Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘വിദ്യാർഥികളെ കൊല്ലാൻ...

‘വിദ്യാർഥികളെ കൊല്ലാൻ ആരാണ് ഉത്തരവിട്ടത്?’; പെല്ലറ്റ് ആക്രമണത്തിൽ അമിത് ഷാ മറുപടി പറയണം, കത്തയച്ച് രാഹുൽ ഗാന്ധി

text_fields
bookmark_border
Rahul Gandhi
cancel
camera_alt

രാഹുൽ ഗാന്ധി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ പെല്ലറ്റ് തോക്ക് ഉപയോഗിച്ചതിൽ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഈ ആവശ്യം ഉന്നയിച്ച് രാഹുൽ കത്തെഴുതി.

രണ്ടു പേജുള്ള കത്ത് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. വിദ്യാർഥികളെ കൊല്ലാൻ ആരാണ് ഉത്തരവിട്ടതെന്നും രാഹുൽ ചോദിച്ചു. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ കടുത്ത ബലപ്രയോഗം നടത്തിയെന്ന് ആരോപിച്ച രാഹുൽ, പൊലീസ് നടപടിക്ക് ആരാണ് അനുമതി നൽകിയതെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. 2026 ജൂലൈ 20ന് ഡൽഹിയിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെയുണ്ടായ ക്രൂരമായ അതിക്രമത്തിൽ മറുപടി ആവശ്യപ്പെട്ടാണ് ഈ കത്തെഴുതുന്നത്. നീതിപൂർവവും ഉത്തരവാദിത്തമുള്ളതുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം മാത്രമാണ് വിദ്യാർഥികൾ ആവശ്യപ്പെട്ടത്. എന്നാൽ അവർക്ക് നേരിടേണ്ടി വന്നത് വലിയ അതിക്രമങ്ങളാണെന്നും രാഹുൽ കുറ്റപ്പെടുത്തി.

‘നമ്മുടെ വിദ്യാർഥികൾ നീതിപൂർവവും ഉത്തരവാദിത്തമുള്ളതുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, അവരുടെ വാക്കുകൾ കേൾക്കുന്നതിന് പകരം, മാരകായുധങ്ങളും കണ്ണീർവാതകവും ഉപയോഗിച്ച് അവരെ നേരിടുകയാണ് ചെയ്തത്. നൂറുകണക്കിന് ആളുകൾക്ക് ഗുരുതരമായി പരിക്കേറ്റു. വനിതാ വിദ്യാർഥികളുടെ സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പെടെ പൊലീസ് അതിക്രമം നടത്തി’ -രാഹുൽ കത്തിൽ പറയുന്നു.

പൊലീസ് നടപടിക്കിടെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചതായി ആരോപിച്ച രാഹുൽ ഗാന്ധി, പരിക്കേറ്റ ഒരു വിദ്യാർഥിയുടെ കാര്യവും ചൂണ്ടിക്കാട്ടി. മാരകമായ പെല്ലറ്റ് തോക്കുകളുടെ ഉപയോഗം ഞെട്ടിപ്പിക്കുന്നതാണ്. മാധ്യമപ്രവർത്തകൻ ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റ ആളുകളുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും കണ്ടതാണ്. പെല്ലറ്റ് തോക്ക് കൊണ്ട് മുറിവേറ്റ, ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുള്ള 19 കാരനായ സാഹിൽ ലോചാബ് എന്ന വിദ്യാർഥിയെ നേരിട്ടു കണ്ടതായും രാഹുൽ വ്യക്തമാക്കി. കഴിഞ്ഞദിവസം സാഹിലുമായാണ് രാഹുൽ മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. ഡൽഹിയിൽ വിന്യസിച്ചിരിക്കുന്ന സുരക്ഷേ സേന പ്രവർത്തിക്കുന്നത് കേന്ദ്ര അഭ്യന്തര മന്ത്രിക്കു കീഴിലാണെന്ന് ചൂണ്ടിക്കാട്ടിയ രാഹുൽ, അമിത് ഷായോട് രണ്ട് ചോദ്യങ്ങളും ഉന്നയിച്ചു.

ആഭ്യന്തര മന്ത്രി എന്ന നിലയിൽ, വിദ്യാർഥികൾക്കെതിരെ പെല്ലറ്റ് തോക്കുകൾ ഉൾപ്പെടെയുള്ള മാരക ആയുധങ്ങൾ ഉപയോഗിക്കാൻ താങ്കൾ അനുമതി നൽകിയിട്ടുണ്ടോ? ഇല്ലെങ്കിൽ ആരാണ് അതിന് അനുമതി നൽകിയത്? -രാഹുൽ കത്തിൽ ചോദിച്ചു. സാധാരണ വസ്ത്രം ധരിച്ച് വിദ്യാർഥികളെ ലാത്തികൊണ്ട് തല്ലിയവർ പൊലീസ് ഉദ്യോഗസ്ഥരാണോ അതോ വളന്‍റിയർമാരാണോ? അവരെ വിന്യസിക്കാൻ ആരാണ് അനുമതി നൽകിയതെന്നും കത്തിൽ ചോദിക്കുന്നു.

സമാധാനപരമായ പ്രതിഷേധം ജനാധിപത്യത്തിന്റെ ആണിക്കല്ലാണെന്ന് വിശേഷിപ്പിച്ച രാഹുൽ, പ്രതിഷേധക്കാരെ സംരക്ഷിക്കുകയും ചർച്ചയിലൂടെ അവരുടെ പരാതികൾ പരിഹരിക്കുകയുമാണ് സർക്കാറിന്റെ ഉത്തരവാദിത്തമെന്നും ഓർമപ്പെടുത്തി. രാജ്യത്തിന്‍റെ ഭാവി പ്രതീക്ഷകളായ യുവജനങ്ങളും വിദ്യാർഥികളും ഇതിനുള്ള മറുപടിയാണ് ആവശ്യപ്പെടുന്നത്. അവരുടെ ശബ്ദം ഉയർന്നുകേൾക്കുമെന്നും രാഹുൽ കത്തിൽ സൂചിപ്പിക്കുന്നു.

Show Full Article
TAGS:Rahul Gandhi Amit Shah CJP Protest 
News Summary - Who gave the order to kill the students?" asked Rahul Gandhi
Next Story