പൊട്ടിക്കരഞ്ഞ് പ്രിയതമന് ഹിമാൻഷിയുടെ ജയ് ഹിന്ദ്; ‘വിനയ് നല്ലൊരു ജീവിതം നയിച്ചു, നമ്മളെ അഭിമാനഭരിതരാക്കി’
text_fieldsപഹൽഗാമിൽ ഭീകരരുടെ വെടിയേറ്റ് മരിച്ച കൊച്ചിയിലെ നാവിക ഉദ്യോഗസ്ഥൻ ലഫ്. വിനയ് നർവാളിന്റെ മൃതദേഹത്തിന് മുമ്പിൽ വിതുമ്പുന്ന ഭാര്യ ഹിമാൻഷി
ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നാവികസേന ഉദ്യോഗസ്ഥൻ ലഫ്റ്റനന്‍റ് വിനയ് നർവാലിന് അന്ത്യാഭിവാദ്യം നൽകി പ്രിയതമ ഹിമാൻഷി. ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലെ കാർഗോ ടെർമിനലിൽ നാവികസേന ഒരുക്കിയ ചടങ്ങിലാണ് വിനയ് നർവാലിന് ഹിമാൻഷി അന്ത്യാഭിവാദ്യം അർപ്പിച്ചത്.
പ്രിയതമന്‍റെ ഭൗതികശരീരത്തിന് മുമ്പിൽ നിന്ന് പൊട്ടിക്കരഞ്ഞ ഹിമാൻഷി 'ജയ് ഹിന്ദ്' എന്ന് വിളിച്ചു പറഞ്ഞു. 'പ്രിയതമന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നു. നല്ലൊരു ജീവിതം നയിച്ചു. അദ്ദേഹം നമ്മളെ ശരിക്കും അഭിമാനഭരിതരാക്കി. ഈ അഭിമാനം എല്ലാ വിധത്തിലും നിലനിർത്തണം' -വികാരഭരിതയായി ഇടറുന്ന ശബ്ദത്തിൽ ഹിമാൻഷി പറഞ്ഞു.
കാർഗോ ടെർമിനലിൽ ഒരുക്കിയ ചടങ്ങിൽ വിനയ് നർവാലിന് നാവികസേന അന്തിമോപചാരം നൽകി. ചടങ്ങിൽ ഡൽഹി മുഖ്യമന്ത്രി, നാവികസേന സഹ ഓഫീസർമാർ, കുടുംബാംഗങ്ങൾ, വിശിഷ്ട വ്യക്തികൾ എന്നിവരും ആദരാഞ്ജലി അർപ്പിച്ചു. വിനയ് നർവാലിന്‍റെ ഭൗതികശരീരം ജന്മസ്ഥലമായ ഹരിയാനയിലെ കർണാലിൽ സംസ്കരിക്കും.
ഏപ്രിൽ 16നായിരുന്നു കൊച്ചി ദക്ഷിണ നാവിക ആസ്ഥാനത്തെ ഉദ്യോഗസ്ഥനായിരുന്ന വിനയ് നർവാലിന്‍റെയും ഹിമാൻഷിയുടെയും വിവാഹം നടന്നത്. യൂറോപ്പിൽ മധുവിധു ആഘോഷിക്കാനാണ് നർവാലും ഹിമാൻഷിയും പദ്ധതിയിട്ടിരുന്നത്.
എന്നാൽ, വിസ പ്രശ്നങ്ങൾ കാരണം പിന്നീട് ഒഴിവാക്കുകയായിരുന്നു. വിവാഹാഘോഷങ്ങള്‍ക്ക് ശേഷം അവധിയെടുത്ത് 19നാണ് നവദമ്പതികൾ കശ്മീരിലേക്ക് പോകുന്നത്. ഏപ്രിൽ 22ന് പഹൽഗാമിലെ ഹോട്ടലിലെത്തിയ ഇരുവരും ഭക്ഷണം കഴിച്ച ശേഷമാണ് പുൽമേട്ടിലേക്ക് പോയത്.
പഹൽഗാമിലെ ബൈസരൻ വാലിയിൽ മധുവിധു ആഘോഷങ്ങൾക്കിടെയാണ് ഭീകരർ പ്രിയതമയുടെ മുമ്പിൽ വെച്ച് വിനയിനെ വെടിവെച്ച് വീഴ്ത്തിയത്. ബൈസരൻ പുൽമേട്ടിൽ മരിച്ചു കിടക്കുന്ന പ്രിയതമന്‍റെ സമീപത്ത് നിസ്സഹയതോടെ ഇരിക്കുന്ന ഹിമാൻഷിയുടെ ചിത്രം ഹൃദയഭേദകമായിരുന്നു.