Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിനേഷ് ഫോഗട്ടിന്റെ...

വിനേഷ് ഫോഗട്ടിന്റെ വിലക്ക്; ഗുസ്തി ഫെഡറേഷന് ഡൽഹി ഹൈകോടതിയുടെ രൂക്ഷവിമർശനം

text_fields
bookmark_border
വിനേഷ് ഫോഗട്ടിന്റെ വിലക്ക്; ഗുസ്തി ഫെഡറേഷന് ഡൽഹി ഹൈകോടതിയുടെ രൂക്ഷവിമർശനം
cancel

ന്യൂഡൽഹി: ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽനിന്ന് വിലക്കിയ ഗുസ്തി ഫെഡറേഷന്റെ നടപടിക്കെതിരെ ഡൽഹി ഹൈകോടതിയുടെ രൂക്ഷവിമർശം. പ്രശസ്തരായ കായികതാരങ്ങൾക്ക് മുൻകാലങ്ങളിൽ നൽകിയിരുന്ന ഇളവുകൾ പെട്ടെന്ന് റദ്ദാക്കിയ ഫെഡറേഷന്റെ പുതിയ സർക്കുലർ ദുരൂഹമാണെന്നും കോടതി നിരീക്ഷിച്ചു. വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ വിനേഷിന്റെ പങ്കാളിത്തം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഒരു വിദഗ്ധ സമിതി രൂപവത്കരിച്ച് താരത്തിന്റെ ശാരീരികക്ഷമത വിലയിരുത്തണമെന്നും കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ, ജസ്റ്റിസ് തേജ് കർക്കര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

മാതൃത്വ അവധിക്ക് ശേഷം കായികരംഗത്തേക്ക് തിരിച്ചുവരാൻ ഒരുങ്ങുന്ന വിനേഷ് ഫോഗട്ടിനെ, മേയ് 30, 31 തീയതികളിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന ഹരജിയിലാണ് കോടതിയുടെ ഇടപെടൽ.

സിംഗ്ൾ ബെഞ്ച് ഹരജി തള്ളിയതിനെ തുടർന്ന് വിനേഷ് സമർപ്പിച്ച അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ അടിയന്തര ഉത്തരവ്. കഴിഞ്ഞ പാരീസ് ഒളിംപിക്സിലെ വിനേഷിന്റെ അയോഗ്യത 'ദേശീയ നാണക്കേട്' എന്ന് ചൂണ്ടിക്കാട്ടി ഫെഡറേഷൻ നൽകിയ കാരണംകാണിക്കൽ നോട്ടീസിനെതിരെ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. വിനേഷിനെ മാത്രം ലക്ഷ്യംവെച്ചാണ് ഫെഡറേഷൻ പെട്ടെന്ന് യോഗ്യത മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കോടതി പറഞ്ഞു.

"കഴിഞ്ഞ ജൂലൈയിലാണ് അവർ ഒരു അമ്മയായത്. രാജ്യം മാതൃത്വത്തെ ആദരിക്കുമ്പോൾ, അത് ഒരു കായികതാരത്തിന്റെ കരിയറിന് തിരിച്ചടിയാകാൻ പാടില്ല. ഫെഡറേഷനുള്ളിലെ ആഭ്യന്തര തർക്കങ്ങൾ കാരണം കായികരംഗവും കായികതാരങ്ങളും തകരരുത്." -കോടതി വാക്കാൽ പരാമർശിച്ചു.

പഴയ നിയമങ്ങളിൽനിന്ന് പെട്ടെന്ന് വ്യതിചലിച്ച ഫെഡറേഷന്റെ നടപടി, കായികരംഗത്തിന്റെ താൽപര്യങ്ങൾക്ക് നിരക്കുന്നതല്ലെന്നും, വിദഗ്ധ സമിതി രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയിക്കാൻ കേന്ദ്ര സർക്കാർ അഭിഭാഷകനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.

Show Full Article
TAGS:sports Wrestling Federation Vinesh Phogat delhi high court expert committee report 
News Summary - Vinesh Phogat banned; Wrestling Federation strongly criticized by Delhi High Court, directed to immediately form an expert committee
Next Story