ജാതിയെ അഭിമുഖീകരിച്ചേ മതിയാകൂ - ഡി.രാജ
text_fieldsഡി.രാജ
സി.പി.ഐ ജനറൽ സെക്രട്ടറി സ്ഥാനത്ത് മുന്നാമൂഴമെത്തിയ ഡി. രാജ ‘മാധ്യമ’ത്തിന് നൽകിയ പ്രത്യേക അഭിമുഖം
? ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയെ നയിക്കാനുള്ള നിയോഗം മൂന്നാമതൊരിക്കൽക്കൂടി താങ്കളിൽ വന്നുചേർന്നിരിക്കുന്നു. താങ്കൾക്ക് മുന്നിലുള്ള വെല്ലുവിളികൾ എന്തൊക്കെയാണ്?
- ഏറെ വെല്ലുവിളികൾ നിറഞ്ഞ സമയമാണിത്. രാജ്യം നേരിടുന്ന ഭീഷണികൾ ബോധ്യപ്പെടുത്താൻ ജനങ്ങളിലേക്കെത്തുക എന്നതാണ് പാർട്ടിയുടെ പ്രഥമ ദൗത്യം. മോദി നയിക്കുന്ന നിലവിലെ ഭരണകൂടം ബി.ജെ.പിയുടേതാണെങ്കിലും ശാസനകൾ ആർ.എസ്.എസിന്റേതാണ്. സ്വന്തം ഭൂരിപക്ഷമില്ലാതെ നിതീഷ് കുമാറിന്റെയും ചന്ദ്രബാബുവിന്റെയും പിന്തുണയിലുള്ള സർക്കാറായിട്ടും അങ്ങേയറ്റം ആക്രമണ ശൈലിയാണ് അവർ സ്വീകരിക്കുന്നത്. ഭരണഘടനക്കും ജനാധിപത്യത്തിനും ഫെഡറലിസത്തിനുമാണ് ബി.ജെ.പിയും ആർ.എസ്.എസും ഭീഷണി ഉയർത്തുന്നത്.
ഇതിൽനിന്ന് രാജ്യത്തെ എങ്ങനെ രക്ഷിക്കുമെന്നതാണ് പ്രധാന വെല്ലുവിളി. ആർ.എസ്.എസ്-ബി.ജെ.പി കൂട്ടുകെട്ടിനെ പരാജയപ്പെടുത്താതെ രാജ്യത്തെ രക്ഷിക്കാൻ സാധ്യമല്ല. എല്ലാ മതേതര രാഷ്ട്രീയ പാർട്ടികളെയും അണിനിരത്തിയുള്ള സാമൂഹിക മുന്നേറ്റമാണ് രാജ്യം തേടുന്നത്. അതാണ് പാർട്ടി കോൺഗ്രസ് പ്രധാനമായും ചർച്ച ചെയ്തത്. ഇതിനായി പാർട്ടിയെ നയിക്കേണ്ട ദൗത്യമാണ് എന്നിൽ ഏൽപിച്ചിരിക്കുന്നത്.
? ഇൻഡ്യ സഖ്യത്തിന്റെ ഘടകകക്ഷി നേതാവ് എന്നനിലയിൽ സഖ്യത്തിന്റെ സാധ്യതകളെ എങ്ങനെ കാണുന്നു?
- നരേറ്റിവ് സൃഷ്ടിക്കുന്നതിൽ ഇൻഡ്യ സഖ്യം വിജയിച്ചിരിക്കുന്നു. ‘വോട്ടുചോരി’ക്കെതിരെയുള്ള കാമ്പയിൻ അതിന്റെ തെളിവാണ്. വ്യാപകമായ കൃത്രിമങ്ങൾ കാണിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിച്ചാണ് ആർ.എസ്.എസ്-ബി.ജെ.പി കൂട്ടുകെട്ട് അധികാരത്തിൽ വന്നതെന്ന് ജനങ്ങൾക്ക് ബോധ്യമായതിന്റെ ജനകീയ മുന്നേറ്റമാണ് ബിഹാറിൽ കണ്ടത്. വൻ ജനപങ്കാളിത്തമാണ് രാഹുൽഗാന്ധി നയിച്ച വോട്ടർ അധികാർ യാത്രക്കുണ്ടായത്. ജനങ്ങൾ ബി.ജെ.പിയെയും തെരഞ്ഞെടുപ്പ് കമീഷനെയും ചോദ്യംചെയ്തുതുടങ്ങിയിരിക്കുന്നു. സ്വന്തം ഭരണപരാജയം മറച്ചുവെക്കാനാണ് സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തത്. ഇതെല്ലാം കണ്ട് മോദിയും ബി.ജെ.പിയും ചകിതരായിരിക്കുന്നു.
? മോദിയിലും ബി.ജെ.പിയിലും ജനത്തിന് വിശ്വാസം നഷ്ടപ്പെട്ടെന്ന് കരുതുന്നുണ്ടോ?
- മോദിയുടെ കാപട്യം ജനങ്ങൾ തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. മഹാത്മാഗാന്ധിയുടെ കാലം തൊട്ട് ഫലസ്തീനൊപ്പം നിൽക്കുന്ന ഇന്ത്യ ഇന്ന് ഇസ്രായേലിനൊപ്പമാണ്. പി.എൽ.ഒയെ ആദ്യമായി അംഗീകരിച്ച രാജ്യമാണ് ഇന്ത്യ. എന്നിട്ടും മോദി ഇസ്രായേലിനൊപ്പം നിൽക്കുന്നു. ഇസ്രായേലാകട്ടെ അമേരിക്കക്ക് ഒപ്പമാണ്. ആ അമേരിക്ക ഇന്ത്യക്കെതിരെയുമാണ്. ഈ കാപട്യം വിശദീകരിക്കേണ്ടത് മോദിയാണ്. മോദി ഇന്ത്യൻ ജനതക്കൊപ്പമാണോ സുഹൃത്ത് ട്രംപിനൊപ്പമാണോ? മോദി ഫലസ്തീൻ ജനതക്കൊപ്പമാണോ യുദ്ധക്കൊതിയന്മാരായ ഇസ്രായേലിനൊപ്പമാണോ? ഇക്കാര്യം കൂടി രാജ്യത്തെ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ബാധ്യത ഇടതുപാർട്ടികൾക്കുണ്ട്.
? ഈ അനുകൂല സാഹചര്യങ്ങളിലും ഇൻഡ്യ സഖ്യത്തിന്റെ മുന്നേറ്റത്തിനുള്ള പ്രതിബന്ധങ്ങൾ എന്താണ്?
- ഇൻഡ്യ സഖ്യത്തിലെ ഘടകകക്ഷികളെ വിശ്വാസത്തിലെടുത്ത് സീറ്റുധാരണയുണ്ടാക്കേണ്ടതുണ്ട്. സീറ്റുധാരണ ചർച്ച ഫലപ്രദമല്ലെങ്കിൽ ഫലം ഗുണകരമാവില്ല. അതാണ് ഹരിയാനയിലും മഹാരാഷ്ട്രയിലും ഡൽഹിയിലും കണ്ടത്. എല്ലാ ഇൻഡ്യ കക്ഷികൾക്കും ഇടം നൽകുന്ന തരത്തിൽ സീറ്റ് പങ്കുവെക്കൽ പരമപ്രധാനമാണ്. തമിഴ്നാട്ടിൽ അതു ഫലം കണ്ടു. ഇൻഡ്യ സഖ്യത്തിന്റെ ശരിയായ മാതൃക തമിഴ്നാടാണ്. ആർ.എസ്.എസിനും ബി.ജെ.പിക്കുമെതിരായ പോരാട്ടത്തിൽ സീറ്റ് പങ്കുവെക്കൽ ഒരു പ്രതിബന്ധമാകരുത്.
? സാമ്പത്തിക സംവരണം തള്ളിയ പാർട്ടി തീരുമാനത്തിന് പാർട്ടി കോൺഗ്രസ് അംഗീകാരം നൽകിയിരിക്കുന്നു. ജാതിയെ അഭിമുഖീകരിക്കാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്നാണോ പാർട്ടി കോൺഗ്രസിന്റെ വിലയിരുത്തൽ ?
- 1925ൽ രൂപവത്കൃതമായ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികമാണിത്. പാർട്ടിയുടെ പ്രഥമ പ്രസിഡന്റായിരുന്ന മദ്രാസ് പ്രസിഡൻസിയിലെ എം. ശിങ്കാരവേലു തന്റെ അധ്യക്ഷ പ്രസംഗത്തിൽ അയിത്തത്തെക്കുറിച്ചും സാമൂഹിക നീതിയെക്കുറിച്ചും സംസാരിച്ചിരുന്നു. അന്നു മുതൽ കമ്യൂണിസ്റ്റുകൾ ജാതിയെ അഭിസംബോധന ചെയ്യുന്നുണ്ട്. ആവശ്യമായ അളവിലും പ്രതീക്ഷിച്ച തലത്തിലും ജാതിയെ അഭിസംബോധന ചെയ്തോ എന്നത് മറ്റൊരു വിഷയം.
ദലിതുകളുടെയും ആദിവാസികളുടെയും വിഷയമുന്നയിച്ച് എം.എൻ. ഗോവിന്ദൻ കന്യാകുമാരിയിൽനിന്ന് ഡൽഹി വരെ പ്രചാരണം നയിച്ച് ഒടുവിൽ പാർലമെന്റിന് മുന്നിൽ നിരാഹാര സമരവും നടത്തി. ജാതിയെ അഭിമുഖീകരിച്ചേ മതിയാകൂ എന്ന് ഞങ്ങൾ പാർട്ടി സഖാക്കളോട് പറഞ്ഞുകൊണ്ടിരിക്കുകയാണ്. ജാതി നിർമാർജനം ചെയ്യാതെ സാമ്പത്തിക പരിഷ്കരണത്തെയും രാഷ്ട്രീയപരിഷ്കരണത്തെയും കുറിച്ച് പറയുന്നതിലർഥമില്ല എന്നാണ് അംബേദ്കർ പറഞ്ഞത്. രാജ്യത്തിന്റെ മുന്നോട്ടുള്ള യാത്ര ജാതി എന്ന തടസ്സം നീക്കാതെ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ വിജയവാഡ കോൺഗ്രസ് ഇന്ത്യൻ സമൂഹം നേരിടുന്ന മൂന്ന് അടിസ്ഥാന വിഷയങ്ങളിൽ ഒന്നായി കണ്ടതും ജാതിയാണ്.


