Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമമതയെയും അഭിഷേകിനെയും...

മമതയെയും അഭിഷേകിനെയും പുറത്താക്കി വിമതർ; തൃണമൂൽ കോൺഗ്രസിൽ വിമത പക്ഷത്തിന്റെ സംഘടനാ അഴിച്ചുപണി

text_fields
bookmark_border
mamata banerjee abhishek banerjee Ritabrata Banerjee
cancel

കൊൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര ​പ്രതിസന്ധി കൂടുതൽ രൂക്ഷം. തങ്ങളാണ് ‘യഥാർഥ തൃണമൂൽ കോൺഗ്രസ്’ എന്ന് അവകാശപ്പെട്ട് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമതപക്ഷം തിങ്കളാഴ്ച മുതിർന്ന എം.എൽ.എയായ അരൂപ് റോയിയെ പാർട്ടിയുടെ ചെയർപേഴ്സണായി തിരഞ്ഞെടുത്തു. തൃണമൂൽ കോൺഗ്രസ് അധ്യക്ഷയായ മമത ബാനർജിയെ പാർട്ടി പദവികളിൽനിന്ന് നീക്കിയാണ് വിമതപക്ഷത്തിന്റെ നീക്കം.

കൂടാതെ, പാർട്ടിയുടെ ദേശീയ സെക്രട്ടറിയായ അഭിഷേക് ബാനർജിയെ സസ്​പെൻഡ് ചെയ്യുകയും ചെയ്തു. നിയമസഭക്ക് പുറത്ത് പാർട്ടിയുടെ സംഘടനാ തലത്തിലും വിമതപക്ഷം വെല്ലുവിളി ഉയർത്തുന്നതിന്റെ സൂചനയായി പുതിയ സംഭവ വികാസം. തൃണമൂൽ കോൺഗ്രസ് നേരിടുന്ന ഏറ്റവും ഗുരുതരമായ സംഘടനാ വെല്ലുവിളിയായി വിമത നേതാക്കളുടെ ​നീക്കം.

പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് സംഘടനാ തലത്തിലെ മാറ്റങ്ങളുടെ തീരുമാനം എടുത്തത്. ന്യൂ ടൗണിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു വിമത എം.എൽ.എമാർ ഉൾപ്പെടെ പ​ങ്കെടുത്ത നേതാക്കളുടെ യോഗം. അരൂപ് റോയ്, ഫിർഹാദ് ഹക്കിം, അരൂപ് ബിശ്വാസ്, ജാവേദ് ഖാൻ, സന്ദീപൻ സാഹ, അസിം ബോസ്, ജുയി ബിശ്വാസ്, താരക് സിങ് തുടങ്ങിയ മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. കൊൽക്കത്ത, ഹൗറ, മുർഷിദാബാദ്, ബെർഹാംപൂർ തുടങ്ങി നിരവധി ജില്ലകളിൽ നിന്നുള്ള വിമത എം.എൽ.എമാർ, കൗൺസിലർമാർ, മുൻ പ്രതിനിധികൾ എന്നിവരും യോഗത്തിനെത്തിയിരുന്നു. പാർട്ടിക്കുള്ളിലെ ‘ഭരണഘടനാ പ്രതിസന്ധി’ ചർച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചതെന്ന് വിമത വിഭാഗം പറഞ്ഞു.

പാർട്ടിയുടെ ഭരണഘടന പ്രകാരം ഓരോ മൂന്ന് വർഷത്തിലും സംഘടന പുനഃസംഘടിപ്പിക്കണമെന്നും 2022 ഫെബ്രുവരിയിൽ രൂപീകരിച്ച മുൻ കമ്മിറ്റി അതിന്റെ കാലാവധി പൂർത്തിയാക്കിയെന്നും യോഗത്തെ അഭിസംബോധന ചെയ്ത് ഋതബ്രത ബാനർജി പറഞ്ഞു. പിന്നീട് 30 അംഗ കമ്മിറ്റി രൂപവത്കരിച്ചു. അരൂപ് റോയിയെ പാർട്ടിയുടെ ചെയർപേഴ്സണായി തിരഞ്ഞെടുത്തു. ഫിർഹാദ് ഹക്കിം, അരൂപ് ബിശ്വാസ്, രതിൻ ഘോഷ്, സബീന യാസ്മിൻ എന്നിവരെ വൈസ് ചെയർപേഴ്‌സൺമാരായും, ഋതബ്രത ബാനർജി, ജാവേദ് ഖാൻ, സന്ദീപൻ സാഹ എന്നിവരെ ജനറൽ സെക്രട്ടറിമാരായും നിയമിച്ചു. അഖ്രുസ്സമാൻ അൻസാരിയെ ട്രഷററായി നിയമിച്ചു. നിലവിലെ നേതൃത്വം പാർട്ടി ഭരണഘടനയിൽ പറഞ്ഞിരിക്കുന്ന സംഘടനാ വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും വിമതപക്ഷം പറഞ്ഞു.

പശ്ചിമബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ നിരവധി എം.പിമാരും എം.എൽ.എമാരും മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പാർട്ടി നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. ബംഗാൾ നിയമസഭയിൽ പാർട്ടി നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു. കൂടാതെ 20എം.പിമാർ തൃണമൂൽ കോൺഗ്രസി​ൽനിന്ന് രാജിവെക്കുന്നതായും പ്രത്യേക ബ്ലോക്കായി പാർലമെന്റിൽ ഇരിപ്പിടം അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എയെ പിന്തുണക്കുമെന്നും വിമത എം.പിമാർ അറിയിച്ചിരുന്നു.

Show Full Article
TAGS:West Bengal Trinamool Congress Mamata Banerjee Abhishek Banerjee Ritabrata Banerjee 
News Summary - west bengal trinamool congress crisis rebel camp mamata banerjee party chief arup roy suspends abhishek banerjee
Next Story