വഖഫ് ബിൽ രാജ്യ സഭയിലും പാസാക്കി; ലഭിച്ചത് 128 അനുകൂല വോട്ടുകൾ; ചർച്ചയിൽ പതറി സർക്കാർ
text_fieldsവഖഫ് ഭേദഗതി ബില്ലിനെതിരെ കോൺഗ്രസ് പ്രവർത്തകർ കൊൽക്കത്തയിൽ നടത്തിയ പ്രകടനം
ന്യൂഡൽഹി: ലോക്സഭ കഴിഞ്ഞ ദിവസം പാസാക്കിയ വഖഫ് ഭേദഗതി ബിൽ രാജ്യസഭയും കടന്നു. 11 മണിക്കൂറിലേറെ നീണ്ട ചർച്ചക്കൊടുവിലാണ് ബിൽ പാസാക്കിയത്. ബില്ലിന് അനുകൂലമായി 128 വോട്ടും പ്രതികൂലമായി 95 വോട്ടും ലഭിച്ചു.പ്രതിപക്ഷം കൊണ്ടു വന്ന ഭേദഗതികൾവോട്ടിനിട്ട് തള്ളി. എൻ.സി.പി നേതാവ് ശരത് പവാർ, ജെ.എം.എം നേതാക്കളായ ഷിബു സോറൻ, മഹുവ മാജ, ആംആദ്മി പാർട്ടി നേതാവ് ഹർഭജൻ സിങ് , തൃണമൂൽ കോൺഗ്രസിലെ സുബ്രതോ ബക്ഷി എന്നിവർ സഭയിൽ ഹാജരായിരുന്നില്ല. ബിജു ജനത ദൾ എം.പി സസ്മീത് പത്ര ഭേദഗതിയിൽ സർക്കാറിന് അനുകൂലമായി വോട്ടുചെയ്തു. ചർച്ചക്ക് ശേഷം വെള്ളിയാഴ്ച പുലർച്ച 1.10 ഓടെയാണ് േവാട്ടെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ചത്.
കപിൽ സിബൽ, അഭിഷേക് മനു സിങ്വി തുടങ്ങിയ പ്രഗത്ഭരായ സുപ്രീം കോടതി അഭിഭാഷകർ വിവാദ ബില്ലിലെ വ്യവസ്ഥകൾ ഇഴകീറിയതോടെ രാജ്യസഭയിൽ നടന്ന ചൂടേറിയ ചർച്ചയിൽ സർക്കാർ പതറി. നിയമവിദഗ്ധർക്കുമുന്നിൽ ധനമന്ത്രി നിർമല സീതാരാമനും ന്യൂനപക്ഷ മന്ത്രി കിരൺ റിജിജുവും ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയും നടത്തിയ പ്രതിരോധം ദുർബലമായി. ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്, ആർ.ജെ.ഡി നേതാവ് സഞ്ജയ് ഝാ, കോൺഗ്രസ് ജനറൽ സെക്രട്ടറിയും ജെ.പി.സി അംഗവുമായ സയ്യിദ് നസീർ ഹുസൈൻ, സി.പി.എമ്മിലെ ജോൺ ബ്രിട്ടാസ് തുടങ്ങിയവർ കൂടി രംഗത്തെത്തിയതോടെ ഭരണപക്ഷം പ്രകോപിതരായി. ചർച്ച നിരവധി തവണ ബഹളത്തിലും കലാശിച്ചു.
വ്യാഴാഴ്ച പുലർച്ച രണ്ടുമണിക്ക് ലോക്സഭ 288-232 എന്ന നിലയിൽ പാസാക്കിയ ബിൽ രാജ്യസഭയിലെത്തിയതായി രാവിലെ 11 മണിക്ക് സഭ ചേർന്നപ്പോൾ ചെയർമാൻ ജഗ്ദീപ് ധൻഖർ അറിയിച്ചു. ബില്ലിൽ ഭേദഗതികൾ നിർദേശിക്കാനുള്ള സമയം അപര്യാപ്തമാണെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടിയെങ്കിലും ബിൽ വ്യാഴാഴ്ച പാസാക്കി വെള്ളിയാഴ്ച ബജറ്റ് സമ്മേളനം അവസാനിപ്പിക്കാനുള്ളതിനാൽ ചെയർമാൻ അനുവദിച്ചില്ല.
വഖഫ് സ്വത്ത് ദൈവത്തിനുള്ളതാണെന്നുപോലും അറിയാതെയാണ് അത് ട്രസ്റ്റ് സ്വത്തുപോലെ കൈകാര്യം ചെയ്യാമെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരൺ റിജിജു പറയുന്നതെന്ന് കപിൽ സിബൽ പറഞ്ഞു. വഖഫ് സ്വത്ത് മതസ്വത്തല്ലെന്നും ട്രസ്റ്റ് സ്വത്ത് പോലെ രാജ്യത്തിന്റെ സ്വത്താണെന്നും റിജിജുവും അമിത് ഷായും ലോക്സഭയിൽ നടത്തിയ വാദമാണ് സിബൽ പൊളിച്ചത്. ഹിന്ദു എൻഡോവ്മെന്റ് നിയമത്തിൽ കവിഞ്ഞൊരു വ്യവസ്ഥയും നിലവിലുള്ള വഖഫ് നിയമത്തിലില്ലെന്ന് വ്യക്തമാക്കി സിബലും സിങ്വിയും നിലവിലുള്ള വഖഫ് നിയമം രാജ്യത്തെ മറ്റൊരു നിയമവും ബാധകമാകാത്ത കിരാതനിയമമാണെന്ന സർക്കാർ വാദം പൊളിച്ചു.