വോട്ടർ അധികാർ യാത്ര; കത്തിയാളിയ സൂര്യന് താഴെ കത്തിക്കയറി ആവേശം
text_fieldsരാഹുൽ ഗാന്ധി നയിച്ച വോട്ടർ അധികാർ യാത്രയിൽനിന്ന്
ഉച്ചവെയിലിൽ കത്തി നിൽക്കുന്ന സൂര്യന്റെ കൊടുംചൂടിനെ തോൽപ്പിക്കുംവിധം ജനങ്ങളുടെ ആവേശ ചൂടിലായിരുന്നു രാഹുൽ ഗാന്ധി വോട്ടർ അധികാർ യാത്രക്ക് സമാപനം കുറിച്ചത്. എൻ.ഡി.എ ഭരിക്കുന്ന സംസ്ഥാനത്ത് പൊലീസിന്റെ ഉരുക്കു മുഷ്ടി ഉപയോഗിച്ച് യാത്ര പൊളിക്കാൻ നടത്തിയ നീക്കങ്ങളെല്ലാം മറികടന്നാണ് രാഹുൽ ഗാന്ധി ചരിത്ര യാത്ര വൻവിജയമാക്കിയത്.
യാത്ര അലങ്കോലമാക്കുന്ന തരത്തിൽ സമാപന ദിവസം പൊലീസ് നടത്തിയ ഇടപെടലുകൾ കണ്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രകോപിതനായി. പൊലീസ് യാത്രയോട് കാണിച്ച ശത്രുതാപരമായ സമീപനത്തെ സമാപന വേദിയിൽ കോൺഗ്രസ് അധ്യക്ഷൻ അതിനിശിതമായി വിമർശിക്കുകയും ചെയ്തു.
തലേന്നാൾതന്നെ തമ്പടിച്ചത് ആയിരങ്ങൾ
സംസ്ഥാന സർക്കാരും പൊലീസും പ്രതിബന്ധങ്ങൾ തീർക്കുമെന്ന് കണ്ട് ആയിരക്കണക്കിന് പ്രവർത്തകർ തലേന്ന് തന്നെ ഗാന്ധി മൈതാനത്തെത്തി. സമാപന പരിപാടി ഗാന്ധിമൈതാനത്ത് ഒതുക്കാതെ പദയാത്രയായി അംബേദ്കർ പാർക്കിലേക്ക് പോയി അവസാനിപ്പിക്കാൻ തീരുമാനിച്ചത് പ്രവർത്തകരിൽ ആവേശം വിതച്ചു.
മൈതാനത്തിന്റെ ഒരറ്റത്തുള്ള ഗാന്ധി പ്രതിമയിലേക്ക് രാഹുൽ ഗാന്ധി മറ്റു പ്രതിപക്ഷ നേതാക്കൾക്കും കടന്നുവരാനായി നിശ്ചയിച്ച ഗേറ്റിലൂടെ പൊതുജനങ്ങളെ കടത്തിവിട്ട പൊലീസ് മാധ്യമപ്രവർത്തകരുടെ ജോലി തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.
അതിനിടെ, കൊടുംചൂടിൽ തളർന്നുവീണ സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജയെ മരത്തണലിൽ ഇരുത്തി ആനി രാജയും ഇർഫാനും പ്രവർത്തകരും ശുശ്രൂഷിച്ചു. പ്ലക്കാർഡുകൾ വിശറിയാക്കി. രാജയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വാഹനം കൊണ്ടുവരാനുള്ള വഴി നോക്കിപ്പോയി ചിലർ. ഇതിനിടയിലാണ് പുഷ്പാർച്ചനക്കായി രാഹുൽഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഗാന്ധി സ്തൂപത്തിലേക്ക് കയറി വന്നത്.
തളർന്നിരുന്നിടത്ത് നിന്ന് ആനി രാജയുടെ കൈപിടിച്ച് ബുദ്ധിമുട്ടി എഴുന്നേൽക്കുന്ന രാജയെയാണ് പിന്നീട് കണ്ടത്. എഴുന്നേറ്റ രാജ ഗാന്ധി സ്തൂപത്തിലേക്ക് നീങ്ങി. അവശനായിട്ടും തുറന്ന ജീപ്പിൽ സമാപന വേദി വരെ രാജ യാത്രയെ പിന്തുടരുകയും ചെയ്തു. രാജക്ക് പ്രസംഗിക്കാൻ ബുദ്ധിമുട്ടായതിനാൽ സി.പി.ഐയെ പ്രതിനിധീകരിച്ച് ആനി രാജ സംസാരിക്കുകയും ചെയ്തു.
സുരക്ഷയൊരുക്കാതെ പൊലീസ്
11 മണിയോടുകൂടി രാഹുൽ ഗാന്ധി സ്തൂപത്തിൽ എത്തുമ്പോൾ സകല നിയന്ത്രണങ്ങളും വിട്ട് ആയിരക്കണക്കിനാളുകൾ രാഹുലിനെ ഒരു നോക്കു കാണാനായി അവിടെ തടിച്ചുകൂടി. പുഷ്പാർച്ചന കഴിഞ്ഞ് രാഹുലിനും ഖാർഗേക്കും ഇൻഡ്യ മുന്നണി നേതാക്കൾക്കും മുന്നോട്ട് നീങ്ങാനായില്ല. ബിഹാർ പൊലീസ് യാത്ര അലങ്കോലമാക്കാൻ ശ്രമിക്കുകയാണെന്ന ഇൻഡ്യ സഖ്യത്തിന്റെ ഗുരുതരമായ ആരോപണത്തെ ശരിവെക്കുന്ന തരത്തിൽ ആയിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ നിൽപ്പ്.
ലോക്സഭയുടെയും രാജ്യസഭയുടെയും പ്രതിപക്ഷ നേതാക്കളെയും ബീഹാറിലെ പ്രതിപക്ഷ നേതാവിനെയും ഝാർഖണ്ഡ് മുഖ്യമന്ത്രിയെയും സുരക്ഷാ കവചം ഒരുക്കി കൊണ്ടുപോകാൻ പൊലീസ് തയ്യാറായില്ല. ഒടുവിൽ സ്വകാര്യ സുരക്ഷാ ജീവനക്കാർ സുരക്ഷാ വലയം തീർത്താണ് രാഹുലിനെയും ഖാർഗെയെയും പുറത്തെത്തിച്ചത്.
തുടർന്ന് വാഹനത്തിൽ കയറ്റി നേതാക്കളെ റാലിക്കായി റോഡിലെത്തിച്ചിട്ടും ഇവർക്ക് വഴിയൊരുക്കാൻ പൊലീസ് തയാറായില്ല. ഇതുമൂലം ഒരു മണിക്കൂറോളം യാത്ര തടസ്സപ്പെട്ടു. ഇത്തരം പ്രയാസങ്ങൾ തരണം ചെയ്ത് നീങ്ങിയ യാത്ര ലക്ഷ്യസ്ഥാനത്ത് എത്തുന്നതും പൊലീസ് വിലക്കി. തുടർന്നാണ് അംബേദ്കർ പാർക്കിൽ അവസാനിപ്പിക്കേണ്ട റാലി ഡാക് ബംഗ്ലാവ് ക്രോസിങ്ങിൽ നിർത്തിയത്.
ഖാർഗെയുടെ മുന്നറിയിപ്പ്
യാത്രക്ക് സംരക്ഷണം നൽകി വഴിയൊരുക്കുന്നതിന് പകരം പ്രതിബന്ധങ്ങൾ തീർത്തും തിക്കും തിരക്കും ഉണ്ടാക്കിയും യാത്രക്കെതിരെ പ്രവർത്തിക്കുകയാണ് സമാധാനപാലന ചുമതലയുള്ള ബീഹാറിലെ പോലീസ് ചെയ്തതെന്ന്കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന് ഖർഗെ കുറ്റപ്പെടുത്തി.
ഇന്ത്യാ സഖ്യത്തിന്റെ സർക്കാർ ബീഹാറിൽ അധികാരത്തിൽ എത്തുമ്പോൾ ഈ പോലീസ് ഉദ്യോഗസ്ഥരെ വെറുതെ വിടില്ലെന്നും ഖർഗെ പറഞ്ഞു.
കണ്ണട നഷ്ടപ്പെട്ട് എം.എ ബേബി
ഗാന്ധി സ്തൂപത്തിലേക്ക് ആവേശത്തോടെ ആർത്തലച്ചുവന്ന മനുഷ്യർക്കിടയിൽ പെട്ട സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി ഒരു വിധം ജനത്തിരക്കിൽനിന്ന് രക്ഷപ്പെട്ട് പുറത്തു കടന്നപ്പോൾ മുഖത്ത് കണ്ണടയില്ലായിരുന്നു. തിരക്കിനിടെ അഴിഞ്ഞുവീണ കണ്ണട എടുക്കാനാകാതെയാണ് യാത്ര തുടർന്നതും സമാപന വേദിയിൽ പ്രസംഗിച്ചതും.
ആർ.ജെ.ഡി നേതാവും പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്, സി.പി.ഐ (എം.എൽ) നേതാവ് ദീപങ്കർ ഭട്ടാചാര്യ, സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി, സി.പി.ഐ നേതാവ് ആനി രാജ , ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ശിവസേന (ഉദ്ധവ് വിഭാഗം) നേതാവ് സഞ്ജയ് റാവത്ത്, എൻ.സി.പി (ശരദ് പവാർ) നേതാവ് ജിതേന്ദ്ര ആവ്ഹാഡ് തുടങ്ങിയവർ പ്രസംഗിച്ചു.


