'പപ്പ എവിടെയാണെന്ന് വിറക്കുന്ന ശബ്ദത്തോടെ അവൻ ചോദിക്കും, ഒരിക്കലും തിരിച്ചുവരില്ലെന്ന് എങ്ങനെയാണ് പറയുക'; ബിതാന് വെടിയേറ്റത് മകന്‍റെ കൺമുന്നിൽ...
text_fieldsഉറക്കത്തിൽ നിന്ന് ഉണരുമ്പോഴെല്ലാം അവൻ അച്ഛനെ അന്വേഷിക്കും. വിറക്കുന്ന ശബ്ദത്തോടെ ചോദിക്കും "പപ്പ എവിടെയാണ്? എവിടെയെങ്കിലും പോയിരിക്കുകയാണോ? എന്നാൽ ആ കുഞ്ഞു ചോദ്യത്തിന് ഉത്തരം പറയാൻ അവന്റെ അമ്മക്ക് വാക്കുകളില്ല. കശ്മീരിലെ പഹൽഗാമിന്റെ ഭീകരരുടെ വെടിയേറ്റ് മരിച്ചവരിൽ ഒരാളാണ് ആ മൂന്നര വയസ്സുകാരന്‍റെ പിതാവ് ബിതാൻ അധികാരി.
പശ്ചിമ ബംഗാൾ സ്വദേശിയായ അധികാരി ഏതാനും വർഷങ്ങൾക്ക് മുമ്പ് കുടുംബത്തോടൊപ്പം ഫ്ലോറിഡയിൽ സ്ഥിരതാമസമാക്കിയിരുന്നു. ഏപ്രിൽ എട്ടിന് ബന്ധുക്കളെ കാണാൻ കൊൽക്കത്തയിലേക്ക് മടങ്ങിയ അദ്ദേഹം അവിടെ നിന്നാണ് കുടുംബത്തോടൊപ്പം കശ്മീരിൽ എത്തിയത്. കുടുംബമായി സന്തോഷകരമായ ഒരു അവധിക്കാലം ആഘോഷിക്കുക എന്നതായിരുന്നു കശ്മീരിൽ എത്തുമ്പോൾ അവരുടെ ലക്ഷ്യം.
'ഞങ്ങൾ എവിടെ നിന്നാണെന്ന് അവർ ചോദിച്ചു, പിന്നീട് പുരുഷന്മാരെ വേർതിരിച്ചു, അവരുടെ മതം ചോദിച്ചു, അവരെ ഓരോരുത്തരെയായി വെടിവച്ചു. എന്റെ ഭർത്താവ് ഞങ്ങളുടെ കുട്ടിയുടെ മുന്നിൽ വെച്ച് കൊല്ലപ്പെട്ടു. ഇത് ഞാൻ എങ്ങനെ അവനോട് വിശദീകരിക്കും? അവൻ ഭയന്ന് ഉണർന്ന് എന്റെ കൈ പിടിച്ചുകൊണ്ട് 'അച്ഛൻ എവിടെ? എന്ന് അന്വേഷിക്കുന്നു. അവന്‍റെ അച്ഛൻ എന്നെന്നേക്കുമായി പോയി എന്ന് എങ്ങനെ പറയണമെന്ന് എനിക്കറിയില്ല' -അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു.
തന്റെ മകനോട് അവന്റെ അച്ഛൻ ഒരിക്കലും തിരിച്ചുവരാത്തതിന്റെ കാരണം ആരെങ്കിലും പറഞ്ഞുകൊടുക്കണമെന്ന് ആഗ്രഹിക്കുന്നതായി ബിതാന്‍റെ ഭാര്യ പറഞ്ഞു. ബിതാന് മാത്രമല്ല, ആ ദിവസം ജീവൻ നഷ്ടപ്പെട്ട ഓരോ നിരപരാധിക്കും നീതി വേണമെന്നും അവർ പറഞ്ഞു. നാട്ടിലില്ലെങ്കിലും രോഗികളായ മാതാപിതാക്കളുടെ ആരോഗ്യത്തെ കുറിച്ചും മറ്റ് കുടുംബകാര്യങ്ങളിലും അദ്ദേഹം വളരെ ശ്രദ്ധാലുവായിരുന്നു എന്നും ഇനി, ആരാണ് അവരെ പരിപാലിക്കുക എന്നുള്ള ആശങ്ക ബിതാന്‍റെ ബന്ധുക്കളും പങ്കുവെക്കുന്നുണ്ട്.