ഇന്ത്യൻ പൗരന്മാർ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്
text_fieldsന്യൂഡൽഹി: ഇറാനെതിരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇറാനിലും ഇസ്രായേലിലുമുള്ള ഇന്ത്യൻ പൗരന്മാർ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്. ഇറാനിലെയും ഇസ്രായേലിലെയും ഇന്ത്യൻ എംബസികളാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. അധികൃതർ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും എംബസി നിര്‍ദേശം നൽകി.
ഇറാനിലെ എല്ലാ ഇന്ത്യൻ പൗരന്മാരും അതി ജാഗ്രത പാലിക്കണമെന്നും അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്നും കഴിയുന്നത്ര വീടിനുള്ളിൽതന്നെ തുടരണമെന്നും തെഹ്‌റാനിലെ ഇന്ത്യൻ എംബസി നിർദേശിച്ചു. വാർത്തകൾ സൂക്ഷ്മമായി നിരീക്ഷിക്കാനും തങ്ങൾ പുറപ്പെടുവിക്കുന്ന കൂടുതൽ മാർഗനിർദേശങ്ങൾ പാലിക്കാനും എംബസി ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യങ്ങളിൽ, ഇന്ത്യക്കാർക്ക് എംബസിയുമായി ബന്ധപ്പെടാം: +989128109115, +989128109109, +989128109102, +989932179359.
ഇസ്രായേലിലെ എല്ലാ ഇന്ത്യക്കാരും ഷെൽട്ടറുകളിൽ തന്നെ തുടരണം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അത്യാവശ്യമല്ലാത്തതും അനാവശ്യവുമായ യാത്രകൾ ഒഴിവാക്കണം. അടിയന്തര സാഹചര്യം ഉണ്ടായാൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ വഴി തെൽ അവീവിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാം. ഫോൺ: +972-54-7520711, ഇ-മെയിൽ: cons1.telaviv@mea.gov.in
പശ്ചിമേഷ്യയിലെ എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കുമുള്ള എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങൾ സർവിസുകൾ റദ്ദാക്കി. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയാണ് പരമപ്രധാനമെന്നും അത് കണക്കിലെടുത്താണ് തീരുമാനമെന്നും എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. സുരക്ഷാ സാഹചര്യങ്ങൾ നിരന്തരം വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും അതിനനുസരിച്ച് വിമാന സർവിസുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും യാത്രക്കാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും എയർ ഇന്ത്യ കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവിസുകളും അർധരാത്രി വരെ റദ്ദാക്കിയതായി ഇൻഡിഗോ അറിയിച്ചു. നിലവിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്നും തടസ്സങ്ങൾ പരമാവധി കുറക്കാൻ വിമാന സർവിസുകൾ പുനഃക്രമീകരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ഇൻഡിഗോ തുടർന്നു.


