Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിപണിയിൽ നിന്ന്...

വിപണിയിൽ നിന്ന് തണ്ണിമത്തൻ അപ്രത്യക്ഷമാകുന്നു

text_fields
bookmark_border
വിപണിയിൽ നിന്ന് തണ്ണിമത്തൻ അപ്രത്യക്ഷമാകുന്നു
cancel

മുംബൈ: ദക്ഷിണ മുംബൈയിലെ പൈധുനിയിൽ തണ്ണിമത്തൻ ഉൾപ്പെട്ട ഭക്ഷണം കഴിച്ചതിന് പിന്നാലെ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച സംഭവത്തെ തുടർന്ന് തണ്ണിമത്തൻ വിൽപ്പനയെ സാരമായി ബാധിച്ചു. അബ്ദുള്ള ദൊകാഡിയ (40), ഭാര്യ നസീം (35), മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മരിച്ചത്. ഏപ്രിൽ 27-ന് ബിരിയാണിയും തണ്ണിമത്തനും അടങ്ങിയ ഭക്ഷണം കഴിച്ചതിന് പിന്നാലെ ശർദ്ദിയെത്തുടർന്ന് അബോധാവസ്ഥയിലായ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ നാലുപേരും മരണപ്പെടുകയായിരുന്നു.

സംഭവത്തിന് പിന്നാലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) സംഘം പൈധുനിയിൽ പരിശോധനയ്ക്ക് എത്തിയെങ്കിലും പ്രദേശത്തുനിന്ന് തണ്ണിമത്തൻ വ്യാപാരികൾ പൂർണ്ണമായും അപ്രത്യക്ഷമായ നിലയിലാണ്. ഞായറാഴ്ച മുതൽ എഫ്.ഡി.എ സംഘം ദിവസേന പരിശോധന നടത്തുന്നുണ്ടെങ്കിലും ഒരു വ്യാപാരിയെ പോലും കണ്ടെത്താനായിട്ടില്ല. ഞായറാഴ്ച രാത്രി ഏഴ് മണിയോടെ ഉദ്യോഗസ്ഥർ ആദ്യമായി വിപണിയിലെത്തുമ്പോഴേക്കും തണ്ണിമത്തൻ വിപണിയിൽ നിന്ന് പൂർണ്ണമായും നീക്കം ചെയ്യപ്പെട്ടിരുന്നു.

പരിശോധനയ്ക്കായി പുതിയ സാമ്പിളുകൾ ശേഖരിക്കാൻ കഴിയാത്തത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. കുടുംബം എവിടെനിന്നാണ് തണ്ണിമത്തൻ വാങ്ങിയതെന്ന് കണ്ടെത്താൻ ബന്ധുക്കളോട് അന്വേഷിച്ചെങ്കിലും അവർക്കും ഉറവിടത്തെക്കുറിച്ച് അറിവില്ല. ബിരിയാണിയും തണ്ണിമത്തനും ചേർന്നുള്ള ഭക്ഷണരീതി മുൻപ് എവിടെയെങ്കിലും വിഷബാധയ്ക്ക് കാരണമായതായി രേഖകളില്ലെന്നും ഇത് തികച്ചും അസാധാരണമായ കേസാണെന്നും എഫ്.ഡി.എ ഉദ്യോഗസ്ഥർ പറഞ്ഞു. ഭക്ഷണ സാമ്പിളുകളുടെ ലാബ് പരിശോധനാ ഫലം വരാനിരിക്കെ അന്വേഷണം തുടരുകയാണ്.

ഇതൊരു വിചിത്രമായ കേസാണെന്നും ബിരിയാണിയും തണ്ണിമത്തനും കഴിച്ചതുകൊണ്ട് മാത്രം ഇത്തരമൊരു ദുരന്തം സംഭവിച്ചതായി മുൻപ് റിപ്പോർട്ടുകളില്ലെന്നും എഫ്.ഡി.എ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. നിലവിൽ കുടുംബം കഴിച്ച ഭക്ഷണത്തിന്റെ ബാക്കി ഭാഗങ്ങൾ ലാബ് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വന്നാൽ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ. മരണവാർത്ത പരന്നതോടെ സമീപത്തെ വിപണികളിലെ തണ്ണിമത്തൻ വിൽപ്പനയെ സാരമായി ബാധിച്ചു. ക്രോഫോർഡ് മാർക്കറ്റിലെയും ബൈക്കുല്ലയിലെയും വില്‍പ്പന കുറഞ്ഞതായും ജ്യൂസ് സെന്ററുകളിൽ ഓർഡറുകൾ 50 ശതമാനത്തോളം ഇടിഞ്ഞതായും റിപ്പോർട്ടുണ്ട്. തെറ്റായ വിവരങ്ങളും പരിഭ്രാന്തിയും ബിസിനസിനെ ബാധിച്ചതായി കച്ചവടക്കാർ പറയുന്നു. സംഭവത്തിൽ എഫ്.ഡി.എ അന്വേഷണം തുടരുകയാണ്.

Show Full Article
TAGS:Watermelon market foodpoison 
News Summary - "Watermelons are disappearing from the market"
Next Story