Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുലിന്റെ...

രാഹുലിന്റെ ലാറ്റിനമേരിക്കൻ പര്യടനത്തിൽ ചരിത്രം ആവർത്തിക്കുമോ?

text_fields
bookmark_border
രാഹുലിന്റെ ലാറ്റിനമേരിക്കൻ പര്യടനത്തിൽ ചരിത്രം ആവർത്തിക്കുമോ?
cancel

നാല് ലാറ്റിനമേരിക്കൻ രാജ്യങ്ങൾ സന്ദർശിക്കുകയാണിപ്പോൾ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബ്രസീൽ, കൊളംബിയ, പെറു, ചിലി എന്നിവയാണവ. ഇടതുപക്ഷ സർക്കാറുകളാണ് ഇവിടങ്ങളിൽ ഭരിക്കുന്നത്. ശക്തമായ സോഷ്യലിസ്റ്റ് പാരമ്പര്യമുള്ള നേതാക്കളാണ് ഈ രാജ്യങ്ങളെ നയിക്കുന്നത്. അതേസമയം, വലതുപക്ഷ മുതലാളിത്ത വാദിയായ ജാവിയർ മിലിയുടെ ഭരണത്തിൻ കീഴിലുള്ള അർജന്റീനയെ രാഹുൽ യാത്രയിൽനിന്ന് ഒഴിവാക്കുകയും ചെയ്തു.

രണ്ടു ടേമുകളിലായി ഡസൻ കണക്കിനു വിദേശ യാത്രകൾ നടത്തിയിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനത്തിനായി തെരഞ്ഞെടുക്കാത്ത (ബ്രസീൽ ഒഴികെ) രാജ്യങ്ങളി​ലേക്കുള്ള യാത്രകൾക്ക് പ്രത്യേക ലക്ഷ്യമുണ്ട്. കാവി ഭരണകൂടം പിന്തുണക്കുന്ന ഏകധ്രുവ ലോകത്തിൽ നിന്ന് ഭിന്നമാണത്. ബഹു ധ്രുവ ലോകത്തെയാണ് രാഹുൽ അതിനു പകരം വെക്കുന്നത്. അത്തരമൊരു ബദൽ ലോകത്തിന്റെ പ്രധാന്യം നാൾക്കുനാൾ വർധിച്ചുവരുമ്പോൾ ചരിത്രപരമായ പൈതൃകത്തിന്റെ തന്ത്രപരമായ തുടർച്ച കൂടി പേറുന്നു ഈ നിർണായക സന്ദർശനം.

ചേരിചേരാ പ്രസ്ഥാനത്തിലൂടെയും ആഗോള ഐക്യദാർഢ്യത്തിലൂടെയും ബഹുധ്രുവ ലോകക്രമത്തോടുള്ള പ്രതിബദ്ധതയിലൂടെയും ദീർഘകാല ബന്ധങ്ങൾ പുലർത്തിപ്പോന്നവരാണ് ഇന്ത്യയും ലാറ്റിനമേരിക്കയും. ചേരി ചേരാ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിലും അതിന്റെ വികാസത്തിലും നേതൃപരമായ പങ്കാണ് ഇന്ത്യ വഹിച്ചത്. അതിനു മുൻകയ്യെടുത്തതാവട്ടെ രാഹുൽ ഗാന്ധിയുടെ മുതു മുത്തച്ഛനായ ജവഹർലാൽ നെഹ്റുവും.

എന്നാൽ, നരേന്ദ്ര മോദിയുടെ ഭരണകാലയവിൽ ഈ രാജ്യങ്ങളുടെ എതിർ ചേരിയിലേക്ക് ഇന്ത്യ പ്രത്യക്ഷമായി കളംമാറി. ​ലോക സമാധാനത്തിൽ ചരിത്രപരമായുണ്ടായിരുന്ന പ്രതിബദ്ധതയും ഉത്തരവാദിത്തങ്ങളും ദൂരേക്ക് എറിഞ്ഞ് അമേരിക്ക നേതൃത്വം നൽകുന്ന തീവ്ര വലതുപക്ഷ രാഷ്ട്രീയത്തെ പുൽകുന്ന കാഴ്ചയായിരുന്നു പിന്നീടങ്ങോട്ട്. ആ ബന്ധത്തെ പുഷ്ടിപ്പെടുത്തുന്ന യാത്രകൾ ആയിരുന്നു ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയുടേത്.

കൊളോണിയൽ ഭരണത്തിൽനിന്നുള്ള സ്വാതന്ത്ര്യ പോരാട്ടത്തിന്റെ നാളുകളിൽ, സോവിയറ്റ് യൂണിയനും അമേരിക്കയും നയിക്കുന്ന ശീതയുദ്ധ സമ്മർദങ്ങളിൽ നിന്ന് മാറിനിന്ന് രാജ്യത്തിന്റെ പരമാധികാരം നിലനിർത്താനുള്ള താൽപര്യത്തിലാണ് ഇന്ത്യയുടെ ചേരിചേരാ നയം (നാം) വേരൂന്നിയിരുന്നത്. പുതുതായി സ്വതന്ത്രരായ രാജ്യങ്ങളെ ശീതയുദ്ധ സംഘർഷങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുന്നത് ഒഴിവാക്കാനും വികസനത്തിലേക്ക് സ്വന്തം പാത പിന്തുടരാനും കഴിയുന്ന ഒരു ലോകം അതിലൂടെ നെഹ്റു വിഭാവനം ചെയ്തു.

യു.എസ് നയിക്കുന്ന പാശ്ചാത്യ കൂട്ടായ്മയുമായോ സോവിയറ്റ് യൂനിയൻ നയിക്കുന്ന കിഴക്കൻ കൂട്ടായ്മയുമായോ സഖ്യങ്ങൾ ഒഴിവാക്കിക്കൊണ്ട് വിദേശനയത്തിൽ സ്വാതന്ത്ര്യം നിലനിർത്താൻ ഇന്ത്യ ലക്ഷ്യമിട്ടു. രാജ്യങ്ങളുടെ സ്വതന്ത്ര പരമാധികാരത്തിനു പുറമെ സമാധാനപരമായ പരസ്പര സഹവർത്തിത്വം, കൊളോണിയലിസത്തിനെതിരായ നിലപാട്, വംശീയതക്കും വർണവിവേചനത്തിനും എതിരായ നയം എന്നിവയായിരുന്നു അതിന്റെ കാതൽ.

വികസ്വര രാജ്യങ്ങൾക്കും പുതുതായി സ്വതന്ത്രരായ രാഷ്ട്രങ്ങൾക്കും വേണ്ടി കോളനിവൽക്കരണം, സാമ്പത്തിക വികസനം, സമാധാനം എന്നിവക്കായി വാദിക്കുന്ന ഒരു പ്രധാന ശബ്ദമായി ‘നാമി’നെ രൂപപ്പെടുത്താൻ ഇന്ത്യയുടെ നേതൃത്വം സഹായിച്ചു. ഈ നാല് രാജ്യങ്ങളിൽ പെറുവാണ് ചേരിചേരാ പ്രസ്ഥാനത്തിൽ ഇന്ത്യക്കൊപ്പം ഏറ്റവും സജീവമായി പ്രവർത്തിച്ചത്.

ചതുർരാഷ്ട്ര പര്യടനത്തിൽ രാഹുൽ ഗാന്ധിയുടെ ആദ്യ സ്റ്റോപ്പ് കൊളംബിയ ആയിരുന്നു. അടുത്തിടെ ആദ്യത്തെ ഇടതുപക്ഷ സർക്കാറിനെ തെരഞ്ഞെടുത്ത് ചരിത്രം സൃഷ്ടിച്ച രാജ്യമാണ് കൊളംബിയ.

ചിലിയിൽ, ഗബ്രിയേൽ ബോറിക് സോഷ്യലിസത്തിന്റെ പുതിയ തരംഗത്തിലൂടെ സഞ്ചരിക്കുന്നു. വിദ്യാർഥി പ്രതിഷേധങ്ങളിൽ നിന്നുയർന്നുവന്ന 39 കാരനായ പ്രസിഡന്റ് സാമൂഹിക സമത്വം, കാലാവസ്ഥാ നടപടികൾ എന്നിവക്കായി വാദിക്കുന്ന നേതാവാണ്. ചിലിയൻ ഏകാധിപതിയായ പിനോഷെയുടെ കാലഘട്ടത്തിലെ നവലിബറൽ പാരമ്പര്യത്തെ തിരുത്തിയെഴുതാനും അദ്ദേഹം ശ്രമിക്കുന്നു.

തടവും രാഷ്ട്രീയ ധ്രുവീകരണവും അടയാളപ്പെടുത്തിയ പ്രക്ഷുബ്ധമായ ഇടവേളക്കു ശേഷം 2023ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മടങ്ങിയെത്തിയതാണ് ബ്രസീലിലെ ലൂയിസ് ഇനാസിയോ ലുല ഡ സിൽവ. വർക്കേഴ്‌സ് പാർട്ടിയുടെ സ്ഥാപകനെന്ന നിലയിൽ ഭൂപരിഷ്കരണവും പരിസ്ഥിതി സംരക്ഷണവും വരെയുള്ള ലുലയുടെ നയങ്ങൾ ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കുകയും സാമ്പത്തിക വളർച്ചയെ സാമൂഹിക നീതിയുമായി സന്തുലിതമാക്കുകയും ചെയ്തു.

രാഹുൽ തുടക്കമിടുമോ?

ബാഹ്യ അധിനിവേശങ്ങളിലൂടെയും വംശഹത്യകളിലൂടെയും ആഭ്യന്തര കലാപങ്ങളിലൂടെയും രാഷ്ട്രങ്ങളുടെ പരമാധികാരം കടുത്ത വെല്ലുവിളി നേരിടുന്ന നിലവിലെ ലോകക്രമത്തിൽ ശാക്തിക രാജ്യങ്ങൾക്കെതിരായ ഒരു അഭിനവ ചേരിക്കായി മുറവിളി ഉയരാൻ തുടങ്ങിയിട്ടുണ്ട്. അത്തരമൊരു സന്ദർഭത്തിൽ അതിന് തുടക്കമിടാൻ രാഹുലിന്റെ ഈ യാത്രക്ക് കഴിയുമോ? അങ്ങനെ സംഭവിച്ചാൽ ആധുനിക യുഗത്തിൽ ഇന്ത്യയുടെ ഏറ്റവും മഹത്തരമായ സംഭാവനയായി സമാധാന കാംക്ഷികൾ അതിനെ വിലയിരുത്തും.

സമീപകാലത്തായി രാഹുൽ രാജ്യത്തിനകത്ത് നടത്തിയ യാത്രകൾക്ക് ഒരു പഠന സ്വഭാവം കൂടി ഉണ്ടായിരുന്നു. അടിത്തട്ടുകാരെയും സാധാരണക്കാരെയും അവരുടെ അനുഭവങ്ങളെയും നേരിട്ട് കേൾക്കാനും അറിയാനുമുള്ള ശ്രമം അതിലെല്ലാം ദൃശ്യമായിരുന്നു. അതിനുശേഷം നടത്തുന്ന രാജ്യാന്തര യാത്രയും അതിൽനിന്ന് ഭിന്നമല്ലെന്നാണ് കോൺഗ്രസ് നേതൃത്വം സൂചിപ്പിക്കുന്നത്.

രാഹുൽ ഗാന്ധി രാഷ്ട്രീയ നേതാക്കൾ, വിദ്യാർഥികൾ, വ്യവസായികൾ എന്നിവരുമായി സംവദിക്കുമെന്നും ഒന്നിലധികം രാജ്യങ്ങളിലെ പ്രസിഡന്റുമാരുമായും മുതിർന്ന നേതാക്കളുമായും കൂടിക്കാഴ്ചകൾ നടത്തുകയും ജനാധിപത്യപരവും തന്ത്രപരവുമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും പാർട്ടി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വ്യാപാരം, സാങ്കേതികവിദ്യ, സുസ്ഥിരത, ജനങ്ങൾ തമ്മിലുള്ള ആശയവിനിമയം എന്നിവയിൽ സഹകരണത്തിന്റെ പുതിയ വഴികൾ തുറക്കുക എന്നതും ലക്ഷ്യമാണ്.

വരും തലമുറയിലെ ആഗോള നേതാക്കളുമായി സംഭാഷണം നടത്തുക ലക്ഷ്യമിട്ട് ബ്രസീൽ, കൊളംബിയ സർവകലാശാലകളിലെ വിദ്യാർഥികളുമായും അദ്ദേഹം സംവദിക്കും. ആഗോള തലത്തിൽ നടക്കുന്ന സംഘർഷങ്ങളോട് ഏറ്റവും സജീവമായി പ്രതികരിക്കുന്ന വിദ്യാർഥി സമൂഹമാണ് ഇവിടങ്ങളിലുള്ളത്.

യു.എസ് താരിഫുകളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വ്യാപാരവും പങ്കാളിത്തവും വൈവിധ്യവൽക്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിന് ബിസിനസ്സ് നേതാക്കളുമായി ഇടപഴകുമെന്നും കോൺഗ്രസ് നേതൃത്വം പറയുന്നു.

അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ രൂപപ്പെടുത്തുന്നതിലും സമാധാനത്തിനായുള്ള ഇന്ത്യയുടെ ആഗോള പരി​ശ്രമം മുന്നോട്ട് കൊണ്ടുപോകുന്നതിലും രജ്യത്തി​ന്റെ ജനാധിപത്യ പ്രതിപക്ഷത്തിന്റെ അനിവാര്യമായ പങ്കാണ് ഇവയെല്ലാം അടിവരയിടുന്നത്.

Show Full Article
TAGS:Rahul Gandhi four nation tour Non Aligned Movement Jawaharlal Nehru India latin america cold war 
News Summary - Will history repeat itself on Rahul's Latin America tour?
Next Story