ കൂടുങ്ങി പോയവർക്കും സഹായം ആവശ്യമായവർക്കും ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവർക്കും ഹെൽപ്പ് ഡെസ്ക് നമ്പറിൽ വിളിച്ച് വിവരങ്ങൾ നൽകുകയും പേര് റജിസ്റ്റർ ചെയ്യുകയും ചെയ്യാമെന്ന് നോർക്ക സി.ഇ.ഒ അജിത് കോളശേരി മാധ്യമങ്ങളെ അറിയിച്ചു.