സർ, നാടിന്റെ മതസൗഹാർദത്തിന്റെ പേരുകൂടിയാണ് ‘ചൗണ്ടേരി’
text_fieldsകൽപറ്റ: വയനാട് ലോക്സഭ മണ്ഡലത്തിലെ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട ബി.ജെ.പി ആരോപണം പൊളിച്ച് വസ്തുതകൾ. വയനാട്ടിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് ഉണ്ടെന്നും ഒരേ വീട്ടുപേരിൽ മുസ്ലിം, ഹിന്ദു വോട്ടർമാർ ഉണ്ടെന്നും ഇത് ക്രമക്കേടിന് തെളിവാണെന്നുമായിരുന്നു ബി.ജെ.പി നേതാവ് അനുരാഗ് ഠാകൂറിന്റെ ആരോപണം. കൽപറ്റ നിയോജകമണ്ഡലത്തിൽ ‘ചൗണ്ടേരി’ എന്ന വീട്ടുപേരിൽ ഹിന്ദുവിനും മുസ്ലിമിനും വോട്ടുണ്ടെന്നായിരുന്നു ഠാകൂർ പ്രധാനമായും ഉന്നയിച്ച ആരോപണം. എന്നാൽ, കണിയാമ്പറ്റ പഞ്ചായത്തിലെ ഏഴാം വാർഡിലെ ഒരു സ്ഥലത്തിന്റെ പേരാണ് ‘ചൗണ്ടേരി’ എന്നത്.
കണിയാമ്പറ്റയിൽനിന്ന് മൂന്ന് കിലോമീറ്റർ അപ്പുറം വരദൂറിനടുത്താണ് ഈ സ്ഥലം. വർഷങ്ങൾക്കു മുമ്പ് ഇവിടം ‘ചാമുണ്ടേശ്വരികുന്ന്’ എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ, ഈ പേര് പിന്നീട് ലോപിച്ച് ‘ചൗണ്ടേരി’ എന്നും ‘ചാണ്ടേരികുന്ന്’ എന്നും അറിയപ്പെട്ടു. ഇവിടെ താമസിച്ചുവന്ന വിവിധ മതവിശ്വാസികൾ തങ്ങളുടെ വീട്ടുപേരായി ചൗണ്ടേരി എന്നും ഉപയോഗിച്ചുവന്നു. ഹിന്ദു, മുസ്ലിം വിഭാഗങ്ങൾക്കു പുറമെ ക്രിസ്ത്യൻ, പട്ടികജാതി വർഗ കുടുംബങ്ങളും ‘ചൗണ്ടേരി’ എന്നത് തങ്ങളുടെ വീട്ടുപേരായി ഉപയോഗിച്ചുവരുന്നുണ്ട്.
ബി.ജെ.പി നേതാവിന്റെ ആരോപണങ്ങളിൽ ഉൾപ്പെട്ട മറിയം, വള്ളിയമ്മ എന്നീ വോട്ടർമാർ ചൗണ്ടേരിയിലാണ് താമസിക്കുന്നത്. തന്റെയും സമീപത്തെ പല ഹിന്ദുമത വിശ്വാസികളുടെയും വീട്ടുപേര് ഒന്നാണെന്നും താൻ വർഷങ്ങളായി വോട്ടുചെയ്തുവരുന്നുണ്ടെന്നും മറിയം പറഞ്ഞു. പാടിക്കര, പൊന്നങ്കര, കീരിപ്പറ്റ എന്നീ മൂന്നുസ്ഥലങ്ങൾകൂടി ഇതേ വാർഡിൽ ഇത്തരത്തിലുണ്ട്. ഈ മൂന്നുപേരുകളും ഇവിടങ്ങളിലെ വ്യത്യസ്ത മതവിഭാഗങ്ങൾ തങ്ങളുടെ വീട്ടുപേരായി ഉപയോഗിച്ചുവരുന്നുണ്ട്. കണിയാമ്പറ്റ പഞ്ചായത്തിലെ വരദൂറിലാണ് വയനാട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ താമസിക്കുന്നത്. പഞ്ചായത്തിൽ ഒരേ വീട്ടുപേരിൽ വ്യത്യസ്ത മതവിശ്വാസികൾ ജീവിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ ഉറച്ച സീറ്റായ മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന ആരോപണത്തിന് ഒരു അടിസ്ഥാനവുമില്ലെന്ന് ടി. സിദ്ദീഖ് എം.എൽ.എയും പ്രതികരിച്ചു.


