വഖഫ്: കോൺഗ്രസ് സുപ്രീം കോടതിയിൽ
text_fieldsന്യൂഡൽഹി: ഭരണഘടനാ വിരുദ്ധമായി വഖഫ് ബിൽ പാസാക്കി പാർലമെന്റ് പിരിഞ്ഞതിന് തൊട്ടുപിന്നാലെ വഖഫ് ബിൽ കോടതിയിലേക്ക്. 95നെതിരെ 125 വോട്ടു നേടി രാജ്യസഭയും കടന്ന ബിൽ നിയമമാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാൻ കോൺഗ്രസും മുസ്ലിം ലീഗും അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ തീരുമാനിച്ചു.
ബില്ലിന് രാഷ്ട്രപതി മേലൊപ്പ് ചാർത്തുന്നതിനുമുമ്പെ അത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിഹാറിൽ നിന്നുള്ള വഖഫ് സംയുക്ത പാർലമെന്ററി സമിതി(ജെ.പി.സി) അംഗം കൂടിയായ ലോക്സഭയിലെ കോൺഗ്രസ് വിപ്പ് മുഹമ്മദ് ജാവേദ് സുപ്രീംകോടതിയിലെത്തുകയും ചെയ്തു.
അതേസമയം കൊൽക്കത്ത, അഹ്മദാബാദ് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വഖഫ് ബില്ലിനെതിരെ പ്രതിഷേധക്കാർ തെരുവിലിറങ്ങി. പൗരത്വസമരം അരങ്ങേറിയ ജാമിഅ മില്ലിയ ഇസ്ലാമിയയിൽ വിദ്യാർഥികൾ പ്രതിഷേധത്തിനിറങ്ങിയത് തടയാൻ അധികൃതർ കാമ്പസിന്റെ കവാടങ്ങൾ അടച്ചുപൂട്ടി.
ലോക്സഭയിലേതുപോലെ പാതിരാവും കടന്ന ചർച്ചക്കൊടുവിൽ വെള്ളിയാഴ്ച പുലർച്ചെ ബിൽ രാജ്യസഭയും പാസാക്കിയതിനെ തുടർന്നാണ് ബില്ലിനെതിരായ പോരാട്ടം നിയമപരമായ ഘട്ടത്തിലേക്ക് കൊണ്ടുപോകുകയാണെന്ന് കോൺഗ്രസ് അറിയിച്ചത്.
ലോക്സഭയിലേതുപോലെ ഉച്ചക്ക് തുടങ്ങി 13 മണിക്കൂർ നീണ്ട ചർച്ച പുലർച്ച ഒന്നരക്ക് അവസാനിപ്പിച്ചാണ് ബിൽ വോട്ടിനിട്ടത്. ഇൻഡ്യ സഖ്യകക്ഷികൾക്കുപുറമെ എ.ഐ.എ.ഡി.എം.കെയും ബില്ലിനെ എതിർത്തു. എന്നാൽ, ബില്ലിനെ എതിർക്കുമെന്ന് കരുതിയിരുന്ന ബിജു ജനതാദളിന്റെ രാജ്യസഭാ നേതാവ് സസ്മിത് പത്ര അനുകൂലമായി വോട്ടു ചെയ്തു. മനഃസാക്ഷി വോട്ടിന് ബിജു പട്നായിക് പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി പാർട്ടിയുടെ മറ്റു ആറ് എം.പിമാർ ബില്ലിനെതിരായും വോട്ടു ചെയ്തു.
സർക്കാർ ഉയർത്തിയ ന്യായവാദങ്ങൾ ബാലിശമാണെന്ന് പാർലമെന്റിന്റെ ഇരുസഭകളിലും സമർഥിക്കാൻ കഴിഞ്ഞ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. ബില്ലിന്റെ ഭരണഘടനാ സാധുത സുപ്രീംകോടതിയിൽ വെല്ലുവിളിക്കുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ‘എക്സി’ൽ കുറിച്ചു. ഭരണഘടനക്കെതിരെ മോദി സർക്കാർ നടത്തുന്ന ഓരോ ആക്രമണത്തെയും ചെറുക്കുന്നത് തുടരുമെന്നും ജയ്റാം രമേശ് കൂട്ടിച്ചേർത്തു.
വഖഫ് ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ച മുസ്ലിം ലീഗ് ഇതുമായി ബന്ധപ്പെട്ട കൂടിയാലോചന തുടങ്ങി. ബില്ലിന് രാഷ്ട്രപതി മേലൊപ്പ് ചാർത്തുന്നതിന് കാത്തിരിക്കുകയാണ് ലീഗ്. രാഷ്ട്രപതി ഒപ്പിട്ടാൽ തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്ന് സുപ്രീം കോടതി അഭിഭാഷകൻ കൂടിയായ മുസ്ലിം ലീഗിന്റെ രാജ്യസഭാ എം.പി ഹാരിസ് ബീരാൻ പറഞ്ഞു.