ആഫ്രിക്കൻ കമ്പനിയിൽ ജോലി ചെയ്യവെ പ്രണയം മൊട്ടിട്ടു; ചൈനീസ് പെൺകുട്ടി ഉത്തർപ്രദേശിന്റെ മരുമകളായത് ഇങ്ങനെ...
text_fieldsചൈനക്കാരിയായ ഷിയാവോ വിവാഹം ചെയ്തിരിക്കുന്നത് യു.പി സ്വദേശിയായ അഭിഷേക് രാജ്പുട്ടിനെയാണ്. ഹിന്ദുമതാചാരപ്രകാരമായിരുന്നു വിവാഹം. അവരുടെ പ്രണയ കഥ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സോഫ്റ്റ്വെയർ എൻജിനീയറാണ് ബിജ്നോറിലെ മൊർന ഗ്രാമത്തിൽ താമസിക്കുന്ന അഭിഷേക്.
അഞ്ചുവർഷം മുമ്പ് ആഫ്രിക്കയിൽ വെച്ചാണ് അഭിഷേക് ഷിയോവോയെ കണ്ടുമുട്ടിയത്. ഒരേ കമ്പനിയിലെ ജീവനക്കാരായിരുന്നു ഇരുവരും. അധികം വൈകാതെ തന്നെ രണ്ടുപേരും സുഹൃത്തുക്കളായി. സൗഹൃദത്തിന്റെ എക്സ്റ്റൻഷൻ ആണല്ലോ പ്രണയം. രണ്ടുപേരും പ്രണയത്തിലേക്ക് വീഴാനും താമസമുണ്ടായില്ല. ഒടുവിൽ അഭിഷേക് വീട്ടുകാരുടെ സമ്മതത്തോടെ ഷിയാവോയെ ജീവിതത്തിലേക്ക് കൂട്ടി. വീട്ടിലെ ഒറ്റക്കുട്ടിയാണ് അഭിഷേക്. അതിനാൽ വിവാഹം വലിയ ആഘോഷത്തോടെയാണ് കുടുംബം കൊണ്ടാടിയത്.
ചൈനയിലെ ഷാങ്ക്സി പ്രവിശ്യയാണ് ഷിയാവോയുടെ സ്വദേശം. അംഗോളയിലെ ടിസ്ടെക് ഐ.ടി കമ്പനിയിലായിരുന്നു ജോലി. ഷിയാവോയും മാതാപിതാക്കളുടെ ഒറ്റക്കുട്ടിയാണ്. വിസ സംബന്ധമായ പ്രശ്നങ്ങളാൽ അവളുടെ മാതാപിതാക്കൾക്ക് വിവാഹത്തിൽ സംബന്ധിക്കാനായില്ല. അതിനാൽ ഷിയാവോ ഒറ്റക്കാണ് ഇന്ത്യയിലേക്ക് വന്നത്. ഇന്ത്യൻ ആചാരങ്ങളെ കൗതുകത്തോടെയാണ് ഷിയാവോ കണ്ടത്.
2024 സെപ്റ്റംബർ 25ന് ചൈനയിൽവെച്ചും ഇവർ രേഖാമൂലം വിവാഹിതരായിരുന്നു. എന്നാൽ ഹിന്ദു ആചാരം മുറുകെ പിടിക്കുന്ന അഭിഷേകിന് പരമ്പരാഗത രീതിയിൽ വിവാഹം നടത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിന് ഷിയാവോ സമ്മതിക്കുകയും ചെയ്തു. അങ്ങനെ ഹിന്ദു ആചാരപ്രകാരം ആ വിവാഹം നടന്നു.
ഈ വർഷം ഏപ്രിൽ ആദ്യവാരമാണ് അംഗോളയിൽ നിന്ന് അഭിഷേക് നാട്ടിലെത്തിയത്. ചൈനീസ് പെൺകുട്ടിയുമായി പ്രണയത്തിലാണെന്ന കാര്യം മാതാപിതാക്കളോട് സൂചിപ്പിച്ചിരുന്നു. മകന്റെ ആഗ്രഹത്തിന് അവർ തടസ്സം നിന്നില്ല. വിവാഹത്തിന് മുൻകൈ എടുക്കുകയും ചെയ്തു.