Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവോട്ടവകാശം...

വോട്ടവകാശം ഭീഷണിയിലായതിനാൽ മൗലികാവകാശമാക്കണം -കോൺഗ്രസ്

text_fields
bookmark_border
വോട്ടവകാശം ഭീഷണിയിലായതിനാൽ മൗലികാവകാശമാക്കണം -കോൺഗ്രസ്
cancel

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ലക്ഷക്കണക്കിന് പൗരന്മാരെ വോട്ടുചെയ്യാൻ അനുവദിക്കാത്ത സാഹചര്യത്തിൽ വോട്ടവകാശം മൗലികാവകാശമാക്കി മാറ്റണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. നിലവിൽ വോട്ടവകാശം നിയമപരമായ അവകാശം മാത്രമാണെന്നും മൗലികാവകാശമാക്കിയെങ്കിൽ മാത്രമേ ആ അവകാശം സംരക്ഷിക്കാൻ കോടതി ഇടപെടലുണ്ടാകൂ എന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം രമേശ് വ്യക്തമാക്കി.

ഇത്തരമൊരു ചർച്ച ഭരണഘടനാ നിർമാണ സഭയിൽ നടന്നതായിരുന്നുവെന്നും പിൽക്കാലത്ത് സർക്കാറുകൾ വോട്ടവകാശം എടുത്തുകളഞ്ഞേക്കുമെന്നും ഡോ. ബി.ആർ. അംബേദ്കർ, ജഗ്ജീവൻ റാം തുടങ്ങിയവർ മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നും ജയ്റാം പറഞ്ഞു. അതിനാൽ ഒരിക്കൽ ഒരു ഇന്ത്യൻ പൗരന് വോട്ടവകാശം ലഭിച്ചാൽ അത് എന്നന്നേക്കുമുള്ള മൗലികാവകാശമാക്കി മാറ്റാൻ ഭരണഘടനാ ഭേദഗതി വേണമെന്നും അദ്ദേഹം നിർദേശിച്ചു.

ഇതിന് മുമ്പൊരിക്കലുമില്ലാത്ത തരത്തിൽ രാജ്യത്തെ ഓരോ പൗരന്റെയും വോട്ടവകാശം ഭീഷണിയിലായ സാഹചര്യത്തിലാണ് ഇത്തരമൊരു ആവശ്യമുന്നയിക്കേണ്ടി വരുന്നതെന്ന് ജയ്റാം രമേശ് വിശദീകരിച്ചു. ഗ്യാനേഷ് കുമാറിന്റെ കാലത്ത് പോലെ മുമ്പൊരു കാലത്തും തെരഞ്ഞെടുപ്പ് കമീഷൻ ഇത്രയും അടിയറവ് പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ മുൻഗാമിയുടെ കാലത്ത് തുടങ്ങിയതാണ് ഈ ചീയൽ. പൂർണമായും കീഴടങ്ങിയ ഗ്യാനേഷ് കുമാർ തെരഞ്ഞെടുപ്പിൽ കളിക്കാരനായി മാറിയെന്നും ഒരു നിഷ്പക്ഷ നിരീക്ഷകനല്ലെന്നും ജയ്റാം രമേശ് തുറന്നടിച്ചു.

കണ്ടെത്തുക, മായ്ച്ചുകളയുക, പുറന്തള്ളുക (ഡിറ്റക്റ്റ്,ഡിലീറ്റ്, ഡിപോർട്) എന്നാണ് അമിത് ഷാ ആവശ്യപ്പെട്ടത്. അങ്ങനെയെങ്കിൽ ഗ്യാനേഷ് കുമാർ കണ്ടെത്തി വോട്ടർ പട്ടികയിൽ നിന്ന് മായ്ച്ചുകളഞ്ഞ എത്ര ഇന്ത്യൻ പൗരന്മാരെ രാജ്യത്തുനിന്ന് പുറന്തള്ളുമെന്ന് ജയ്റാം രമേശ് ചോദിച്ചു.

പൂർണമായും കീഴടങ്ങിയ ഗ്യാനേഷ് കുമാറിനെ മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാനുള്ള എല്ലാ പരിശ്രമങ്ങളും നടത്തുമെന്ന് അദ്ദേഹത്തെ നീക്കം ചെയ്യാൻ രാജ്യസഭാ ചെയർമാന് വീണ്ടും നോട്ടീസ് നൽകിയതിനെ കുറിച്ച് ജയ്റാം രമേശ് പ്രതികരിച്ചു.

Show Full Article
TAGS:voting rights threat fundamental rights Congress statement 
News Summary - Voting rights are under threat, so they should be made a fundamental right - Congress
Next Story