കവർന്നു ഭരണഘടന; വഖഫ് ബില്ലിൽ 288 എം.പിമാർ അനുകൂലിച്ചും 232 പേർ എതിർത്തും വോട്ടുചെയ്തു, ഭേദഗതി നിർദേശങ്ങൾ തള്ളി
text_fieldsന്യൂഡൽഹി: രാജ്യത്തെ മുസ്‍ലിം സമൂഹത്തിന്റെ ആശങ്കയും ആകുലതകളും അവഗണിച്ച് പാർലമെന്റി ചട്ടങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ച് വിവാദ വ്യവസ്ഥകൾ എല്ലാം നിലനിർത്തിയ വഖഫ് ബിൽ ലോക്സഭയിൽ പാസാക്കി. പാർലമെന്ററി ചട്ടങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ചാണ് വിവാദ വഖഫ് ബിൽ ലോക്സഭയിൽ അടിച്ചേൽപിച്ചത്. 232 അംഗങ്ങൾ എതിർത്തപ്പോൾ 288 പേർ അനുകൂലിച്ചു. എൻ.ഡി.എക്ക് 293 അംഗങ്ങളാണുള്ളത്. അതിനേക്കാൾ അഞ്ച് വോട്ട് കുറവാണ് ലഭിച്ചത്. 223 അംഗങ്ങളുള്ള പ്രതിപക്ഷത്തിന് അഞ്ച് വോട്ട് കൂടുതൽ ലഭിച്ചു. ബില്ലിൽ ചർച്ചക്കും മന്ത്രി കിരൺ റിജിജുവിന്റെ മറുപടിക്കും ശേഷം വ്യാഴാഴ്ച പുലർച്ചെ 12.06നാണ് വോട്ടെടുപ്പ് നടപടിക്രമം ആരംഭിച്ചത്. വോട്ടെടുപ്പ് കഴിയുമ്പോൾ 1.45 കഴിഞ്ഞു. നിർണായക വിഷയത്തിൽ ലോക്സഭയിൽ ചർച്ചയും വോട്ടെടുപ്പും നടന്ന ദിവസത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെയും അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. എൻ.കെ. പ്രേമചന്ദ്രൻ, ഗൗരവ് ഗോഗോയി, കെ. സുധാകരൻ, ഇംറാൻ മസൂദ്, അസദുദ്ദീൻ ഉവൈസി, സൗഗത റോയ്, ഇ.ടി. മുഹമ്മദ് ബഷീർ, കെ. രാധാകൃഷ്ണൻ, രാജീവ് രഞ്ജൻ, മുഹമ്മദ് ജാവേദ് തുടങ്ങിയവരുടെ ഭേദഗതി നിർദേശങ്ങൾ വോട്ടിനിട്ട് തള്ളി.
ഇൻഡ്യസഖ്യത്തിന്റെ ഒറ്റക്കെട്ടായ എതിർപ്പിനിടയിലും എൻ.ഡി.എ ഘടകകക്ഷികളുടെ പിന്തുണ സർക്കാർ ഉറപ്പാക്കി. ആന്ധ്രപ്രദേശിലെ തെലുഗുദേശം പാർട്ടിയും ബിഹാറിലെ ജനതാദൾ യുവും എൽ.ജെ.പിയും വഖഫ് ബില്ലിനൊപ്പം നിന്നു.
സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) റിപ്പോർട്ടിനൊപ്പം സമർപ്പിച്ച വഖഫ് ബില്ലിന്റെ കരട് പുതിയ ബിൽ ആക്കി അടിച്ചേൽപിച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സഭാ ചട്ടങ്ങളും കീഴ്വവഴക്കങ്ങളും ഉദ്ധരിച്ച് എൻ.കെ. പ്രേമചന്ദ്രൻ ക്രമപ്രശ്നം ഉന്നയിച്ചെങ്കിലും സ്പീക്കർ ഓം ബിർള റൂളിങ്ങിലൂടെ തള്ളി. ഇതോടെയാണ് ബിൽ അവതരണത്തിന് കളമൊരുങ്ങിയത്. മതസ്വാതന്ത്ര്യത്തിനും വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യാനുമുള്ള ഭരണാഘടനാപരമായ അവകാശം കൈയേറ്റം ചെയ്യപ്പെട്ടതായി ചൂണ്ടിക്കാട്ടി മുസ്‍ലിം സംഘടനകൾ ബുധനാഴ്ച രാജ്യവ്യാപകമായി പ്രതിഷേധിച്ചു. മതേതര തത്ത്വങ്ങൾക്കും മതാനുഷ്ഠാന സ്വാതന്ത്ര്യത്തിനും വിരുദ്ധമാണ് ബില്ലിലെ വകുപ്പുകളെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭയിലും പുറത്തും ശക്തമായി രംഗത്തുവന്നു. എന്നാൽ, സഭയിലെ അംഗബലത്തിൽ കേന്ദ്ര സർക്കാർ ഭരണഘടനവിരുദ്ധമായ വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ബില്ലുമായി മുന്നോട്ടുപോവുകയായിരുന്നു.
കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം കിട്ടിയ ഏത് ബില്ലും പാർലമെന്റിൽ കൊണ്ടുവരാനുള്ള അധികാരം സർക്കാറിനുണ്ടെന്ന് പറഞ്ഞ് കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരൺ റിജിജുവിനോട് ബിൽ അവതരണവുമായി മുന്നോട്ടു പോകാൻ അമിത് ഷാ ആവശ്യപ്പെട്ടു. എട്ടു മണിക്കൂറിലേറെ നീണ്ട ചർച്ചയിൽ ബില്ലിന് ന്യായമായി സർക്കാർ ഉയർത്തിയ അവകാശവാദങ്ങളെ പ്രതിപക്ഷം ചോദ്യം ചെയ്തു. മുനമ്പം ഭൂമി പ്രശ്നം, സ്ത്രീ പ്രാതിനിധ്യം, ക്ഷേത്രഭൂമികളുടെ കൈയേറ്റം, സർക്കാറിന്റെ വഖഫ് കൈയേറ്റം തുടങ്ങിയ വിഷയങ്ങളിലെല്ലാം വഖഫിനെയും വഖഫ് ബോർഡിനെയും പ്രതിക്കൂട്ടിൽ നിർത്താൻ അമിത് ഷായുടെയും റിജിജുവിന്റെയും നേതൃത്വത്തിൽ ഭരണപക്ഷം നടത്തിയ ആരോപണങ്ങളും അവകാശവാദങ്ങളും ഗൗരവ് ഗോഗോയ്, കെ.സി. വേണുഗോപാൽ, അഖിലേഷ് യാദവ്, കല്യാൺ ബാനർജി, എ. രാജ എന്നിവരുടെ നേതൃത്വത്തിൽ പ്രതിപക്ഷം തുറന്നുകാട്ടിയതോടെ പല പ്രസ്താവനകളും പിൻവലിക്കുന്നതിനും സഭാരേഖകളിൽനിന്ന് നീക്കം ചെയ്യുന്നതിനും ലോക്സഭ സാക്ഷ്യം വഹിച്ചു. അസദുദ്ദീൻ ഉവൈസി സഭയിൽ ബിൽ കീറിയെറിഞ്ഞു.